റഷ്യൻ മേഖലയിലൂടെ പുതിയ ‘ട്രംപ് റൂട്ട്’; വെറ്റ് ഹൗസിൽ ‘സമാധാന കരാറിൽ’ ഒപ്പിട്ട് അസർബൈജാനും അർമേനിയയും

വാഷിംങ്ടൺ: പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സംഘർഷത്തിന് അറുതി വരുമെന്ന പ്രതീക്ഷയിൽ വൈറ്റ് ഹൗസിൽ ട്രംപിന്റെ മധ്യസ്ഥതയിൽ സമാധാന കരാറിൽ ഒപ്പുവെച്ച് അർമേനിയയുടെയും അസർബൈജാന്റെയും നേതാക്കൾ.

ദക്ഷിണ കൊക്കാസസിലെ രണ്ട് രാജ്യങ്ങളും പരസ്പരം കരാറുകളിൽ ഒപ്പുവച്ചു. കരാർ പ്രകാരം മേഖലയിൽ യു.എസ് പ്രധാന ഗതാഗത മാർഗങ്ങൾ വീണ്ടും തുറക്കുമെന്നാണ് റി​പ്പോർട്ട്.  അതോടൊപ്പം റഷ്യൻ മേഖലയിലേക്കുള്ള യു.എസിന്റെ കടന്നുവരവിൽ ആശങ്കയും ഉയരുന്നുണ്ട്.  

അസർബൈജാനെ നഖ്‌ചിവാനുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന ഗതാഗത ഇടനാഴി സൃഷ്ടിക്കുന്ന ഒരു കരാറും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ഇടനാഴിയുടെ മേലുള്ള അവകാശം അമേരിക്കക്ക് സ്വന്തമാകും. അന്താരാഷ്ട്ര സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള ‘ട്രംപ് റൂട്ട്’ എന്ന് ഇതിന് പേരിടുമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.

ഇത്തരമൊരു പാതക്ക് തന്റെ പേര് നൽകുന്നത് ‘ഒരു വലിയ ബഹുമതിയാണ്’ എന്നും ‘എന്നാൽ ഞാൻ ഇത് ആവശ്യപ്പെടില്ല’ എന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.  എനാൽ, ഈ പേര് നിർദേശിച്ചത് അർമേനിയക്കാരാണെന്ന് പരിപാടിക്ക് മുമ്പ് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരുമായി നടത്തിയ സംഭാഷണത്തിൽ പറയുകയുണ്ടായി.

അർമേനിയയും അസർബൈജാനും അമേരിക്കയുമായി കരാറുകളിൽ ഒപ്പുവച്ചത് ഊർജം, സാങ്കേതികവിദ്യ, സമ്പദ്‌വ്യവസ്ഥ എന്നിവയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനാണെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവും അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പാഷിനിയാനും ഹസ്ത ദാന​ത്തോടെ ആ നിമിഷം ആഘോഷിച്ചു. നടുവിലായി ട്രംപ് സ്വന്തം കൈകൾ അവരുടെ കൈകളിൽ ചേർത്തു പിടിച്ചു.

നിരവധി ആഗോള വ്യക്തിത്വങ്ങൾ കരാറിനെ സ്വാഗതം ചെയ്തു. യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി, ‘ധീരമായ നടപടികളി’ൽ അർമേനിയയെയും അസർബൈജാനെയും വികസനത്തിൽ ട്രംപിന്റെ പങ്കിനെയും അഭിനന്ദിച്ചു. യൂറോപ്യൻ കമീഷന്റെയും യൂറോപ്യൻ കൗൺസിലിന്റെയും പ്രസിഡന്റുമാരായ ഉർസുല വോൺ ഡെർ ലെയ്ൻ, അന്റോണിയോ കോസ്റ്റ എന്നിവരും കരാറിനെ പ്രശംസിച്ചു. രാജ്യങ്ങൾ പൂർണമായ സാധാരണവൽക്കരണത്തിലേക്ക് നീങ്ങുന്നതിന് ഇത് വേഗം കൂട്ടുമെന്നും പറഞ്ഞു.

അതേസമയം, ഇരു രാജ്യങ്ങളുമായും അതിർത്തി പങ്കിടുന്ന ഇറാന്റെ വിദേശകാര്യ മന്ത്രാലയം വിദേശ ഇടപെടലിനെതിരെ മുന്നറിയിപ്പ് നൽകി. അർമേനിയയുടെയും അസർബൈജാന്റെയും സംഘർഷം അവസാനിപ്പിക്കുന്നതിനെ സ്വാഗതം ചെയ്തപ്പോൾ ത​ന്നെ, കരാറിന്റെ ഭാഗമായി അംഗീകരിച്ച ഗതാഗത ഇടനാഴി സൃഷ്ടിക്കുന്നതിനെ വളരെക്കാലമായി ഇറാൻ എതിർത്തുവരുന്നുണ്ട്.

അന്താരാഷ്ട്രതലത്തിൽ നഗോർണോ-കറാബഖ് എന്നറിയപ്പെടുന്ന കരാബഖ് മേഖലയുടെ നിയന്ത്രണത്തിനായി ഇരു രാജ്യങ്ങളും തമ്മിൽ നാല് പതിറ്റാണ്ടുകളായി സംഘർഷത്തിലാണ്. സോവിയറ്റ് കാലഘട്ടത്തിൽ ഈ പ്രദേശം പ്രധാനമായും അർമേനിയക്കാരുടേതായിരുന്നു. പക്ഷേ ഇന്നത് അസർബൈജാനിൽ സ്ഥിതിചെയ്യുന്നു.

പതിറ്റാണ്ടുകളായി പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ ഒന്നിലധികം അക്രമാസക്തമായ ഏറ്റുമുട്ടലുകളിലൂടെയാണ് ഇരു രാജ്യങ്ങളും പ്രദേശത്തിന്റെ നിയന്ത്രണത്തിനായി പോരാടിയത്. നിരവധി അന്താരാഷ്ട്ര മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടു. ഏറ്റവും ഒടുവിൽ, 2023 ൽ അസർബൈജാൻ മുഴുവൻ കരാബക്കും തിരിച്ചുപിടിച്ചു. ബന്ധം സാധാരണ നിലയിലാക്കാൻ അർമേനിയയുമായി ചർച്ചകൾ നടത്തി. 

ഒരു ‘സമാധാന നിർമാതാവ്’ എന്ന നിലയിൽ പേരെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ട്രംപ് ഇവരുടെയും മധ്യസ്ഥതനായി ഇടപെടുന്നത്. എന്നാൽ, മേഖലയിലെ യു.എസിന്റെ സാമ്പത്തിക താൽപര്യങ്ങളും  പുറത്തുവരുന്നുണ്ട്.

Tags:    
News Summary - Azerbaijan and Armenia sign peace deal at White House that creates a ‘Trump Route’ in region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.