ധർമസ്ഥല
മംഗളൂരു: ധർമസ്ഥലയിലെ ദുരൂഹ പീഡന കൊലപാതകങ്ങൾ സംബന്ധിച്ച വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണസംഘം വിദഗ്ധ പരിശോധനക്കൊരുങ്ങുന്നു. പരാതിക്കാരൻ അടയാളപ്പെടുത്തിയ 13 പോയന്റുകളിൽ 12 ഇടത്തിലും പരിശോധന പൂർത്തിയായ സാഹചര്യത്തിലാണ് അവസാന പോയന്റിൽ എസ്.ഐ.ടി റഡാർ പരിശോധനക്കൊരുങ്ങുന്നത്. 11ാം പോയന്റിൽ നിന്ന് 80 മീറ്റർ മാറി പരാതിക്കാരൻ ചൂണ്ടിക്കാട്ടിയ പുതിയ ഇടത്തിൽ വീണ്ടും പരിശോധന നടത്തി. ഈ ഇടത്തിന് 14 എന്നാണ് നാമകരണം ചെയ്തത്. തിങ്കളാഴ്ച ഈ പോയന്റിൽനിന്ന് മനുഷ്യാസ്ഥികൾ കണ്ടെത്തിയിരുന്നു.
പരിശോധനയുടെ എട്ടാംദിനത്തിൽ ബുധനാഴ്ച ഇതേ ഇടത്തിൽ മണ്ണുമാറ്റി പരിശോധിച്ചെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല. ഇനി 13ാം പോയന്റിലാണ് പരിശോധന ബാക്കിയുള്ളത്. നേത്രാവതി നദിക്കരയോട് ചേർന്ന റോഡരികിലായാണ് ഈ ഭാഗമുള്ളത്. വൈദ്യുതി ലൈൻ കടന്നുപോകുന്ന ഈ ഇടത്തിൽ വ്യാഴാഴ്ച പരിശോധന നടത്തും.
എസ്.ഐ.ടി തലവൻ പ്രണബ് മൊഹന്തി, ഡി.ഐ.ജി എം.എൻ. അനുഛേദ്, എസ്.പി സൈമൺ എന്നിവർ ധർമസ്ഥല ഗ്രാമപഞ്ചായത്ത് അധികൃതരുമായും ജലസേചന വകുപ്പ് അധികൃതരുമായും ചർച്ച നടത്തി. ലൈനുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാകും തിരച്ചിൽ ആരംഭിക്കുക. ഇവിടെ ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ (ജി.പി.ആർ), ഡ്രോൺ അധിഷ്ഠിത റഡാർ സംവിധാനം എന്നിവയുടെ സേവനം ഉപയോഗപ്പെടുത്താനാണ് എസ്.ഐ.ടി നീക്കം. ജി.പി.ആർ ഉപയോഗിച്ച് പരിശോധന നടത്തണമെന്ന് അനന്യ ഭട്ട് തിരോധാനക്കേസിൽ മാതാവ് സുജാത ഭട്ടിന്റെ അഭിഭാഷകനായ എൻ. മഞ്ജുനാഥ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കൂട്ട സംസ്കരണം നടന്നെന്ന് പറയപ്പെടുന്ന പ്രദേശം, നദിക്കരയിലുള്ള വന മേഖലയായതിനാൽ കനത്ത മഴയും മണ്ണൊലിപ്പും മൂലം മേഖലയിലെ മണ്ണിന് സ്ഥാനഭ്രംശം സംഭവിക്കാനിടയുണ്ടെന്നും റഡാർ പരിശോധനയിലൂടെ ഭൂമിയിലെ അസ്ഥി സാന്നിധ്യം കണ്ടെത്താനാവുമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ആറാമത്തെയും 14ാമത്തെയും പോയന്റുകളിൽനിന്ന് അസ്ഥി അവശിഷ്ടങ്ങൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് എസ്.ഐ.ടിക്ക് കൈമാറി.
ധർമസ്ഥല ഗ്രാമപഞ്ചായത്തിലെത്തിയ അന്വേഷണ സംഘം പരാതിക്കിടയായ 1995 മുതൽ 2014 വരെയുള്ള കാലയളവിൽ ഗ്രാമപഞ്ചായത്ത് ഓഫിസിലുണ്ടായിരുന്ന ജീവനക്കാരുടെ വിവരം ശേഖരിച്ചു. അവകാശികളില്ലാത്ത മൃതദേഹങ്ങളുടെ 198കളുടെ അവസാനം മുതലുള്ള രേഖകൾ പഞ്ചായത്തിന്റെ പക്കലുണ്ടെന്ന് ധർമസ്ഥല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീനിവാസ് റാവു മുമ്പ് പറഞ്ഞിരുന്നു. അതേസമയം, സാക്ഷിയായ പരാതിക്കാരനെ ഒരു മണിക്കൂറോളം എസ്.ഐ.ടി ഓഫിസിൽ ബുധനാഴ്ച ചോദ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.