ജറൂസലം: അന്താരാഷ്ട്ര നിയമങ്ങളും യുദ്ധനിയമങ്ങളും പാലിക്കുന്ന ജനാധിപത്യ രാജ്യമാണെന്ന സ്വന്തം അവകാശവാദങ്ങൾക്കിടയിലും ഇസ്രായേലിന്റെ വിശ്വാസ്യത വലിയ രീതിയിൽ തകർന്നതായി റിപ്പോർട്ട്. യു.എസിന്റെ പിന്തുണ ഉണ്ടായിട്ടും ജൂതരാഷ്ട്രം ഗുരുതര അന്താരാഷ്ട്ര വിശ്വാസ്യത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുവെന്നും അതിൽനിന്ന് കരകയറൽ എളുപ്പമല്ലെന്നുമാണ് നിലവിലെ സൂചനകൾ. ഗസ്സ നഗരത്തിന്റെ പൂർണ സൈനിക നിയന്ത്രണം ഏറ്റെടുക്കാനുള്ള പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഏറ്റവും പുതിയ പദ്ധതിയും അവിടെ വർധിച്ചുവരുന്ന പട്ടിണിയും വെസ്റ്റ് ബാങ്കിലെ ഇസ്രായേലിന്റെ അടിച്ചമർത്തൽ നടപടികളും ഈ പ്രതിസന്ധിക്ക് ആക്കമേറ്റുന്നു.
യുദ്ധ കുറ്റകൃത്യങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ചുമത്തി നെതന്യാഹുവിനും ഇസ്രായേൽ മുൻ പ്രതിരോധ മന്ത്രി യൊആവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തിയതായി നിരവധി അന്താരാഷ്ട്ര നിയമവിദഗ്ധരും വംശഹത്യ വിശകലന പണ്ഡിതരും മനുഷ്യാവകാശ ഗ്രൂപ്പുകളും ആരോപിക്കുന്നു.
ഇസ്രായേലിന്റെ പരമ്പരാഗത പിന്തുണക്കാർ നെതന്യാഹു സർക്കാറിന്റെ നടപടികളെ രാജ്യത്തിനകത്തും പുറത്തുംനിന്ന് നിശിതമായി വിമർശിക്കുകയാണ്. മുൻ പ്രധാനമന്ത്രിമാരായ യെഹൂദ് ഒൽമെർട്ട്, യെഹുദ് ബരാക്, ഇസ്രായേലി സാഹിത്യരംഗത്തെ അതികായൻ ഡേവിഡ് ഗ്രോസ്മാൻ, ജൂതമത റബ്ബി ജോനാഥൻ വിറ്റൻബർഗ്, റബ്ബി ഡെൽഫിൻ ഹോർവില്ലൂർ എന്നിവരും ഇതിൽ ഉൾപ്പെടും.
കൂടാതെ, നെതന്യാഹുവിനെ യുദ്ധം അവസാനിപ്പിക്കാൻ പ്രേരിപ്പിക്കണമെന്ന് നൂറുകണക്കിന് വിരമിച്ച ഇസ്രായേലി സുരക്ഷ ഉദ്യോഗസ്ഥർ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് അഭ്യർഥിച്ചിട്ടുമുണ്ട്. ഗസ്സയിലെ പട്ടിണി കിടക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ സമീപ ആഴ്ചകളിൽ വാർത്തകളിൽ നിറഞ്ഞതോടെ പടിഞ്ഞാറൻ സഖ്യത്തിലെ ഇസ്രായേലിന്റെ പല സുഹൃത്തുക്കളും നയംമാറ്റ ചിന്തയിലാണ്.
ആഗോളതലത്തിലെ പ്രധാന ചുവടുവെപ്പായി ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ഫ്രാൻസ് പ്രഖ്യാപിച്ചു. യു.കെയും കാനഡയും ഇത് പിന്തുടരുമെന്ന് പ്രതിജ്ഞയെടുത്തു. ജർമനിപോലും ഇതിനുള്ള നീക്കം ആരംഭിച്ചു. ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും തന്റെ രാജ്യം ഇതേ പാതയിലാണെന്ന് സൂചിപ്പിച്ചു. യൂറോപ്യൻ യൂനിയന്റെ ഇസ്രായേലുമായുള്ള വ്യാപാര കരാർ താൽക്കാലികമായി നിർത്തിവെക്കണമെന്ന് സ്പെയിനും സ്വീഡനും ആവശ്യപ്പെട്ടിട്ടുണ്ട്. നെതർലാൻഡ്സ് ഇസ്രായേലിനെ ‘സുരക്ഷാ ഭീഷണി’ എന്ന് ഔദ്യോഗികമായി മുദ്രകുത്തി.
ഹോളോകോസ്റ്റ് കാല ഓർമകൾ വേട്ടയാടുന്ന ജർമനി കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേലിന് ആയുധ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നെതന്യാഹുവിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കാറുള്ള ജർമൻ ചാൻസ്ലറും നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാൻ മാത്രം രാജ്യത്ത് ഇസ്രായേൽ വിരുദ്ധ വികാരം ശക്തിപ്പെടുകയാണ്.
ഗസ്സക്ക് ഐക്യദാർഢ്യവുമായി ലോകമെങ്ങും പ്രതിഷേധ ജ്വാല
ലണ്ടൻ: ഇസ്രായേൽ സൈന്യം നടത്തുന്ന വംശഹത്യക്കൊപ്പം പട്ടിണി മരണവും രൂക്ഷമാകുന്ന ഗസ്സക്ക് ഐക്യദാർഢ്യവുമായി ലോകമെങ്ങും പ്രതിഷേധം. ശനി, ഞായർ ദിനങ്ങളിൽ ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളിലും ഇസ്രായേലിനെയും നെതന്യാഹുവിനെയും പ്രതിക്കൂട്ടിലാക്കി പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ബ്രിട്ടനിൽ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളുടെ പേരിൽ നിരോധിക്കപ്പെട്ട സംഘടനയായ ഫലസ്തീൻ ആക്ഷന്റെ ബാനറിൽ ലണ്ടനിലെ പാർലമെന്റ് ചത്വരത്തിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത 466 പേരെ അറസ്റ്റ് ചെയ്തു. സമീപകാലത്ത് ലണ്ടൻ നഗരം സാക്ഷിയായ ഏറ്റവും വലിയ പ്രക്ഷോഭമാണ് ശനിയാഴ്ച വൈകീട്ട് നടന്നത്. നിരോധിക്കപ്പെട്ട സംഘടനയുടെ പേരിലോ പിന്തുണച്ചോ പരിപാടി നടത്തുന്നത് കുറ്റകൃത്യമായിട്ടും നൂറുകണക്കിന് പേർ ‘ഫലസ്തീൻ ആക്ഷൻ’ ബാനറുകളുയർത്തി.
യൂറോപ്പിൽ സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, ജർമനി, ഫ്രാൻസ്, നോർവേ തുടങ്ങിയ രാജ്യങ്ങളിലും തുർക്കി, മലേഷ്യ, ചിലി, അർജന്റീന, അൽജീരിയ, തുനീഷ്യ എന്നിവിടങ്ങളിലും ആസ്ട്രേലിയൻ നഗരമായ കാൻബറ, സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ഹോം, ബ്രിട്ടനിൽ മറ്റു നഗരങ്ങൾ എന്നിവിടങ്ങളിലും പ്രകടനങ്ങൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.