മംഗളൂരു: ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെൺകുട്ടികളുടേയും യുവതികളുടേയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടി എന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം പുരോഗമിക്കുന്ന ധർമസ്ഥലയിൽ ബി.ജെ.പി എം.എൽ.എമാരും എം.എൽ.സിമാരും സന്ദർശിക്കും.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയുടെ നേതൃത്വത്തിലാവും സന്ദർശനം. നിയമസഭ സമ്മേളനം നടക്കുന്നതിന്റെ ഒഴിവ് ദിനത്തിൽ ധർമസ്ഥല ക്ഷേത്ര ദർശനം നടത്തുന്ന സംഘം ധർമസ്ഥല ധർമാധികാരി ഡോ. ഡി. വീരേന്ദ്ര ഹെഗ്ഡെ എം.പിയെ പിന്തുണ അറിയിക്കും. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) തെളിവെടുപ്പ് നടത്തുന്ന ഭാഗത്തേക്ക് പോകില്ലെന്നും ധർമസ്ഥല മഞ്ജുനാഥ സ്വാമിക്ഷേത്രത്തിൽ ദർശനം നടത്തുകയാണ് ലക്ഷ്യമെന്നും വിജയേന്ദ്ര പറഞ്ഞു.
ബി.ജെ.പി നേതാക്കളെന്നതിനു പകരം ഭക്തരെന്ന നിലയിലാണ് ഈ സന്ദർശനമെന്നും വിശദീകരിച്ചു. ധർമസ്ഥല വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ചിലവിഭാഗം അപകീർത്തികരമായ പ്രചാരണങ്ങൾ നടത്തുന്നുണ്ട്. വിശ്വാസത്തിന്റെ വിശുദ്ധി നഷ്ടപ്പെടുത്താൻ അനുവദിക്കില്ല. നിഷ്പക്ഷമായി അന്വേഷണം നടത്തണമെന്നും സത്യം വേഗത്തിൽ വെളിച്ചത്ത് വരണമെന്നും വിജയേന്ദ്ര ആവശ്യപ്പെട്ടു. അന്വേഷണത്തിനു പിന്നിൽ എസ്.ഡി.പി.ഐ പോലെയുള്ളവരാണെന്ന് അടക്കംപറച്ചിലുകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ധർമസ്ഥലയിൽ നടക്കുന്ന അന്വേഷണത്തിന്റെ ഇടക്കാല റിപ്പോർട്ട് നിയമസഭയിൽ വെക്കണമെന്ന് കഴിഞ്ഞദിവസം ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. അന്വേഷണം പൂർത്തിയാകാതെ അത് സാധ്യമല്ലെന്ന് സർക്കാർ വ്യക്തമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.