ബംഗളൂരു: കർണാടകയിലെ 2000 ത്തോളം മദ്റസകളിൽ കന്നട ഭാഷ പഠിപ്പിക്കാൻ പദ്ധതിയുമായി കന്നട വികസന അതോറിറ്റി (കെ.ഡി.എ). ഇതിന്റെ പൈലറ്റ് പദ്ധതിക്ക് തുടക്കമായി. പ്രാരംഭഘട്ടത്തിൽ 180 മദ്റസകളിൽ കന്നട ഭാഷ പഠന ശിൽപശാല സംഘടിപ്പിക്കുമെന്നും ഭാഷാപരമായ കൂടിച്ചേരലുകൾ സാധ്യമാവണമെന്നും കെ.ഡി.എ ചെയർമാൻ പുരുഷോത്തം ബിളിമലെ പറഞ്ഞു.
ഭാഷയുടെ പേരിൽ ഒരു സമുദായവും അവഹേളിക്കപ്പെടരുതെന്നും കർണാടകയിൽ ജീവിക്കുന്ന ഏത് സമുദായവും കന്നട പഠിക്കുന്നതിലൂടെ സൗഹാർദത്തിന്റെ സത്ത ഉൾക്കൊള്ളുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്കായി ‘ഫൗണ്ടേഷൻസ് ഓഫ് കന്നട ലിംഗ്വിസ്റ്റിക് ഹാർമണി’ എന്ന ടെക്സ്റ്റ് പുസ്തകം പ്രസിദ്ധീകരിക്കും. വൈകാതെ, ഇത് പുറത്തിറക്കും. അതുപോലെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഉർദു അക്കാദമിയെ കന്നട സാംസ്കാരിക വകുപ്പിന് കീഴിൽ കൊണ്ടുവരാൻ ശ്രമിക്കുന്നതായും ബിളിമലെ പറഞ്ഞു.
2000 മദ്റസകളിൽ കന്നട പഠനം നടത്താനാണ് പദ്ധതിയെന്ന് ന്യൂനപക്ഷ കമീഷൻ ചെയർമാൻ യു. നിസാർ അഹമ്മദ് പറഞ്ഞു. സിലബസ് തയാറാക്കുന്നതും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതുമടക്കമുള്ള പ്രവർത്തനങ്ങൾ ന്യൂനപക്ഷ കമീഷൻ നിർവഹിക്കും. പദ്ധതിക്ക് സർവ പിന്തുണയും നൽകുമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി സമീർ അഹമ്മദ് ഖാൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.