അടൂര്‍ ഗോപാലകൃഷ്ണൻ
സംഗീതമായാലും സിനിമയായാലും നാടകപ്രവര്ത്തനങ്ങളായാലും ലോകത്തെവിടെയും ജനകീയ കലയും സാഹിത്യവുമൊക്കെ ഉയര്‍ന്നുവന്നത് അനീതിക്കും മനുഷ്യത്വമില്ലായ്മക്കുമെതിരെയുള്ള പോരാട്ടങ്ങളുടെ ഭാഗമായാണ്. അടിച്ചമര്‍ത്തലുകളെയും അവഹേളനങ്ങളെയും എതിരിട്ടുതന്നെയാണ് ലോകത്തെമ്പാടും ജനകീയ കലാരൂപങ്ങള്‍ ഉയര്‍ന്നുവന്നത്. കേരളത്തിൽ ജെ.സി. ഡാനിയേലിന്റെ സിനിമാപ്രവര്‍ത്തനത്തെ അന്നത്തെ യാഥാസ്ഥിതിക വരേണ്യവര്‍ഗം എങ്ങനെയാണ് ഉള്‍ക്കൊണ്ടതെന്നും പ്രതികരിച്ചതെന്നും അപൂർണമായ ചരിത്രപാഠങ്ങളില്‍ തന്നെ കാണാനാകും. പി.കെ. റോസിയെന്ന നായികയുടെ ജീവിതം ദുരന്തപര്യവസായിയായി മാറിയെങ്കിലും ചരിത്രത്തിന്റെ സുവര്‍ണലിപികളില്‍ നിന്ന് അവരുടെ പേരുമായ്ക്കാന് ആര്‍ക്കുമാവില്ല.
മനുഷ്യനെ സാമൂഹികമായി ഉയര്‍ത്തുക എന്ന ലക്ഷ്യമാണ് ഏതൊരു കലയുടെയും ആന്തരികമായ ലക്ഷ്യമെന്ന് അറിയാത്ത ആളല്ലല്ലോ ചലച്ചിത്രാചാര്യൻ അടൂര്‍ ഗോപാലകൃഷ്ണൻ. എന്നാല്‍, സര്‍ക്കാര്‍ സംഘടിപ്പിച്ച സിനിമാ കോണ്‍ക്ലേവ് വേദിയിൽ അദ്ദേഹം പരസ്യമായി നടത്തിയ പ്രസ്താവന തികച്ചും ജാതീയതയാണ്, മനുഷ്യവിരുദ്ധമാണ്.
സിനിമ അറിയാത്തവര്‍ക്ക് സിനിമയെടുക്കാന്‍ പൊതുഖജനാവില്‍ നിന്ന് പണം കൊടുക്കരുത് എന്ന് പറയുന്നതില്‍ ന്യായമുണ്ട്. കൃത്യമായി പരിശീലനം ആവശ്യമുണ്ട് എന്ന് പറയുന്നതിലും സാംഗത്യമുണ്ട്. എന്നാല്‍, പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് ആദ്യം പരിശീലനമാണ് നല്‍കേണ്ടതെന്നും ചലച്ചിത്ര വികസന കോർപറേഷന് ഇതിനായി വെറുതെ പണം മുടക്കരുതെന്നും ഒന്നരക്കോടി രൂപ നല്‍കുന്നത് വളരെ കൂടുതലാണെന്നും പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്. താൻ പറഞ്ഞതിലെ ജാതീയവെറിയും മനുഷ്യവിരുദ്ധതയും അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടില്ല എന്നതിന് പിന്നീട് അദ്ദേഹം നല്കിയ വിശദീകരണങ്ങളും വ്യക്തമാക്കുന്നു. എതിര്‍പ്പുന്നയിച്ചവരെ പുച്ഛിക്കുകയും അപഹസിക്കുകയും ചെയ്യുന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചിട്ടുണ്ട്.
പുഷ്പവതി പൊയ്പാടത്ത്
കേരളത്തില്‍ മികച്ച സിനിമാ ആസ്വാദകരെ സൃഷ്ടിക്കാൻ ഫിലിം സൊസൈറ്റി പ്രസ്ഥാനമുള്‍പ്പെടെ സജീവമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും മികച്ച ചലച്ചിത്രങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്ത അടൂരിന്റെ സംഭാവനകളെ ആരും മോശമായി കാണുന്നില്ല. എന്നാൽ, അദ്ദേഹം മറന്നുപോയ കാര്യം ഇത് എലിപ്പത്തായമെടുത്ത കാലമല്ല എന്നതാണ്. അടൂരിന്റെ കാലത്തിൽനിന്ന് ഭിന്നമായി ഇന്ന് ചെറുപ്പക്കാരായ സിനിമക്കാര്‍ക്ക് കലാപ്രവര്‍ത്തനത്തിനൊപ്പം ഇതൊരു ജീവിതമാർഗം കൂടിയാണ്. സിനിമയെക്കുറിച്ച് അറിഞ്ഞും പഠിച്ചും വായിച്ചുമൊക്കെയാണ് അവര്‍ ഈ മേഖലയിലേക്ക് എത്താനായി തങ്ങളെത്തന്നെ ഒരുക്കുന്നത്. ആദ്യമായി ഈ രംഗത്തേക്ക് എത്തുന്ന പാര്‍ശ്വവത്കരിക്കപ്പെട്ട ആളുകളെ പ്രോത്സാഹിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തിലൊരു സഹായപദ്ധതി തന്നെ ആവിഷ്കരിച്ചത്.
‘നാലു പെണ്ണുങ്ങൾ’ സംവിധാനം ചെയ്ത അടൂരിന് തനിക്കെതിരെ നിവര്‍ന്നുനിന്ന് ചോദ്യം ചെയ്യുന്നതുപോലും സഹിക്കാനാകില്ല. അതുകൊണ്ടാണ് തന്നെ ചോദ്യം ചെയ്ത സ്ത്രീ പ്രശസ്തിക്ക് വേണ്ടിയാണ് അത്തരത്തില്‍ ചോദ്യമുയര്ത്തിയതെന്നും ആരാണവരെന്നുമൊക്കെയുള്ള ചോദ്യങ്ങള്‍ അടൂര്‍ വീണ്ടുമുയര്‍ത്തുന്നത്. ആരാണവര്‍ക്ക് ഇത് ചോദിക്കാന്‍ മൈക്ക് കൊടുത്തതെന്ന ചോദ്യത്തിലൂടെ അത്രനാള്‍ താനനുഭവിച്ചുപോന്ന അധികാരത്തെ തന്നെ അദ്ദേഹം കൂട്ടുപിടിക്കുന്നുണ്ട്. രണ്ടു പതിറ്റാണ്ടിലേറെയായി സംഗീത ലോകത്ത് ശ്രദ്ധേയമായ പാട്ടുകളുമായി നിലകൊളളുന്ന പുഷ്പവതിയെപ്പോലൊരു സംഗീതജ്ഞയെ അറിയില്ല എന്ന് പറയുന്ന അടൂർ ഒട്ടും അപ്ഡേറ്റഡ് അല്ലെന്നല്ലേ മനസ്സിലാക്കേണ്ടത്. കാലവും കലയും മുന്നോട്ടുപോവുകയാണെന്ന് അദ്ദേഹം തിരിച്ചറിയുന്നില്ല തന്നെ.
•
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.