ഹിരോഷിമ ദിനത്തിൽ ജപ്പാനിലെ മോട്ടോയാസു

പുഴയിൽ കടലാസ് വിളക്കുകൾ ഒഴുക്കുന്നു

കെടുതി മാത്രമല്ല, കരുത്തും; ഹിരോഷിമ ഓർമകളിൽ ലോകം

 പതിറ്റാണ്ടുകൾ കഴിഞ്ഞും ലോകത്തിന് വേദനയും നടുക്കവും നിറയുന്ന ഓർമയായ ഹിരോഷിമ അണുബോംബ് ആക്രമണത്തിന് 80 വർഷം. രണ്ടാം ലോക മഹായുദ്ധത്തിന് അന്ത്യംകുറിച്ച് അമേരിക്കയാണ് ജപ്പാനിലെ ഹിരോഷിമയിൽ ലിറ്റിൽ ബോയ് എന്ന അണുബോംബ് വർഷിച്ചത്. 1945 ഓഗസ്റ്റ് ആറിന് രാവിലെ 8:15ന് ബോംബ് പതിച്ച് നഗരം പൂർണമായും തകർന്നു. ലക്ഷം പേരാണ് തൽക്ഷണം മരിച്ചുവീണത്. ആഘാതം നിലനിന്ന തുടർ നാളുകളിലും അത്രയോ അതിലേറെയോ പേർ കൊല്ലപ്പെട്ടു. ശാരീരിക വൈകല്യങ്ങളുമായി ജീവിതം നരകമായ എണ്ണമറ്റയാളുകൾ. സ്ഫോടന ആഘാതത്തിൽ ദൂരങ്ങളിലേക്ക് തെറിച്ചുപോയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ, റേഡിയേഷൻ കാരണം ഗുരുതര രോഗങ്ങൾ പിടിപെട്ടവർ... തലമുറകൾ കഴിഞ്ഞും ദുരന്തം സൃഷ്ടിച്ച മുറിവുകൾ നീണ്ടുനിന്നു.

സ്ഫോടനത്തിന് ശേഷം ദിവസങ്ങളോളം ഉയർന്ന താപനിലയും റേഡിയേഷനും നഗരത്തെ ഭീകരമാക്കി. കാൻസർ, രക്താർബുദം തുടങ്ങിയ രോഗങ്ങൾ പിടിപെട്ട് നിരവധി ആളുകൾ പിന്നീടുള്ള വർഷങ്ങളിൽ മരണപ്പെട്ടു. ഈ ആക്രമണത്തെ അതിജീവിച്ചവരെ ‘ഹിബാകുഷ’ എന്നാണ് ജപ്പാൻ വിശേഷിപ്പിക്കുന്നത്. അവരുടെ അനുഭവങ്ങൾ ആണവായുധങ്ങളുടെ ഭീകരതയെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നു. ഹിരോഷിമ ദിനം ഒരു ഓർമപ്പെടുത്തലാണ്. യുദ്ധം വരുത്തിവെക്കുന്ന ഭീകരമായ നാശനഷ്ടങ്ങളെക്കുറിച്ചും, ആണവായുധങ്ങളുടെ ഉപയോഗം മനുഷ്യരാശിയുടെ നിലനിൽപ്പിന് എത്രത്തോളം അപകടകരമാണെന്നും ഈ ദിനം ഓർമിപ്പിക്കുന്നു.

80 വർഷങ്ങൾക്ക് ശേഷമുള്ള ഹിരോഷിമ ഇന്ന് സമാധാനത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായി പുനർനിർമിക്കപ്പെട്ടിരിക്കുന്നു. എല്ലാ വർഷവും ആഗസ്റ്റ് ആറിന് ഹിരോഷിമയിൽ നടക്കുന്ന അനുസ്മരണ ചടങ്ങുകളിൽ ലോകരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നു. ആണവായുധങ്ങൾ ഇല്ലാത്ത ഒരു ലോകത്തിനായി പ്രതിജ്ഞയെടുക്കാനുള്ള വേദിയാണ് ഇന്ന് ഹിരോഷിമ. ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്ക്, അണുബോംബ് പതിച്ചതിന്റെ അവശേഷിപ്പുകളായ കെട്ടിടങ്ങൾ എന്നിവയെല്ലാം ദുരന്തത്തിന്റെ ഓർമപ്പെടുത്തലുകളാണ്.

Tags:    
News Summary - World in the memories of Hiroshima

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.