കോഴിക്കോട്: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സ്നേഹവും ‘രൂക്ഷമായ ആക്രമണവും’ അനുഭവിച്ച ഒരാളാണ് താനെന്ന് ഇടത് സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ. ‘സമരമായി തീർന്ന വീരസ്മരണകൾക്ക് ഒരാമുഖം’ എന്ന തലക്കെട്ടിൽ ‘മാധ്യമം’ വാരാദ്യമാധ്യമത്തിൽ എഴുതുന്ന 'ഇടപെടൽ' എന്ന കോളത്തിലാണ് ഈ രണ്ട് സംഭവങ്ങളും കെ.ഇ.ൻ വിവരിക്കുന്നത്.
‘വി.എസിന്റെ സ്നേഹം ഏറ്റവും കൂടുതൽ അനുഭവിക്കാൻ ഇടംകിട്ടിയ സാംസ്കാരിക പ്രവർത്തകരിൽ ഒരാളാണ് ഞാൻ എന്ന ആഹ്ലാദംകൂടി ഈയൊരു അനുസ്മരണ വേളയിൽ അടയാളപ്പെടുത്തേണ്ടതുണ്ട്. അദ്ദേഹം പാർട്ടി സെക്രട്ടറിയായിരുന്ന കാലത്ത്, കോളജ് അധ്യാപകജോലി ഒഴിവാക്കി തിരുവനന്തപുരത്ത് അതിനേക്കാളും ‘മികച്ചൊരു’ ഉത്തരവാദിത്തമുള്ള പദവിയിൽ പ്രവേശിക്കാൻ സ്നേഹപൂർവം ആവശ്യപ്പെട്ടിരുന്നു. എ.കെ.ജി സെന്ററിൽ ഉടൻ എത്തണം എന്ന വി.എസിന്റെ ‘ലൈറ്റ്നിങ് കാൾ’ ആഹ്ലാദപരിഭ്രമങ്ങളാണ് അന്നുണ്ടാക്കിയത്. സ്നേഹത്തോടെ ആ ഉത്തരവാദിത്തമേറ്റെടുക്കാനുള്ള വ്യക്തിപരമായ പ്രയാസം അന്നുഞാൻ അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും; വീട്ടിൽപോയി ഒന്നുകൂടി ആലോചിച്ചിട്ട് പറഞ്ഞാൽ മതിയെന്ന് വി.എസ് പിന്നെയും പറഞ്ഞു. ഇക്കാര്യം അധികമാർക്കുമറിയില്ല. മുമ്പേതോ ഒരഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞതായാണ് ഓർക്കുന്നത്.
എന്നാൽ, വി.എസിന്റെ ‘രൂക്ഷമായ ആക്രമണവും’ അനുഭവിക്കേണ്ടിവന്നിട്ടുള്ളവരിൽ ഒരാളാണ് ഞാനെന്നത് സർവർക്കുമറിയാം. കാരണം, അതിനുകിട്ടിയ മാധ്യമശ്രദ്ധ അസാധാരണമായിരുന്നു. സർവ ഫാഷിസ്റ്റുകളും, എന്നെപ്പോലെ ഒരധികാരവുമില്ലാത്ത പാവം സാംസ്കാരികപ്രവർത്തകനെ ആക്രമിക്കാനുള്ള നല്ലൊരവസരമാക്കി അരങ്ങുകൊഴുപ്പിച്ചു. അതുകൊണ്ടുതന്നെ അവർക്കെല്ലാവർക്കുംവേണ്ടി ‘വൈസ്രോയിമാർക്ക് വേണ്ടത് കുരങ്ങുസൂപ്പോ’ എന്നപേരിൽ ഒരു പുസ്തകം വഴിയാണ് അതിനോടുള്ള എന്റെ സർഗാത്മക സമര നിലപാടുകൾ ഞാൻ വ്യക്തമാക്കിയത്.
‘രാഷ്ട്രീയത്തിൽ ആൾദൈവങ്ങൾ ഉണ്ടാവും വിധം’ എന്ന എന്റെ പ്രബന്ധമാണ് വി.എസിന് അന്ന് പ്രകോപനമായത്. ആ പ്രകോപനം സൃഷ്ടിച്ച വികാരവേലിയേറ്റത്തിലാവണം വി.എസും ഞാനുമടങ്ങുന്നവർ ഭൗതികവാദികൾ ‘ഒരേകദേശ മട്ടിൽ’ ആദിപിതാവായി കരുതുന്ന ‘കുരങ്ങൻ’ എനിക്കുമാത്രമായി അദ്ദേഹം പതിച്ചുനൽകിയത്! എന്നാൽ, അതിനോടുള്ള എന്റെ സർഗാത്മക പ്രതികരണം ഒരു പുസ്തകരൂപത്തിൽ വന്നതോടുകൂടിയാവണം, ഒരുറപ്പുമില്ല, അദ്ദേഹം അതുവിട്ടു. ഞാനും അതുവിട്ടു. പക്ഷേ അപൂർവം ചിലരിപ്പോഴും ആ പൂർവപിതാവിനോടുള്ള ആദരംകൊണ്ടാവണം അതിന്റെ വാൽ വിട്ടിട്ടില്ല. ഇത്രയും പറയുന്നത്, പരസ്പരമുള്ള വിമർശനങ്ങൾ ആദരവിനെ അവസാനിപ്പിക്കുകയല്ല, അതിന് വീര്യം പകരുകയാണെന്ന് ഒരു പ്രതിബദ്ധതയും കൂടാതെ വെറുതെ കാ, കൂ എന്ന് പറഞ്ഞ് കാലം കഴിക്കുന്നവരെ ഓർമിപ്പിക്കാനാണ്’ -കെ.ഇ.എൻ എഴുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.