ഇന്ത്യന്‍ ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന ഭരണഘടനാ അധിഷ്ഠിതമായ സുപ്രധാന സ്ഥാപനങ്ങളാണ് ലജിസ്ലേച്ചറും എക്സിക്യൂട്ടീവും ജുഡീഷ്യറിയും. ഭരണഘടനാനുസൃതമായ അവകാശാധികാരങ്ങള്‍ ഇല്ലെങ്കിലും മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്ന് വിശേഷിപ്പിക്കാറുമുണ്ട്. എന്നാല്‍ ഇതിനൊക്കെ മേലെയാണ് രാജ്യത്തെ പൗരന്മാര്‍. ഇന്ത്യാമഹാരാജ്യത്തെ 146 കോടി വരുന്ന ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവും ഉറപ്പുവരുത്തുകയാണ് ലജിസ്ലേച്ചറിന്റെയും എക്സിക്യൂട്ടീവിന്റെയും ജുഡീഷ്യറിയുടെയും ഉത്തരവാദിത്വം. ജനാധിപത്യം അപകടം നേരിടുന്നുവെന്ന സൂചനകള്‍ ലഭിക്കുമ്പോള്‍ തന്നെ ഇടപെടാനും ഭരണഘടന സംരക്ഷിക്കാനും അതനുശാസിക്കുന്ന അവകാശങ്ങള്‍ രാജ്യത്തെ പൗരന്മാര്‍ക്ക് ഉറപ്പുവരുത്താനും ജുഡീഷ്യറി ബാധ്യസ്ഥമാണ്.
പരമാധികാരം ജനങ്ങളില്‍ തന്നെയാണെന്ന് ഭരണഘടന നൂറ് ശതമാനവും ഉറപ്പുവരുത്തുന്നുണ്ട്. ഭരണഘടന തന്നെയാണ് ഒരു ജനാധിപത്യ രാഷ്ട്രത്തെ സംബന്ധിച്ച് പരമപ്രധാനം. എന്നാല്‍ ഭരണഘടന ഉറപ്പുവരുത്തുന്ന പൗരാവകാശങ്ങളെപ്പോലും അട്ടിമറിക്കാന്‍ ഭരണകൂടസംവിധാനങ്ങള്‍ യാതൊരുമടിയും കാണിക്കുന്നില്ല എന്നത് സമീപകാലത്ത് രാജ്യം നേരിടുന്ന ദുരവസ്ഥയാണ്. പൗരത്വത്തെയും രാജ്യസ്നേഹത്തെയും തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാനായി പ്രത്യേക തരത്തില്‍ നിര്‍വചിക്കുന്നതിന് രാജ്യം ഭരിക്കുന്ന ബി.ജെ.പിയും അവര്‍ക്ക് പിന്‍ബലം നല്‍കുന്ന സംഘപരിവാര്‍ സംഘടനകളും യാതൊരു മടിയും കാട്ടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എക്സിക്യൂട്ടീവില്‍ ഉള്‍പ്പെട്ട എല്ലാ സംവിധാനങ്ങളെയും തങ്ങളുടെ ഇംഗിതം നടപ്പിലാക്കിയെടുക്കത്തക്കവിധം സജ്ജീകരിച്ചുകൊണ്ടാണ് കേന്ദ്രഭരണകൂടം ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കി മുന്നോട്ടുപോകുന്നത്. ഇതിനെ ചോദ്യം ചെയ്യേണ്ടത് രാജ്യത്തെ ജനങ്ങളും പ്രതിപക്ഷ കക്ഷികളും അതിന്റെ നേതാക്കളുമാണ്.
എന്നാല്‍ കഴിഞ്ഞ ദിവസം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രിം കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശം ജുഡീഷ്യറിയുടെ അന്തസത്തയ്ക്ക് നിരക്കുന്നതാണോ എന്ന് ആത്മപരിശോധന നടത്താന്‍ അതിനെ നിയന്ത്രിക്കുന്നവര്‍ തയാറാകേണ്ടത് തന്നെയാണ്. 2020 ജൂണില്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈനികര്‍ ആക്രമണത്തിലൂടെ രണ്ടായിരം ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂപ്രദേശം അനധികൃതമായി കയ്യേറിയെന്ന് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്കിടെ വ്യക്തമാക്കിയിരുന്നു. ഇത് കേന്ദ്രം ഭരിക്കുന്ന, നിരന്തരം രാജ്യസ്നേഹം മാത്രം ഉദ്ഘോഷിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ കീഴടങ്ങലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾ ഇന്ത്യൻ സൈന്യത്തെ അപമാനിക്കുന്നതും സൈന്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങൽ വരുത്തുന്നതുമാണെന്ന് ആരോപിച്ച് ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ക്ക് നേരെ നിയമനടപടികള്‍ ഉണ്ടാകുന്നത് ഇതാദ്യമായൊന്നുമല്ല. ഈ പരാതിയില്‍ കോടതി രാഹുൽ ഗാന്ധിക്ക് സമൻസ് അയയ്ക്കുകയും അദ്ദേഹം കോടതിയില്‍ ഹാജരായി ജാമ്യം നേടുകയും ചെയ്തു. ഇതിനിടെ ഭരണഘടന ഉറപ്പുവരുത്തുന്ന സംസാര സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നുവെന്ന് വാദിച്ചുകൊണ്ട് രാഹുൽ ഗാന്ധി അലഹബാദ് ഹൈക്കോടതിയിൽ ലഖ്‌നൗ കോടതി അയച്ച സമൻസിനെ ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതി അദ്ദേഹത്തിന്റെ ഹർജി തള്ളിക്കളഞ്ഞു. ഇതെത്തുടര്‍ന്ന് അദ്ദേഹം ഒരു പ്രത്യേക ഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രിം കോടതി രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസ് നടപടികള്‍ സ്റ്റേ ചെയ്തതിനൊപ്പം ഉയര്‍ത്തിയ ചില പരാമര്‍ശങ്ങളാണ് ആരാണ് ഇന്ത്യക്കാരന്‍ എന്ന ചര്‍ച്ച ഉയര്‍ന്നുവരാന്‍ ഇപ്പോള്‍ കാരണമായിരിക്കുന്നത്.
ഇന്ത്യയുടെ രണ്ടായിരം ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈന പിടിച്ചെടുത്തുവെന്ന് നിങ്ങള്‍ എങ്ങനെയാണ് അറിഞ്ഞതെന്നും നിങ്ങൾ അവിടെയുണ്ടായിരുന്നോ എന്നും നിങ്ങൾക്ക് വിശ്വസനീയമായ തെളിവുകളുണ്ടോയെന്നും നിങ്ങള്‍ ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരനാണെങ്കില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തില്ലായിരുന്നുവെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ ഹരജി പരിഗണിച്ച ബഞ്ചിലെ ജസ്റ്റിസ് ദീപാങ്കര്‍ ദത്ത ചോദിച്ചത്. ഇത്തരം കാര്യങ്ങള്‍ പറയാന്‍ കഴിയില്ലെങ്കില്‍ പിന്നെങ്ങനെ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകുമെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയോട് ചോദിച്ചിരുന്നു. ഈ ചോദ്യം രാജ്യത്തെ സാധാരണക്കാരായ, ഭരണകൂടത്തിന്റെ വിവിധങ്ങളായ ദ്രോഹത്തിനിരയാകുന്നവരും ജനാധിപത്യത്തെ സ്നേഹിക്കുന്നവരുമൊക്കെ ചോദിക്കുന്നുണ്ട്. ഒരു പൗരന്റെ രാജ്യസ്നേഹത്തെ അളക്കേണ്ടത് സുപ്രിം കോടതിയാണോ എന്ന ചോദ്യം വിവിധ കോണുകളില്‍ നിന്ന് ഇതിനകം ഉയരുക തന്നെ ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ നിലനില്‍പ്പിനും പരമാധികാരത്തിനും എതിരെ ഉയരുന്ന ഭീഷണികളെ ചോദ്യം ചെയ്യേണ്ട ബാധ്യതയുള്ള ആളെന്ന നിലയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനത്തിരിക്കുന്ന ഒരാളോട് ഇത്തരത്തിലൊരു ചോദ്യം ബാലിശമായി പോലും ഉയരാന്‍ പാടില്ലാത്തതാണ്. ഇന്ത്യയുടെ വിശാലമായ അതിര്‍ത്തിയെ സംരക്ഷിക്കാന്‍ ഭരണകൂടവും സൈന്യവും ബാധ്യസ്ഥമാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ കാര്യക്ഷമതയെക്കുറിച്ചും ശേഷിയെക്കുറിച്ചും രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അഭിമാനം തന്നെയാണ്. എന്നാല്‍ ശത്രുക്കളുടെ ഇടപെടലിനെയും നടപടികളെയും കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ നിങ്ങള്‍ അവിടെയുണ്ടായിരുന്നോ എന്നൊക്കെ ചോദിക്കുന്നത് തികച്ചും ബാലിശമാണ്, ഉത്തരവാദിത്വമില്ലായ്മയാണ്. യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ ആരാണെന്ന് ഉറപ്പിക്കേണ്ടത് ഭരണഘടനയോടും ജനാധിപത്യത്തോടും ഉള്ള കൂറും വിശ്വാസ്യതയും തന്നെയാണ്. അതുകൊണ്ടുതന്നെയാണല്ലോ ജനങ്ങളുടെ അംഗീകാരം നേടിയെടുത്ത് രാഹുല്‍ ഗാന്ധി ലോക്സഭയിലെ പ്രതിപക്ഷ നേതാവിന്റെ കസേരയിലിരിക്കുന്നത്.
ഭരണകൂടത്തെയും ഭരണകൂട സംവിധാനങ്ങളായ എക്സിക്യൂട്ടീവിനെയും ജുഡീഷ്യറിയെയും സൈനിക നടപടികളെയുമൊക്കെ ചോദ്യം ചെയ്യാന്‍ എല്ലാ പൗരന്മാര്‍ക്കും ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ചോദ്യം ചെയ്യപ്പെടാനാകാത്ത യാതൊരുവിധ സംവിധാനങ്ങളും ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഉണ്ടാകാനും പാടില്ല, അങ്ങനെ വന്നാല്‍ ജനാധിപത്യമൂല്യങ്ങളും ഭരണഘടനാവകാശങ്ങളും അട്ടിമറിക്കപ്പെടുകയാണെന്നാണ് അര്‍ത്ഥം. സാങ്കേതികമായി പോലും ഇത്തരത്തിലൊരു ചോദ്യം ലോക്സഭയിലെ പ്രതിപക്ഷത്തെ നയിക്കുന്ന ഒരാള്‍ക്ക് നേരെ ഉയരാന്‍ പാടില്ലാത്തതാണ്. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാനായി നിരന്തരം പോരാടുന്ന ഒരു നേതാവിനോട് നിങ്ങള്‍ യഥാര്‍ത്ഥ ഇന്ത്യക്കാരനാണോ എന്ന ചോദ്യം വാസ്തവത്തില്‍ അതുന്നയിച്ച ആളിരിക്കുന്ന സ്ഥാനത്തിന്റെ മഹത്വത്തെ തന്നെയാണ് തിരിച്ച് ചോദ്യം ചെയ്യുക. ഒരു പതിറ്റാണ്ടിലേറെക്കാലമായി ബി.ജെ.പിയും സംഘപരിവാര്‍ശക്തികളും ഈ രാജ്യത്തെ ജനാധിപത്യ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരോടും ന്യൂനപക്ഷങ്ങളോടും ദളിത്-പിന്നോക്ക വിഭാഗങ്ങളോടും കര്‍ഷകരോടുമൊക്കെ ഈ ചോദ്യം ഉയര്‍ത്തുന്നുണ്ട്. രാജ്യത്തിന്റെയും രാജ്യസ്നേഹത്തിന്റെയും സംഘപരിവാര്‍ വ്യാഖ്യാനങ്ങളുടെ സ്വരം തന്നെയാണ് രാജ്യത്തെ പരമോന്ന നീതിപീഠത്തെ അലങ്കരിക്കുന്ന ഒരാളില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്ന് ജനാധിപത്യവിശ്വാസികള്‍ സംശയിച്ചാല്‍ അതിനെ കുറ്റം പറയാനാകില്ല.
ഈ ചോദ്യത്തെ ധാര്‍മ്മികമായി സമീപിച്ചാല്‍ ദേശീയപ്രക്ഷോഭകാലത്തിന്റെ ചരിത്രവസ്തുതകളിലേക്ക് ഉറപ്പായും കടന്നുചെല്ലേണ്ടിവരും. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ജ്വലിപ്പിച്ച മോട്ടിലാല്‍ നെഹ്റുവിന്റെയും സ്വാതന്ത്ര്യപോരാട്ടങ്ങളില്‍ ഗാന്ധിജിക്കൊപ്പം നിലകൊണ്ട് ഇന്ത്യയെ സ്വാതന്ത്ര്യപ്പുലരിയിലേക്ക് കൈപിടിച്ചാനയിച്ച ജവഹര്‍ലാല്‍ നെഹ്റുവിന്റെയും രാജ്യത്തിന് വേണ്ടി രക്തം ചിന്തിയ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും രാജ്യസ്നേഹപാരമ്പര്യം സിരകളിലൊഴുകുന്ന ഒരാളോട് നിങ്ങള്‍ യഥാര്‍ത്ഥ ഇന്ത്യക്കാരനാണോ എന്ന് ചോദ്യം ഉയര്‍ത്തുന്ന സാഹചര്യം തീര്‍ച്ചയായും വിശകലം ചെയ്യപ്പെടേണ്ടത് തന്നെയാണ്. ബി.ജെ.പിയുടെയും സംഘപരിവാര്‍ നേതാക്കളുടെയും നാവില്‍ നിന്നുപോലും ഉയരാന്‍ സാധ്യതയില്ലാത്ത ചോദ്യമാണ് രാഹുല്‍ ഗാന്ധിയുടെ നേര്‍ക്ക് പരമോന്നത കോടതിയിലെ ഒരു ജഡ്ജിയില്‍ നിന്നുണ്ടായത്. യഥാര്‍ഥ ഇന്ത്യക്കാരന്‍ ആരാണെന്ന് തീരുമാനിക്കുന്നത് സുപ്രീംകോടതി ജഡ്ജിമാരല്ലെന്ന് ലോക്സഭാംഗമായ പ്രിയങ്കാ ഗാന്ധിയുടെ മറുപടി തന്നെയാണ് ഏറ്റവും ലളിതമായ ഉത്തരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.