കേസ് വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നത് അന്വേഷണങ്ങളെ ബാധിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയെ വിവരാവകാശ നിയമത്തിന്റെ സെക്ഷൻ 24 പ്രകാരം വിവരം നൽകുന്നതിൽനിന്ന് ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് വകുപ്പിൽ നിന്ന് ആവശ്യമുയർന്നിരിക്കുകയാണ്. വിജിലൻസ് ഡയറക്ടറായിരുന്ന യോഗേഷ് ഗുപ്ത ജനുവരിയിൽ നൽകിയ കത്തിലാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്.
ഒരു പരാതി ലഭിച്ചാൽ പ്രാഥമിക അന്വേഷണവും തുടർന്ന് വെരിഫിക്കേഷനും നടത്തിയ ശേഷമാണ് വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്. കേസെടുത്ത് അന്വേഷിച്ച ശേഷവും പലതരത്തിലുള്ള വിവരശേഖരണം ഉണ്ടാകും. ഈ ഘട്ടങ്ങളിൽ വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിജലൻസിന്റെ ഒരു ന്യായം.
അതിനാൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയെ വിവരാവകാശ നിയമത്തിന്റെ സെക്ഷൻ 24 പ്രകാരം വിവരം നൽകുന്നതിൽനിന്ന് ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നായിരുന്നു ആവശ്യം. നിലവിൽ ഈ ആവശ്യം നിയമവകുപ്പിന്റെ പരിശോധനയിലാണ്.
ഇത്തരം തീരുമാനങ്ങൾക്കു വിവരാവകാശ കമീഷന്റെ അഭിപ്രായം തേടണമെന്നുണ്ടെങ്കിലും അതു ചെയ്യാറില്ല. അതിനാൽ, വിജിലൻസിനെ ഒന്നടങ്കം വിവരാവകാശ നിയമ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഈ കത്ത് ആഭ്യന്തര വകുപ്പിന്റെ നടപടികളുടെ ഭാഗമായി പൊതുഭരണ വകുപ്പിന് കൈമാറിയിട്ടുണ്ട്.
വിവാദമായ കേസുകളുടെ രേഖകൾ ജനങ്ങൾ ആവശ്യപ്പെടുന്നത് കണക്കിലെടുത്താണ് പുതിയ നീക്കം. വിവരാവകാശ നിയമവും വിവിധ കോടതി വിധികളും കണക്കിലെടുത്താൽ വിജിലൻസിന്റെ ആവശ്യം സർക്കാറിന് അംഗീകരിക്കാൻ കഴിയില്ല. ഏതെങ്കിലും വിഭാഗങ്ങളെ വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കിയാലും അഴിമതി, മനുഷ്യാവകാശം എന്നിവ സംബന്ധിച്ച വിവരങ്ങൾ നൽകണമെന്ന ചട്ടം സുപ്രീംകോടതിയും ശരിവെച്ചിട്ടുണ്ട്.
രാജ്യത്തിന്റെയോ സംസ്ഥാനങ്ങളുടെയോ ഇന്റലിജൻസ് സുരക്ഷ സംവിധാനങ്ങളെ അതതു സർക്കാറുകൾക്ക് ഈ നിയമത്തിൽനിന്നൊഴിവാക്കാമെന്ന് വിവരാവകാശ നിയമം 24ാം വകുപ്പ് വ്യക്തമാക്കുന്നത്. എന്നാൽ, ഇവയെ ഒഴിവാക്കിയാലും ഈ സ്ഥാപനങ്ങളിലെ അഴിമതിയെയും മനുഷ്യാവകാശ ലംഘനങ്ങളെയും പറ്റിയുള്ള വിവരങ്ങൾ നൽകാൻ ബാധ്യതയുണ്ടെന്ന് 24ാം വകുപ്പ് പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട്. അതിനാൽ, സർക്കാറിന്റെ ഇപ്പോഴത്തെ നടപടി നിയമപരമായി നിലനിൽക്കില്ല.
അന്വേഷണ സംബന്ധമായ രഹസ്യ സ്വഭാവമുള്ള കാര്യങ്ങൾ പറയാൻ കഴിയില്ല, അന്വേഷണം പൂർത്തീകരിച്ചിട്ടില്ല, കുറ്റപത്രം സമർപ്പിച്ചിട്ടില്ല തുടങ്ങിയ കാര്യങ്ങൾ അറിയിക്കുകയാണെങ്കിൽ പൗരന് അത് മനസ്സിലാക്കാൻ സാധിക്കും. അല്ലാതെ പൂർണമായി ഒരു വിഭാഗത്തെ ഒഴിവാക്കുന്നത് ശരിയായ നടപടിയല്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന വിജിലൻസ് കൈകാര്യം ചെയ്യുന്നത് അഴിമതി സംബന്ധിച്ച കേസുകളും ഫയലുകളുമാണ്. ഫലത്തിൽ 24ാം വകുപ്പനുസരിച്ച് ഒഴിവാക്കിയാൽപോലും വിജിലൻസിന് കീഴിലെ വിവരങ്ങൾ നിയമപ്രകാരം ജനത്തിന് നൽകേണ്ടിവരും. ഈ പൊരുത്തക്കേട് കണക്കിലെടുക്കാതെയാണ് ഡയറക്ടർ സർക്കാറിന് കത്ത് നൽകിയത്. ഫയൽ ഇപ്പോൾ നിയമവകുപ്പിലാണെങ്കിലും നിയമ സെക്രട്ടറിക്ക് മുന്നിലെത്തിയിട്ടില്ല.
സമാനരീതിയിൽ ജി.എസ്.ടി ഇന്റലിജൻസ് വിഭാഗത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജനുവരിയിൽ ജി.എസ്.ടി കമീഷണർ സർക്കാറിന് കത്ത് നൽകിയിരുന്നു. കേന്ദ്രത്തിൽ ജി.എസ്.ടിയുടെ ഇന്റലിജൻസ് വിഭാഗം റവന്യൂ ഇന്റലിജൻസ് ആണെന്നും അവരെ വിവരാവകാശനിയമ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞത്. എന്നാൽ, റവന്യൂ ഇന്റലിജൻസിന് പുറമെ കേന്ദ്രത്തിൽ ജി.എസ്.ടിക്ക് കീഴിൽ ഇന്റലിജൻസ് വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ഇത് വിവരാവകാശപരിധിയിലുമാണ്. ഇത് പരിശോധിക്കാതെ പൊതുഭരണവകുപ്പ് സം
സ്ഥാന ജി.എസ്.ടി കമീഷണറുടെ ആവശ്യം അംഗീകരിച്ച് കഴിഞ്ഞ മേയിൽ ജി.എസ്.ടി ഇന്റലിജൻസ് വിഭാഗത്തെ വിവരാവകാശ നിയപരിധിയിൽനിന്ന് ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. വിവരാവകാശനിയമം പാസാക്കുന്ന സമയത്ത് ഏകദേശം 20 ഓളം വിഭാഗങ്ങളെ ആർ.ടി.ഐയുടെ പരിധിയിൽനിന്ന് മാറ്റിയിരുന്നു.
ആഭ്യന്തരവകുപ്പ്, സി.ബി.ഐ, ഇന്റലിജൻസ് ബ്യൂറോ തുടങ്ങിയവ ഒഴിവാക്കപ്പെട്ടവയിൽ ഉൾപ്പെടും. ക്രൈം റെക്കോഡ്സ് ബ്യൂറോയും അത്തരത്തിൽ സംസ്ഥാന സർക്കാർ ഒഴിവാക്കപ്പെട്ടവയുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരുന്നത്.
2016ൽ രഹസ്യവിഭാഗത്തിലേക്ക് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയെ മാറ്റി വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടത് വിവാദമായിരുന്നു. നിയമത്തിന്റെ അന്തഃസ്സത്തയെ ചോദ്യം ചെയ്യുന്ന നടപടിക്കെതിരെ അന്ന് ഇറങ്ങിയത് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനുമായിരുന്നു.
വിജിലൻസ് എന്നത് രഹസ്യാന്വേഷണവും സുരക്ഷയും സംബന്ധിച്ച സംവിധാനമല്ല, അഴിമതി അന്വേഷിക്കുന്ന ഏജൻസി മാത്രമാണ്. പരാതി അന്വേഷിക്കുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് വിവരങ്ങൾ നിഷേധിക്കേണ്ടിവരുന്നതെന്നാണ് മറ്റൊരു വാദം. എന്നാൽ, ഏതെങ്കിലും വ്യക്തിക്ക് ഭീഷണിയാവുന്നതും അന്വേഷണത്തെ ബാധിക്കുന്നതുമായ വിവരങ്ങൾ ഇതേ കാരണം പറഞ്ഞ് നിഷേധിക്കാൻ എട്ടാം വകുപ്പിൽ വ്യവസ്ഥയുണ്ട്.
ഇതിനായി ഏതെങ്കിലും സംവിധാനത്തെ പൂർണമായി ഒഴിവാക്കേണ്ടതില്ല. വിജിലൻസിന്റെ രഹസ്യവിഭാഗത്തെ മാത്രമാണൊഴിവാക്കുന്നത് എന്നതുകൊണ്ട് നടപടി നിർദോഷവുമാകുന്നില്ല. ഭാവിയിൽ അഴിമതി സംബന്ധിച്ച ഏത് വിവരവും രഹസ്യവിഭാഗത്തിൽപ്പെടുത്തി നിഷേധിക്കുന്ന സാഹചര്യമുണ്ടായേക്കും.
കേരളത്തിൽ കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരം ശേഖരിക്കുന്ന ക്രൈം റെക്കോഡ്സ് ബ്യൂറോയെവരെ വിവരാവകാശനിയമത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോപോലും വിപുലമായ സ്ഥിതി വിവരം പുറത്തുവിടുമ്പോൾ സംസ്ഥാന ബ്യൂറോ വിവരങ്ങൾ മറച്ചുവെക്കുന്നത് സുതാര്യതയില്ലായ്മയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.