ചലച്ചിത്ര താരങ്ങളായ ദർശൻ, പവിത്ര ഗൗഡ
ബംഗളൂരു: ആരാധകനായ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിൽ കന്നട നടൻ ദർശൻ തൂഗുദീപയുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി. കേസിലെ രണ്ടാം പ്രതിയായ ദർശൻ, ഒന്നാം പ്രതി നടി പവിത്ര ഗൗഡ എന്നിവരടക്കം ഏഴുപേർക്ക് കർണാടക ഹൈകോടതി അനുവദിച്ച ജാമ്യമാണ് കർണാടക സർക്കാറിന്റെ അപ്പീൽ പരിഗണിച്ച് ജസ്റ്റിസ് പാർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ഇതിനു പിന്നാലെ ആദ്യം പവിത്ര ഗൗഡയെയും പിന്നീട് ദർശനെയും ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.
ബംഗളൂരു ഹൊസകരെ ഹള്ളിയിലെ ഭാര്യ വിജയലക്ഷ്മിയുടെ വസതിയിൽ വെച്ചാണ് ദർശനെ പിടികൂടിയത്. അറസ്റ്റ് ഒഴിവാക്കി കോടതിയിൽ കീഴടങ്ങാനായിരുന്നു ദർശന്റെ ശ്രമം. എന്നാൽ, താമസസ്ഥലം നിരീക്ഷിച്ച ബംഗളൂരു പൊലീസ് കോടതി വിധിക്ക് ശേഷം അറസ്റ്റിലേക്ക് കടക്കുകയായിരുന്നു.
ദർശന് ജാമ്യം നൽകിയ ഹൈകോടതി നടപടിയെ സുപ്രീംകോടതി വിധിയിൽ വിമർശിച്ചു. ഇടക്കാല ആശ്വാസമെന്നതിലപ്പുറം അന്തിമവിധി പോലെയാണ് ഹൈകോടതി ജാമ്യ ഉത്തരവെന്നും എത്ര ഉന്നതരായാലും എല്ലാവരെയും തുല്യരായി പരിഗണിക്കണമെന്നും വ്യക്തമാക്കിയ സുപ്രീംകോടതി, ദർശന് ജാമ്യം അനുവദിച്ചതിലൂടെ ഹൈകോടതിക്ക് തെറ്റുപറ്റിയതായും ചൂണ്ടിക്കാട്ടി. ജാമ്യം അനുവദിക്കാൻ നിയമപരമായ കാരണങ്ങളില്ലെന്നും ഇത്തരം തെറ്റുകൾ ആവർത്തിക്കരുതെന്നും ഹൈകോടതിക്ക് മുന്നറിയിപ്പ് നൽകി.
ജയിലിൽ വി.ഐ.പി പരിഗണന അനുവദിക്കരുതെന്ന് സംസ്ഥാന, ജയിൽ അധികൃതർക്ക് നിർദേശം നൽകി. ജയിലിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയാൽ ജയിൽ സൂപ്രണ്ടിനെതിരെ കടുത്ത നടപടിയുണ്ടാവുമെന്നും ജസ്റ്റിസ് പർദിവാല മുന്നറിയിപ്പ് നൽകി. പ്രതികൾ ജയിലിന് പുറത്തുകഴിയുന്നതിനാൽ സാക്ഷികളെ സ്വാധീനിക്കാനും അതുവഴി കേസിന്റെ വിചാരണ അട്ടിമറിക്കപ്പെടാനും സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ദർശന്റെ സുഹൃത്തുകൂടിയായ പവിത്രഗൗഡക്ക് ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമി (33) അശ്ലീല സന്ദേശങ്ങളയച്ചതുമായി ബന്ധപ്പെട്ടായിരുന്നു കൊലപാതകം. ദർശന്റെ അനുയായികൾ രേണുക സ്വാമിയെ ബംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുവരുകയും ദർശന്റെ നേതൃത്വത്തിൽ ആർ.ആർ നഗറിലെ ഗാരേജിൽവെച്ച് ക്രൂരമായ മർദനത്തിനിരയാക്കി കൊലപ്പെടുത്തുകയുമായിരുന്നു.
കഴിഞ്ഞ വർഷം ജൂൺ ഒമ്പതിന് സുമനഹള്ളിയിലെ അഴുക്കുചാലിൽ രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് ദർശനിലേക്കും പവിത്ര ഗൗഡയിലേക്കും എത്തിച്ചേർന്നത്. തുടർന്ന് ജൂൺ 11ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. വിചാരണ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് കേസിലെ പ്രതികൾ ഹൈകോടതിയെ സമീപിച്ചത്. കഴിഞ്ഞ ഡിസംബർ 13നാണ് ഇരുവർക്കും കർണാടക ഹൈകോടതി ജാമ്യം അനുവദിച്ചത്.
വിധി സ്വാഗതംചെയ്ത് രേണുക സ്വാമിയുടെ കുടുംബം
ബംഗളൂരു: രേണുക സ്വാമി കൊലപാതക കേസിൽ മുഖ്യപ്രതി നടി പവിത്ര ഗൗഡ, രണ്ടാം പ്രതി നടൻ ദർശൻ എന്നിവരടക്കം മുഴുവൻ പ്രതികളുടെയും ജാമ്യ ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കൊല്ലപ്പെട്ട രേണുക സ്വാമിയുടെ കുടുംബം.
വിധിയിലൂടെ നീതിയിലുള്ള വിശ്വാസം വർധിച്ചതായി രേണുക സ്വാമിയുടെ പിതാവ് ശിവനഗൗഡ പ്രതികരിച്ചു. സർക്കാറിലും നിയമവ്യവസ്ഥയിലും പൊലീസിലുമുള്ള തങ്ങളുടെ വിശ്വാസം വർധിച്ചു.
സർക്കാറിന് നന്ദി പറയുന്നു. കൊല്ലപ്പെട്ട മകന് ശാന്തി ലഭിക്കണമെങ്കിൽ കുറ്റകൃത്യം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നതായിരുന്നു ലക്ഷ്യം. പാവപ്പെട്ടവനാകട്ടെ, പണക്കാരനാവട്ടെ, നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് ബോധ്യപ്പെടാൻ സുപ്രീംകോടതി വിധി കാരണമായി -ശിവനഗൗഡ പറഞ്ഞു.
നിയമം എല്ലാവർക്കും ഒരുപോലെ -നടി രമ്യ
ബംഗളൂരു: രേണുക സ്വാമി വധക്കേസിൽ കന്നട സൂപ്പർസ്റ്റാർ ദർശൻ തൂഗുദീപക്കും മറ്റ് ആറുപേർക്കും അനുവദിച്ച ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി വിധിയെ നടിയും മുൻ എം.പിയുമായ രമ്യ സ്വാഗതം ചെയ്തു. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നതിന്റെ ശക്തമായ സ്ഥിരീകരണമാണിതെന്ന് അവർ പറഞ്ഞു.
“രേണുക സ്വാമി കൊലപാതകക്കേസിൽ ദർശന്റെയും മറ്റുള്ളവരുടെയും ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി വിധി ശക്തമായ ഒരു സന്ദേശം നൽകുന്നു -നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. ബാക്കിയുള്ളവരോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു -നടപടിക്രമങ്ങൾ പാലിക്കുക, നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം നിലനിർത്തുക -ഇത് നീണ്ടതും കഠിനവുമാണ്, പക്ഷേ തുരങ്കത്തിന്റെ അറ്റത്ത് വെളിച്ചമുണ്ട്. നിയമം നിങ്ങളുടെ കൈകളിൽ എടുക്കരുത്, നീതി നടപ്പാക്കപ്പെടും’’-ഇൻസ്റ്റഗ്രാം പോസ്റ്റിൽ രമ്യ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.