കഴിഞ്ഞ ആഴ്ച, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രാജ്യത്തെ നടുക്കിയ ഒരു രാഷ്ട്രീയ ‘ബോംബ്’ വർഷിച്ചു. ഹിരോഷിമയിൽ അമേരിക്ക ആണവബോംബ് വർഷിച്ചതിന്റെ എൺപതാം വാർഷികത്തിന് ഒരു ദിവസം മുമ്പാണ് അത് സംഭവിച്ചത്. തീർച്ചയായും രാഹുലിന്റെ ബോംബ് ആണവമോ ഹിംസാത്മകമോ അല്ലായിരുന്നു, പക്ഷേ രാഷ്ട്രീയ ഫലത്തിന്റെ കാര്യത്തിൽ, തീവ്ര പ്രഹരശേഷി അതിനുണ്ടായിരുന്നു.
ബംഗളൂരു സെൻട്രൽ ലോക്സഭ മണ്ഡലത്തിലെ ഒരു നിയമസഭാ മണ്ഡലമായ മഹാദേവ്പൂരിൽ ഒരു ലക്ഷത്തിലധികം വ്യാജ വോട്ടർമാർ ഉണ്ടെന്ന് രാഹുൽ ഗാന്ധി വാർത്തസമ്മേളനത്തിൽ തുറന്നുകാട്ടി. പട്ടികയിൽ കാണാനായത് ചെറിയ ചെറിയ പിശകുകളായിരുന്നില്ല. ചില വോട്ടർമാർ ഒന്നിലധികം ബൂത്തുകളിൽ പ്രത്യക്ഷപ്പെട്ടു. പലർക്കും ശരിയായ വിലാസമില്ല. മറ്റു ചിലർക്ക് ഫോട്ടോകളില്ലായിരുന്നു. മണ്ഡലത്തിലെ മറ്റ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ പിന്നിലായിരുന്നുവെങ്കിലും, ഈ വമ്പൻ തട്ടിപ്പ് ബി.ജെ.പിയെ സീറ്റ് നേടാൻ സഹായിച്ചുവെന്ന് രാഹുൽ ചൂണ്ടിക്കാട്ടുന്നു.
സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തിൽ, രാഷ്ട്രീയ പാർട്ടികൾക്കും പൗരർക്കും ഇപ്പോഴും ഇലക്ട്രോണിക് രീതിയിൽ വായിക്കാൻ കഴിയാത്ത ഫോർമാറ്റിൽ വോട്ടർ പട്ടിക ലഭിക്കുന്നത് എന്തുകൊണ്ടാണെന്നും 45 ദിവസത്തിനുശേഷം തെരഞ്ഞെടുപ്പ് കമീഷൻ പോളിങ് സ്റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കുന്നത് എന്തിനാണെന്നുമടക്കമുള്ള ഗൗരവമേറിയ ചോദ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു.
പറയേണ്ടതില്ലല്ലോ, ദൃശ്യങ്ങൾ നശിപ്പിക്കുന്നത് ഒരു കൊലപാതകി ഒരു ഇരയുടെ മൃതദേഹം ദഹിപ്പിക്കുന്നത് പോലെയാണ് -അത് തെളിവുകൾ എന്നെന്നേക്കുമായി ഇല്ലാതാക്കുന്നു. കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ കഴിയും, എന്നാൽ കത്തിച്ചുകളഞ്ഞാൽ പിന്നെ ഒന്നും അവശേഷിക്കില്ലല്ലോ.
ഇങ്ങനെ ആരോപണങ്ങൾ ഉന്നയിക്കുന്നതിനുപകരം, തെളിവുകൾ സഹിതം സത്യവാങ്മൂലം സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ രാഹുലിനോട് ആവശ്യപ്പെട്ടു. എന്നാൽ, രാഹുൽ എടുത്തുകാട്ടിയ രേഖകളും തെളിവുകളുമൊന്നും പുറത്തുനിന്ന് കൊണ്ടുവന്നവയായിരുന്നില്ല- കമീഷന്റെ പരാജയങ്ങൾ ബി.ജെ.പിയെ എങ്ങനെ സഹായിച്ചുവെന്ന് കാണിക്കാൻ അദ്ദേഹം ഉപയോഗിച്ചത് കമീഷന്റെ സ്വന്തം രേഖകൾ മാത്രമായിരുന്നു.
രാഹുലും മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കളും ഒരു പടികൂടി മുന്നോട്ട് പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. കൃത്രിമം നടന്നുവെന്ന് പകൽപോലെ വെളിപ്പെട്ട മഹാദേവ്പൂർ മണ്ഡലത്തിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണം ആവശ്യപ്പെടുകയും ഇലക്ട്രോണിക് ആയി പരിശോധിക്കാവുന്ന പട്ടിക വേണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്യാമായിരുന്നു.
കമീഷൻ വലിയതോതിലുള്ള പരിഷ്കാരങ്ങൾ നടത്തിയിട്ടുണ്ട്. ബിഹാറിൽ ഒരു മാസത്തിനുള്ളിൽ ഏകദേശം എട്ട് കോടി വോട്ടർമാരെ അവരെ ‘സൂക്ഷ്മ’മായി പരിശോധിച്ചു, തദ്ഫലമായി 65 ലക്ഷം പേരുകൾ നീക്കം ചെയ്യപ്പെട്ടു. ആ നിരക്കിൽ, മഹാദേവ്പൂരിലെ പട്ടികയിലുള്ള ആറ് ലക്ഷം വോട്ടർമാരുടെ സൂക്ഷ്മപരിശോധന ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നിരിക്കെ എന്തുകൊണ്ട് അത് ചെയ്യുന്നില്ല? അത്തരമൊരു ശ്രമം രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ കൃത്യമായിരുന്നുവെന്ന് സ്ഥിരീകരിച്ചേക്കാം.
മഹാദേവ്പൂരിൽ ഇത്തരം തന്ത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, അവ മറ്റിടങ്ങളിലും പ്രയോഗിച്ചിട്ടുണ്ടെന്ന് കരുതുന്നത് ന്യായമാണ്.വാരണാസിയിലെ വോട്ടെണ്ണൽ ഓർക്കുന്നുണ്ടോ? ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് സ്ഥാനാർഥിയെക്കാൾ പിന്നിലായിരുന്നു. ഹരിയാനയിൽ കോൺഗ്രസ് വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ ബി.ജെ.പി തീരെക്കുറഞ്ഞ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു, സർക്കാർ രൂപവത്കരിക്കാൻ അത് മതിയായിരുന്നു.
പ്രതിപക്ഷത്തെക്കാൾ 25 സീറ്റുകൾ കൂടുതൽ നേടിയതിനാലാണ് ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിലുള്ളത്. മഹാദേവ്പൂരിൽ അവലംബിച്ചതു പോലുള്ള രീതികളിലൂടെയാണ് അവയിൽ ഒരുപിടി സീറ്റുകൾ നേടിയതെങ്കിൽ എന്തു ധാർമികതയാണ് ആ വിജയത്തിനുള്ളത്?
അതുകൊണ്ടായിരിക്കാം അടുത്ത 30 വർഷം ഇന്ത്യ ഭരിക്കാൻ ബി.ജെ.പിക്ക് സാധിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചത്.
2024ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പായി തെരഞ്ഞെടുപ്പ് കമീഷനിൽ സർക്കാർ നടത്തിയ ഇടപെടലുകളുടെ ക്രോണോളജി ഒന്നു പരിശോധിച്ചു നോക്കൂ- 2023 അവസാനത്തോടെ, തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിക്കുന്നതിനുള്ള നിയമം തന്നെ മാറ്റി. നേരത്തേ, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ഇന്ത്യൻ ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന ഒരു പാനലാണ് ഇത് നിർവഹിച്ചിരുന്നത്. പുതിയ നിയമം ചീഫ് ജസ്റ്റിസിനെ പാനലിൽനിന്ന് നീക്കി പ്രധാനമന്ത്രി നാമനിർദേശം ചെയ്ത ഒരു കേന്ദ്രമന്ത്രിയെ തൽസ്ഥാനത്തേക്ക് പ്രതിഷ്ഠിച്ചു. അന്നത്തെ ചീഫ് ജസ്റ്റിസ് പ്രതിഷേധിച്ചതേയില്ല. പ്രധാനമന്ത്രിയെ തന്റെ വീട്ടിലേക്ക് പൂജ നടത്താൻ ക്ഷണിക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. ഫലം? പ്രധാനമന്ത്രിയും അദ്ദേഹം തെരഞ്ഞെടുത്ത മന്ത്രിയും ചേർന്ന് അവർക്ക് സ്വീകാര്യനായ ഒരാളെ കമീഷണറാക്കുന്ന അവസ്ഥ സംജാതമായി. ഈ പ്രക്രിയയിൽ പ്രതിപക്ഷ നേതാവ് വെറുമൊരു നോക്കുകുത്തിയായി.
2024ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ദുരൂഹമായ കാരണങ്ങളാൽ തെരഞ്ഞെടുപ്പ് കമീഷണർ അരുൺ ഗോയൽ പൊടുന്നനെ രാജിസമർപ്പിച്ചു. 2025 ഫെബ്രുവരി 19ന് ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി. മറ്റ് രണ്ട് കമീഷണർമാർ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരാണ് -എല്ലാവരും സർക്കാർ തെരഞ്ഞെടുത്തവരാണ്. കേരള കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ, ഡൽഹിയിലേക്ക് പോകുന്നതിനുമുമ്പ് കേരളത്തിലെ നിരവധി ഉന്നത തസ്തികകളിൽ സേവനമനുഷ്ഠിച്ചു. ആഭ്യന്തര മന്ത്രാലയത്തിലായിരിക്കെ, അദ്ദേഹം അമിത് ഷായുമായി അടുപ്പത്തിലാവുകയും ആർട്ടിക്കിൾ 370 നീക്കം ചെയ്യുന്നതിലും ജമ്മു- കശ്മീർ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിക്കുകയും ചെയ്തു. പിന്നീട്, ഷായുടെ കീഴിൽ സഹകരണ മന്ത്രാലയത്തിലും അദ്ദേഹം പ്രവർത്തിച്ചു.
ഇതിനർഥം മൂന്ന് തെരഞ്ഞെടുപ്പ് കമീഷണർമാരും സർക്കാറിന്റെ വിശ്വസ്തരാണ് - പ്രതിപക്ഷ ആശങ്കകൾ പരിഗണിക്കുന്നതിൽ അവർ ഒട്ടും താൽപര്യമെടുത്തില്ല എന്നത് വെറും ആരോപണമല്ല. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഈ പക്ഷപാതം നമ്മൾ വ്യക്തമായി കണ്ടതാണ്. മുസ്ലിംകൾ ഹിന്ദു സ്ത്രീകളുടെ മംഗല്യസൂത്രം തട്ടിപ്പറിക്കുമെന്നതടക്കം പരസ്യമായി വർഗീയ പ്രസംഗങ്ങൾ നടത്തിയ മോദിക്ക് ഒരു മുന്നറിയിപ്പ് പോലും നൽകാൻ കമീഷൻ മുന്നോട്ടുവന്നില്ല. പിന്നെ നടപടിയെക്കുറിച്ച് പ്രതീക്ഷിക്കേണ്ടതില്ലല്ലോ
രാഹുൽ ഗാന്ധിയുടെ അന്വേഷണം എങ്ങനെയാണ് വ്യാജ വോട്ടർമാർ ചേർക്കപ്പെട്ടത് എന്നതിലായിരുന്നു. എന്നാൽ, കഥയുടെ മറ്റൊരു ഭാഗം കൂടിയുണ്ട്: യഥാർഥ വോട്ടർമാരെ എങ്ങനെ ഇല്ലാതാക്കി?
ബിഹാറിൽ മാത്രം, കമീഷൻ ‘സ്പെഷൽ ഇന്റൻസീവ് റിവിഷൻ’ (SIR) എന്ന പേരിൽ നീക്കം ചെയ്ത 65 ലക്ഷം വോട്ടർമാരിൽ സിംഹഭാഗവും ന്യൂനപക്ഷ- ദലിത് വിഭാഗങ്ങളിൽ നിന്നുള്ളവരാണ്.
സുപ്രീംകോടതിക്കുപോലും കമീഷനെ നേർമാർഗം കാണിക്കാൻ സാധിക്കാത്ത സാഹചര്യമാണെന്ന് തോന്നുന്നു. എന്നിരുന്നാലും, പരിഹാരം ലളിതമാണ്: ഇലക്ട്രോണിക് ആയി വായിക്കാൻ കഴിയുന്ന വോട്ടർ പട്ടിക നൽകാൻ കമീഷനോട് ഉത്തരവിടുക. പിന്നെ, ഒരു ക്ലിക്കിലൂടെ, നമുക്ക് എല്ലാ തനിപ്പകർപ്പ് പേരുകളും തിരിച്ചറിയാൻ കഴിയും - ഉദാഹരണത്തിന്, വ്യത്യസ്ത സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന സമാന വിശദാംശങ്ങളും ഫോട്ടോകളുമുള്ള ഒന്നിലധികം ‘രവീന്ദ്ര കുമാറു’മാരെയും,‘പൂജാ കുമാരി’കളെയും കണ്ടെത്താനാവും.
ഇത്രയെങ്കിലും സുതാര്യതയില്ലെങ്കിൽ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഇന്ത്യയുടെ അവകാശവാദം പൊള്ളയായി മാറും. തോമസ് എന്ന കുടുംബപ്പേരുള്ള എന്റെ ഡൽഹിയിലെ ഒരു സുഹൃത്ത്, അവരുടെ കുടുംബാംഗങ്ങളുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്തതായി കണ്ടെത്തി - ഒരാളൊഴികെ; കുടുംബാംഗമാണെങ്കിലും അദ്ദേഹത്തിന്റെ പേര് ഹിന്ദു എന്ന് തോന്നിപ്പിക്കുന്നതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.