ഇന്ന് ക്വിറ്റ് ഇന്ത്യ ദിനമാണ് (ആഗസ്റ്റ് 9). ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിർണായക പോരാട്ടമായ1942ലെ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വാർഷികനാൾ. സുദീർഘമായ സ്വാതന്ത്ര്യസമര ചരിത്രമാണ് നമ്മുടേത്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ ധീര ദേശാഭിമാനികളായിരുന്നു മുൻഷി ഭകത്ഖാൻ,ബീഗം ഹസ്റത്ത്മഹൽ, ഖാൻ ബഹദൂർഖാൻ, മൗലവി അഹമ്മദുല്ല, നാനാസാഹിബ്, താന്തിയോതോപെ, റാണി ലക്ഷ്മീഭായി, കൻവർസിങ് തുടങ്ങിയവർ. ഇവരിൽ പലരും രക്തസാക്ഷികളായി. സമരത്തിന്റെ നായകനായി നിശ്ചയിക്കപ്പെട്ടിരുന്ന അവസാന മുഗൾ ചക്രവർത്തി ബഹദൂർ ഷാ സഫറിനെ നാടുകടത്തി.
1885ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ രൂപവത്കരണത്തോടെയാണ് സമരത്തിന് ഒരു പ്രസ്ഥാനരൂപം കൈവന്നത്. നിസ്സഹകരണ പ്രസ്ഥാനം, പൂർണസ്വരാജ്, ഉപ്പ് സത്യഗ്രഹം, സിവിൽ നിയമലംഘനം തുടങ്ങിയ പ്രധാന സമരങ്ങൾ നാടെങ്ങും അലകൾ തീർത്തു.
1942 ആഗസ്റ്റ് അഞ്ചിന് കോൺഗ്രസ് പ്രവർത്തക സമിതി ക്വിറ്റ് ഇന്ത്യ പ്രമേയത്തിന്റെ കരടു തയാറാക്കി. ആഗസ്റ്റ് എട്ടിന് എ.ഐ.സി.സി പ്രസിഡന്റ് മൗലാന അബുൽകലാം ആസാദിന്റെ അധ്യക്ഷതയിൽ ബോംബെയിൽ നടന്ന സമ്മേളനം ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കി.
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം ഉടൻ അവസാനിപ്പിക്കുക, ബ്രിട്ടീഷ് ഭരണത്തിനെതിരെ സിവിൽ ആജ്ഞാലംഘന പ്രസ്ഥാനം തുടങ്ങുക, സ്വതന്ത്ര ഇന്ത്യയെ സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെതിരെ പൊരുതാൻ സജ്ജമാക്കുക തുടങ്ങിയവയായിരുന്നു പ്രമേയത്തിലെ പ്രധാന വിഷയങ്ങൾ. സമരനായകനായി നിയുക്തനായ മഹാത്മാഗാന്ധി തന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിൽ പറഞ്ഞു: ‘‘ഇന്നത്തെ ഈ അടിമത്തം നിലനിർത്താനാണോ നാം ഇവിടെ ജീവിക്കേണ്ടത്? ഈ നാടിനെ അടിമത്ത ചങ്ങലകളിൽനിന്ന് മോചിപ്പിക്കാനാകുന്നില്ലെങ്കിൽ ജീവിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കോൺഗ്രസുകാർ ദൃഢനിശ്ചയം ചെയ്യണം. സ്വാതന്ത്ര്യം എന്ന ലക്ഷ്യം നേടുന്നതിനായി ആവശ്യമായി വന്നാൽ പ്രാണൻ ത്യജിക്കാൻപോലും നാം സന്നദ്ധരാകണം. കുറച്ചുകൂടി ക്ഷമിച്ചിരിക്കൂ എന്ന് നിങ്ങളോട് എനിക്ക് പറയാനാവില്ല. സ്ഥിതിഗതികൾ ക്ഷമിക്കാവുന്നതിനും അപ്പുറത്തെത്തിയിരിക്കുന്നു. നമുക്കു മുന്നിൽ വേറൊരു പോംവഴിയുമില്ല.
ഈ സന്ദർഭത്തിൽ ഞാൻ നിങ്ങൾക്കൊരു കൊച്ചു മന്ത്രം ഓതിത്തരാം. ഇത് നിങ്ങളുടെ ഹൃദയത്തിൽ പതിച്ചിടണം. നിങ്ങളുടെ ഓരോ ശ്വാസത്തിലും അത് മുഴങ്ങണം.
‘‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’’- ഇതാണ് ആ മന്ത്രം.
ആഗസ്റ്റ് ഒമ്പതിന് രാത്രിതന്നെ ഗാന്ധിജി, നെഹ്റു, ആസാദ്, സരോജിനി നായിഡു, ആസഫ് അലി തുടങ്ങി മുഴുവൻ നേതാക്കളെയും ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചു. ഗാന്ധിജിയെയും സരോജിനി നായിഡുവിനെയും പൂനെയിലെ ആഗാഖാൻ കൊട്ടാരത്തിലും നെഹ്റുവിനെയും ആസാദിനെയും മറ്റും അഹമ്മദ് നഗർ കോട്ടയിലും പാർപ്പിച്ചു. ഈ ജയിൽവാസത്തിനിടെയാണ് നെഹ്റു ‘ഡിസ്കവറി ഓഫ് ഇന്ത്യ’ എഴുതുന്നത്.
എല്ലാ തുറകളിലുമുള്ള ജനങ്ങളുടെ സജീവസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു ക്വിറ്റ് ഇന്ത്യ സമരം. വെടിവെപ്പുകളിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന് ആളുകൾ തടങ്കലിലായി.
സ്വാതന്ത്ര്യലബ്ധിക്ക് മുമ്പുതന്നെ തീവ്രമതവാദികളും ഈ രാജ്യത്ത് പ്രവർത്തനമാരംഭിച്ചിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തെ എതിർത്തവരും ഒറ്റുകൊടുത്തവരും അക്കാലത്ത് ഇന്ത്യയിൽ ഉണ്ടായിരുന്നു. സമരത്തെ എതിർത്ത ഹിന്ദുമഹാസഭ ബ്രിട്ടീഷ് ഗവൺമെൻറിന് പിന്തുണ പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യുന്നത്, അതായത് സ്വാതന്ത്ര്യസമരം ഭ്രാന്താണെന്ന് പറഞ്ഞവരുമുണ്ട്. ഈ എതിർപ്പുകളെയെല്ലാം മറികടന്നാണ് ഇന്ത്യൻ ജനത സ്വാതന്ത്ര്യം എന്ന ചരിത്രലക്ഷ്യം സാധ്യമാക്കിയത്. ജാതിമത വ്യത്യാസമില്ലാതെ ഒട്ടനവധിപേരുടെ രക്തസാക്ഷിത്വത്തിലൂടെ, ത്യാഗത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം വെല്ലുവിളികൾ നേരിടുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവർ ഇന്ന് രാഷ്ട്രത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെപ്പോലും ഭീഷണിയിലാഴ്ത്തുന്നു. ജനാധിപത്യവും മതേതരത്വവും ആക്രമിക്കപ്പെടുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ അസഹിഷ്ണുതയുടെ കൊലവിളികളുയരുന്നു.
1942ലെ ക്വിറ്റ് ഇന്ത്യ പ്രമേയത്തിലെ സ്വതന്ത്ര ഇന്ത്യയെ ഫാഷിസത്തിനെതിരെ പൊരുതാൻ സജ്ജമാക്കുക എന്ന ലക്ഷ്യം തീർത്തും പ്രസക്തമാകുന്ന കാലമാണിത്. സമത്വവും സ്വാതന്ത്ര്യവും അനുവദിക്കാത്ത, സഹോദരങ്ങളെ തമ്മിൽ കൊല്ലിക്കുക എന്ന ദുരവസ്ഥയാണ് ഫാഷിസം.
ഫാഷിസത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്, അത് ഭൂതകാലത്തെ ഭയപ്പെടുന്നു എന്നതാണ്. സ്വാതന്ത്ര്യസമര നായകനായ മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ വർഗീയ ഫാഷിസ്റ്റുകൾ ഇന്ന് ആ അറുകൊലയെ പരസ്യമായി ആഘോഷിക്കുന്നു, ഭരണകൂടം അവർക്ക് ഒത്താശ ചെയ്യുന്നു. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, മൗലാന അബുൽകലാം ആസാദ് തുടങ്ങിയ ദേശീയ നേതാക്കളുടെ പേരുകൾ ചരിത്ര പുസ്തകങ്ങളിൽനിന്ന് വെട്ടിനീക്കി അവരെക്കുറിച്ചുള്ള ഓർമകൾ ഇല്ലാതാക്കാമെന്ന് വർഗീയ ശക്തികൾ വ്യാമോഹിക്കുന്ന നാളുകളിലാണ് ഇക്കുറി ക്വിറ്റ് ഇന്ത്യ ദിനം വന്നെത്തുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും അത്യന്തം അപകടാവസ്ഥയിലായിരിക്കെ മഹാത്മാ ഗാന്ധി ഓതിത്തന്ന ആ കൊച്ചുമന്ത്രം ഇന്ത്യ നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ഓരോ മനുഷ്യരുടെയും ശ്വാസത്തിൽ മുഴങ്ങട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.