ബംഗളൂരു: ധർമസ്ഥലയിൽ പരാതിക്കാരന്റെ വെളിപ്പെടുത്തൽ അന്വേഷണത്തിന് സംസ്ഥാന സർക്കാർ രൂപവത്കരിച്ച എസ്.ഐ.ടിയുടെ പ്രവർത്തനം തികച്ചും സ്വതന്ത്രമാണെന്നും അന്വേഷണത്തിൽ ഇടപെടാൻ ഒരു ഫോൺ വിളി പോലും നടത്തുന്നില്ലെന്നും ആഭ്യന്തര മന്ത്രി ഡോ.ജി. പരമേശ്വര വ്യാഴാഴ്ച നിയമസഭയിൽ പറഞ്ഞു. ബി.ജെ.പി അംഗങ്ങൾ അന്വേഷണത്തിന്റെ സുതാര്യതയിൽ പ്രകടിപ്പിച്ച ആശങ്കക്കും ധർമസ്ഥലയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന ആക്ഷേപത്തിനും മറുപടി പറയുകയായിരുന്നു മന്ത്രി. അന്വേഷണത്തിൽ അസ്ഥികൾ കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ ആഭ്യന്തര മന്ത്രി വെളിപ്പെടുത്തൽ നടത്തിയ വ്യക്തി നൽകിയ വിവരങ്ങൾ തെറ്റാണെങ്കിൽ നടപടിയുണ്ടാകുമെന്ന് കൂട്ടിച്ചേർത്തു.
നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണത്തിനാണ് ഊന്നൽ. രാഷ്ട്രീയമോ മതമോ ഉൾപ്പെടരുത്. നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ സത്യം പുറത്തുവരണം. അന്വേഷണത്തിന്റെ ഭാഗമായി ധർമസ്ഥലയിലെ നേത്രാവതി നദിയുടെ തീരത്തുള്ള വനപ്രദേശങ്ങളിലെ പരാതിക്കാരനും സാക്ഷിയും തിരിച്ചറിഞ്ഞ സ്ഥലങ്ങളിൽ എസ്.ഐ.ടി അന്വേഷണം നടത്തിവരുകയാണ്. ഇവിടെ രണ്ട് സ്ഥലങ്ങളിൽ നിന്ന് ഇതുവരെ ചില അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഈ വിഷയം രാഷ്ട്രീയമോ മതപരമോ ആയ വഴിത്തിരിവുകളിലേക്ക് നീങ്ങരുത് എന്നതാണ് ഏക അഭ്യർഥന. സർക്കാർ ഒരു സമ്മർദത്തിനും വഴങ്ങിയല്ല എസ്.ഐ.ടി രൂപവത്കരിച്ചത്. ഭാവിയിൽ അങ്ങനെ ചെയ്യുകയുമില്ല. സത്യം പുറത്തുകൊണ്ടുവരുന്നതിലും നീതി ഉറപ്പാക്കുന്നതിലുമാണ് ശ്രദ്ധ. താനടക്കം ഭരണപക്ഷത്തുള്ള എല്ലാവർക്കും ധർമസ്ഥലയോട് വലിയ ബഹുമാനവും ഭക്തിയുമുണ്ട്. താൻ നിരവധി തവണ ക്ഷേത്രം സന്ദർശിച്ചിട്ടുള്ളയാളാണ്.
രാജ്യവ്യാപകമായും ആഗോളതലത്തിലും ധർമസ്ഥലക്ക് ആദരവുണ്ട്. ധർമാധികാരി വീരേന്ദ്ര ഹെഗ്ഡെ എം.പിയുടെ നേതൃത്വത്തിൽ ക്ഷേത്രവും അതിലെ സ്ഥാപനങ്ങളും സ്ത്രീക്ഷേമത്തെ പിന്തുണക്കുകയും ആയിരക്കണക്കിന് വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ, ആരോപണങ്ങൾക്ക് പിന്നിലെ സത്യം പുറത്തുവരേണ്ടതല്ലേ? അത്തരം അവകാശവാദങ്ങൾ നിലനിൽക്കാൻ അനുവദിക്കണോ? സത്യം കണ്ടെത്തുന്നതിനാണ് എസ്.ഐ.ടി രൂപവത്കരിച്ചത്, അതുവഴി ആരോപണം നേരിടുന്നവരോട് നീതിപൂർവം പെരുമാറും’- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.