ജറൂസേലം: അന്താരാഷ്ട്ര നിയമങ്ങളും യുദ്ധനിയമങ്ങളും പാലിക്കുന്ന ഒരു ജനാധിപത്യ രാജ്യമാണെന്ന സ്വയാവകാശവാദങ്ങൾക്കിടയിലും ഇസ്രായേലിന്റെ വിശ്വാസ്യത വലിയ രീതിയിൽ തകർന്നതായി റിപ്പോർട്ട്. യു.എസിന്റെ പിന്തുണ ഉണ്ടായിരുന്നിട്ടും ജൂത രാഷ്ട്രം അന്താരാഷ്ട്ര വിശ്വാസ്യതയുടെ ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. അതിൽനിന്ന് കരകയറാൻ വളരെക്കാലം അതിന് കഴിഞ്ഞേക്കില്ലെന്നുമാണ് നിലവിലെ സൂചനകൾ.
ഗസ്സയുടെ പൂർണമായ സൈനിക നിയന്ത്രണം ഏറ്റെടുക്കാനുള്ള പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഏറ്റവും പുതിയ പദ്ധതിയും, അവിടെ വർധിച്ചുവരുന്ന പട്ടിണി പ്രതിസന്ധിയും, വെസ്റ്റ് ബാങ്കിലെ ഇസ്രായേലിന്റെ അടിച്ചമർത്തൽ നടപടികളും ഈ പ്രതിസന്ധിക്ക് ആക്കമേറ്റുന്നു.
അടുത്തിടെ നടന്ന ഒരു ‘പ്യൂ’ വോട്ടെടുപ്പ് പ്രകാരം, ഇസ്രായേലിനെക്കുറിച്ചുള്ള അന്താരാഷ്ട്ര വീക്ഷണം ഇപ്പോൾ പോസിറ്റീവിനേക്കാൾ നെഗറ്റീവാണ്. 2025 ന്റെ തുടക്കത്തിൽ നെതർലാൻഡ്‌സ് (78 ശതമാനം), ജപ്പാൻ (79 ശതമാനം), സ്‌പെയിൻ (75 ശതമാനം), ഓസ്‌ട്രേലിയ (74 ശതമാനം), തുർക്കിയെ (93 ശതമാനം), സ്വീഡൻ (75 ശതമാനം) തുടങ്ങിയ രാജ്യങ്ങളിൽ നടത്തിയ സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും ഇസ്രായേലിനെ പ്രതികൂലമായി വീക്ഷിക്കുന്നതായി പറഞ്ഞു.
യുദ്ധക്കുറ്റകൃത്യങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ചുമത്തി നെതന്യാഹുവിനും ഇസ്രായേലിന്റെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തിയതായി നിരവധി അന്താരാഷ്ട്ര നിയമ വിദഗ്ധരും വംശഹത്യാ വിശകലന പണ്ഡിതരും മനുഷ്യാവകാശ ഗ്രൂപ്പുകളും ആരോപിച്ചിട്ടുണ്ട്.
ഇസ്രായേലിന്റെ പരമ്പരാഗത പിന്തുണക്കാർ നെതന്യാഹു സർക്കാറിന്റെ നടപടികളെ രാജ്യത്തിനകത്തും പുറത്തും നിന്ന് നിശിതമായി വിമർശിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രിമാരായ യെഹൂദ് ഒൽമെർട്ട്, യെഹുദ് ബരാക്, ഇസ്രായേലി സാഹിത്യരംഗത്തെ അതികായൻ ഡേവിഡ് ഗ്രോസ്മാൻ, ജൂതമത റബ്ബി ജോനാഥൻ വിറ്റൻബർഗ്, റബ്ബി ഡെൽഫിൻ ഹോർവില്ലൂർ എന്നിവരും ഇതിൽ ഉൾപ്പെടും.
കൂടാതെ, നൂറുകണക്കിന് വിരമിച്ച ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥർ നെതന്യാഹുവിനെ യുദ്ധം അവസാനിപ്പിക്കാൻ പ്രേരിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്. പുറമെ, ഇസ്രായേലിന്റെ ആഗോള പങ്കാളികൾ സ്വയം വിട്ടു നിൽക്കുന്നുണ്ട്. ഗസ്സയിലെ പട്ടിണി കിടക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ സമീപ ആഴ്ചകളിൽ വാർത്തകളിൽ നിറഞ്ഞതോടെ പടിഞ്ഞാറൻ സഖ്യത്തിലെ ഇസ്രായേലിന്റെ പല സുഹൃത്തുക്കളും അതിന്റെ നയപരമായ നടപടികൾ ഇനിയും അംഗീകരിക്കാൻ കഴിയാത്ത അവസ്ഥയിലെത്തിയിരിക്കുന്നു.
ആഗോള തലത്തിലെ ഒരു പ്രധാന ചുവടുവെപ്പായി, കഴിഞ്ഞ സെപ്റ്റംബറിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാൻസ് പ്രഖ്യാപിച്ചു. യു.കെയും കാനഡയും ഇത് പിന്തുടരുമെന്ന് പ്രതിജ്ഞയെടുത്തു. ജർമനി പോലും ഇപ്പോൾ ആ അർഥത്തിലുള്ള നീക്കങ്ങൾ ആരംഭിച്ചു. ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് തന്റെ രാജ്യം ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന കാര്യത്തിൽ സമയത്തിന്റെ മാത്രമേയുള്ളൂവെന്നും സൂചിപ്പിച്ചു.
യൂറോപ്യൻ യൂനിയന്റെ ഇസ്രായേലുമായുള്ള വ്യാപാര കരാർ താൽക്കാലികമായി നിർത്തിവെക്കണമെന്ന് സ്‌പെയിനും സ്വീഡനും ആവശ്യപ്പെട്ടിട്ടുണ്ട്. നെതർലാൻഡ്‌സ് ഇസ്രായേലിനെ ഒരു ‘സുരക്ഷാ ഭീഷണി’ എന്ന് ഔദ്യോഗികമായി മുദ്രകുത്തി. ഡച്ച് പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ ചൂണ്ടിക്കാട്ടി.
ഇങ്ങനെയൊക്കെയായിട്ടും, അന്താരാഷ്ട്ര സമൂഹത്തിൽ ഇസ്രായേലിനെതിരായ ആക്കം കൂടിയിട്ടും അമേരിക്ക അതിന്റെ ഏക പ്രധാന ആഗോള പിന്തുണക്കാരനായി നിലകൊള്ളുകയാണ്. ഇസ്രായേലിന്റെ പരമാധികാരം, സുരക്ഷ, വികസനം എന്നിവ ഇപ്പോൾ അമേരിക്കയുടെ തുടർച്ചയായ പിന്തുണയുടെ പുറത്താണ്. യു.എസ് സഹായമില്ലായിരുന്നെങ്കിൽ, പ്രത്യേകിച്ച് ബില്യൺ കണക്കിന് ഡോളറിന്റെ ആയുധ കയറ്റുമതി ഇല്ലായിരുന്നെങ്കിൽ 1967 ലെ അറബ്-ഇസ്രായേൽ യുദ്ധത്തിനുശേഷം വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും നടത്തിയ വിനാശകരമായ ഗസ്സ പ്രചാരണമോ അടിച്ചമർത്തലോ അധിനിവേശമോ നിലനിർത്താൻ ഇസ്രായേൽ വിയർക്കുമായിരുന്നു.
ട്രംപ് ഇസ്രായേലിനോട് ആഴമായ പ്രതിബദ്ധത പരസ്യമാക്കിയിട്ടും, യു.എസ് വോട്ടർമാരിൽ പലരും രാജ്യത്തിനുമേൽ നെതന്യാഹുവിന്റെ സ്വാധീനത്തിന്റെ ആഴത്തെയും ഇസ്രായേലിനുള്ള യു.എസ് സഹായത്തെയും ഗൗരവമായി ചോദ്യം ചെയ്യുന്നുണ്ട്. മാർച്ചിൽ നടന്ന ഒരു ഗാലപ്പ് വോട്ടെടുപ്പ് പ്രകാരം, പകുതിയിൽ താഴെ അമേരിക്കക്കാർക്കു മാത്രമാണ് ഇസ്രായേലിനോട് അനുകൂല മനോഭാവമുള്ളത്. ട്രംപിന്റെ ‘ഭക്തരിൽ’പ്പെട്ട രാഷ്ട്രീയ തന്ത്രജ്ഞൻ സ്റ്റീവ് ബാനൺ, മാർജോറി ടെയ്‌ലർ ഗ്രീൻ എന്നിവരും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഗസ്സയിൽ പട്ടിണി ഇല്ലെന്ന നെതന്യാഹുവിന്റെ അവകാശവാദത്തിൽ ട്രംപ് പോലും ഒരു തവണ പരസ്യമായി ചോദ്യം ചെയ്തു.
ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ച് ഇസ്രായേലികൾക്ക് മങ്ങിയ വീക്ഷണമാണുള്ളത്. ഹമാസിൽ നിന്ന് എല്ലാ ബന്ദികളുടെ മോചനം ഉറപ്പാക്കുന്നതിൽ നെതന്യാഹുവിന്റെയും തീവ്ര വലതുപക്ഷ ഭരണകൂടത്തിന്റെയും പ്രവർത്തനശേഷി കാണാൻ പല ഇസ്രായേലികളും ആഗ്രഹിക്കുന്നു. പ്രത്യേകിച്ചും ഹമാസിന്റെ കൈവശമുള്ള ശേഷിക്കുന്ന ബന്ദികളുടെ മോചനത്തിന് പകരമായി യുദ്ധം അവസാനിപ്പിക്കാനുള്ള ഒരു കരാറിനെ 74 ശതമാനം ഇസ്രായേലികളും പിന്തുണക്കുന്നുവെന്ന് ഇസ്രായേലിന്റെ ചാനൽ നടത്തിയ സമീപകാല വോട്ടെടുപ്പിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.