വിദ്യാഭ്യാസ-സാംസ്കാരിക മേഖലയിൽ ഏറെ മുന്നിൽ നിൽക്കുന്ന നാടായി അറിയപ്പെടുന്ന കേരളം അടുത്തകാലത്ത് ഒരു വലിയ സാമൂഹിക ദുരന്തത്തെ നേരിടുകയാണ്- നമ്മുടെ വീടകങ്ങളിൽ സ്ത്രീ സുരക്ഷ ഇല്ലാതാവുന്നതിനൊപ്പം സ്ത്രീധനം, ഗാർഹികാതിക്രമങ്ങൾ, മാനസിക പീഡനങ്ങൾ, ശരീരത്തെ അപമാനിക്കൽ (body shaming) തുടങ്ങിയ കാരണങ്ങളാൽ സ്ത്രീകൾ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നു. ആത്മഹത്യകളെ വ്യക്തിപരമായ തിരിച്ചടികളായോ ഇടപെടലുകളായോ ആയല്ല നമ്മൾ കാണേണ്ടത്; സാമൂഹികമായ സംവിധാനങ്ങളുടെ അപചയമാണ് ഓരോ ആത്മഹത്യയും. അത് ഒരു സാമൂഹിക ഘടനയുടെ പ്രതിഫലനമാണെന്ന് ഫ്രഞ്ച് സമൂഹശാസ്ത്രജ്ഞനായ എമൈൽ ദുർഖൈം (Suicide, Emile Durkheim 1897) വിലയിരുത്തുന്നുണ്ട്.
ദുർഖൈം എടുത്തുപറയുന്ന നാലുതരം ആത്മഹത്യകളിൽ ഒന്നായ ഫാറ്റലിസ്റ്റിക് സൂയിസൈഡ് (Fatalistic suicide) പറയുന്നത്; സമൂഹം ഒരു വ്യക്തിയുടെ മേൽ അടിച്ചേൽപിക്കുന്ന അതിശക്തമായ നിയന്ത്രണത്തിന്റെയും അധികാരപ്രയോഗത്തിന്റെയും ഫലമായി ഉണ്ടാകുന്ന ആത്മഹത്യകളെ കുറിച്ചാണ്. ഇന്നത്തെ കേരളത്തിന്റെ സാമൂഹിക സാഹചര്യത്തിൽ വിവാഹിതരായ നിരവധി യുവതികൾ സ്വന്തം അസ്ഥിത്വത്തിന് യാതൊരു മൂല്യവും പരിഗണനയും ലഭിക്കാതെ, ഭർത്താവിന്റെയും കുടുംബത്തിന്റെയും താൽപര്യങ്ങളും നിയന്ത്രണങ്ങളും മാത്രം അനുസരിച്ച് ജീവിക്കാൻ നിർബന്ധിതരായി തീരുന്നുണ്ട്. പ്രശസ്ത സമൂഹ ശാസ്ത്രജ്ഞനായ പിയർ ബോർദിയോ (Pierre Bourdieu) യുടെ സിംബോളിക് വയലൻസ് എന്ന ആശയത്തിൽ മനുഷ്യരിലെ മാനസികമായ അടിമത്തത്തെക്കുറിച്ച് പറയുന്നുണ്ട്. എത്രതന്നെ കൊടിയ പീഡനങ്ങളും അതിക്രമങ്ങളും തങ്ങൾക്കുനേരെ ഉണ്ടായാലും എല്ലാം സഹിച്ച് ഭർത്താവിനും ഭർത്താവിന്റെ വീട്ടുകാർക്കും വേണ്ടി ജീവിക്കുക എന്ന മാനസികാടിമത്തത്തിലേക്ക് പല സ്ത്രീകളും എത്തിച്ചേരുന്നുണ്ട് .
കേരളത്തിലെ സ്ത്രീ വിദ്യാഭ്യാസത്തിലുണ്ടാവുന്ന ഉയർന്ന നിരക്ക് തീർച്ചയായും പുരോഗമന ലക്ഷണമാണെങ്കിലും മലയാളി കുടുംബങ്ങൾക്കുള്ളിലും വീടകങ്ങളിലും നിലനിൽക്കുന്ന പാരമ്പര്യ യാഥാസ്ഥിതിക പുരുഷാധിപത്യ മോഡലുകൾ ഇനിയും മാറിയിട്ടില്ലെങ്കിൽ ഇവിടത്തെ ഉന്നതവിദ്യാഭ്യാസ നിരക്കുകളോ വികസന സൂചികകളോ ഒന്നും തന്നെ സ്ത്രീകളുടെ രക്ഷക്കെത്തില്ല. നമ്മുടെ നാട്ടിലെ ജോലിക്ക് പോകുന്ന സ്ത്രീകൾ ഒരേസമയം ട്രിപ്പിൾ ബർഡൻ ചുമക്കുന്നവരാണ്. പങ്കാളിയുടെയും കുടുംബത്തിന്റെയും യാതൊരു പിന്തുണയുമില്ലാതെ കഠിന ഭാരം ചുമക്കേണ്ടിവരുന്നത് സ്ത്രീയെ കടുത്ത മാനസിക സമ്മർദത്തിലേക്ക് തള്ളിവിടുന്നുണ്ട് . ഇതിനുള്ള പരിഹാരം സ്ത്രീ പഠിക്കാതിരിക്കുന്നതോ ജോലിക്ക് പോകാതിരിക്കുന്നതോ അല്ല; വീട്ടിലെ ഉത്തരവാദിത്തങ്ങളും കുടുംബത്തിന്റെ മൊത്തം കടമകളും സ്ത്രീയും പുരുഷനും ഒരുപോലെ പങ്കിട്ടുകൊണ്ടാണ് അതിന് പരിഹാരം കാണേണ്ടത്. മാറിവരുന്ന സാമൂഹിക സാംസ്കാരിക സാമ്പത്തിക മാറ്റങ്ങൾ ഇത്തരമൊരു പങ്കാളിത്ത വ്യവസ്ഥിതി ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളിൽനിന്നും ഒരുപോലെ പ്രതീക്ഷിക്കുന്നുണ്ട്.
കേരളത്തിലെ കുടുംബങ്ങൾക്കുള്ളിൽ ഇന്നും നിലനിൽക്കുന്ന അടിമത്ത അധികാര ഘടനകളെ അർഹിക്കുന്ന ഗൗരവത്തോടെ സമൂഹവും ഭരണകൂടവും സമീപിച്ചിട്ടില്ലെങ്കിൽ വിവാഹിതരായ സ്ത്രീകളുടെ ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും തുടർച്ചകൾക്ക് നമ്മൾ ഇനിയും സാക്ഷ്യം വഹിക്കേണ്ടിവരും. ഫസീലയും വിപഞ്ചികയും അതുല്യയും വിസ്മയയും ഉത്തരയും പോലെ വിദ്യാസമ്പന്നരായ നൂറുകണക്കിന് യുവതികൾ നമ്മുടെ കൺമുന്നിൽ ജീവനൊടുക്കുമ്പോൾ സമൂഹവും ഭരണകൂടവും നിശബ്ദമാകുന്നത് ആകസ്മികമായ ഒരു പ്രതികരണമല്ല; സമൂഹത്തിലെ ഓരോ ഘടനയിലും ആഴത്തിൽ വേരൂന്നിയിട്ടുള്ള ലിംഗപദവി നിയമങ്ങളുടെയും (Gender norms) അധികാര ബന്ധങ്ങളുടെയും (power relations) കൂട്ടുനിർമിതിയാണ് ഈ നിശബ്ദതയെ അരക്കിട്ടുറപ്പിക്കുന്നത്.
ആത്മഹത്യകളെ ഒരു രാഷ്ട്രീയ പ്രശ്നമായി കാണാൻ ഭരണകൂടത്തിന് സാധിക്കുന്നില്ല എന്നതിൽനിന്ന് സ്ത്രീകളുടെ ജീവിതത്തിന് അത്രയും തുച്ഛമായ വിലയേ നമ്മൾ കൽപിക്കുന്നുള്ളൂ എന്നാണ് അർഥമാക്കേണ്ടത്. സ്ത്രീകളുടെ ആത്മഹത്യ വ്യക്തിപരമായ ഒരു സ്വകാര്യ പ്രവൃത്തിയോ തീരുമാനമോ ഇടപെടലോ അല്ല. മറിച്ച് അതാത് സാമൂഹിക ഘടനകളിൽനിന്ന് ഉയരുന്ന പ്രതിഷേധമാണത്. സമൂഹശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ സമൂഹവും ഭരണകൂടവും ഇത്തരം പ്രതിഷേധങ്ങളുടെ നിലവിളികളെ നിശബ്ദമായി അടിച്ചമർത്താതെ അവയെ ഗൗരവത്തോടെ മുഖവിലക്കെടുക്കുകയും കാര്യക്ഷമമായ ഇടപെടലുകൾ നടത്തുകയുമാണ് വേണ്ടത്.
(കോഴിക്കോട് ഫാറൂഖ് കോളജ് സാമൂഹിക ശാസ്ത്ര വിഭാഗം അധ്യാപികയാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.