ഡോണൾഡ് ട്രംപ്, പ്രഫ. ഹാൻകെ

‘ട്രംപ് സ്വയം നശിക്കുന്നു’; വ്യാപാര യുദ്ധത്തിൽ ആശങ്ക പ്രകടിപ്പിച്ച് യു.എസ് സാമ്പത്തിക വിദഗ്ധൻ

വാഷിങ്ടൺ: ലോക രാജ്യങ്ങളുമായി വ്യാപാരയുദ്ധം പ്രഖ്യാപിച്ച യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സ്വയം നശിക്കുകയാണെന്ന് അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനും ജോൺ ഹോപ്കിൻസ് സർവകലാശാല പ്രഫസറുമായ സ്റ്റീവ് ഹാൻകെ. ട്രംപിന്‍റെ നടപടികൾ ശുദ്ധ അസംബന്ധമാണെന്നും ചെയ്യുന്നതെല്ലാം തെറ്റാണെന്നും ഹാൻകെ പറഞ്ഞു. ഇന്ത്യൻ ഉൽപന്നങ്ങൾക്കു മേൽ 50 ശതമാനം തീരുവ പ്രഖ്യാപിച്ച ട്രംപിന്‍റെ നടപടിയിൽ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറയുന്നതെന്നത് ശ്രദ്ധേയമാണ്.

“ഇത്തരം സാഹചര്യത്തിൽ നെപ്പോളിയന്‍റെ പരാമർശം ഓർക്കുന്നത് നല്ലതാണ്. സ്വയം നശിപ്പിച്ചുകൊണ്ട് ശത്രുവുമായി ഏറ്റുമുട്ടരുതെന്നാണ് നെപ്പോളിയൻ പറഞ്ഞിട്ടുള്ളത്. ട്രംപ് ഇപ്പോൾ സ്വയം നശിപ്പിക്കുകയാണെന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യയുടെ കാര്യത്തിൽ പ്രധാനമന്ത്രി മോദിയും വിദേശകാര്യ മന്ത്രി ജയ്ശങ്കറും അൽപംകൂടി കാത്തിരിക്കണമെന്നാണ് എന്‍റെ അഭിപ്രായം. ട്രംപിന്‍റെ നീക്കമെല്ലാം പൊളിയും. അദ്ദേഹത്തിന്‍റെ നടപടികളുടെ പ്രത്യാഘാതം വരാനിരിക്കുന്നതേയുള്ളൂ” -ഹാൻകെ പറഞ്ഞു.

ട്രംപ് ഇന്ത്യക്കെതിരെ ചുമത്തിയ തീരുവ യു.എസിനു തന്നെ വലിയ തിരിച്ചടിയാകുമെന്ന് അമേരിക്കൻ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ പറഞ്ഞതിനു പിന്നാലെയാണ് പ്രഫസർ ഹാൻകെ സമാന നിരീക്ഷണവുമായി രംഗത്തുവന്നത്. നടപടി ഇന്ത്യയെ ചൈനയുമായും റഷ്യയുമായും കൂടുതല്‍ അടുപ്പിക്കുമെന്നും അമേരിക്കക്കെതിരെ ഈ മൂന്ന് രാജ്യങ്ങളും ഒന്നിക്കുമെന്നുമാണ് ജോണ്‍ ബോള്‍ട്ടന്‍റെ മുന്നറിയിപ്പ് . സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്‍റെ മുൻ സഹായികൂടിയായ ബോൾട്ടന്‍റെ തുറന്നുപറച്ചിൽ.

‘തീരുവ പ്രഖ്യാപനം അമേരിക്കക്ക് ഗുണം ചെയ്യില്ല, ഏറ്റവും മോശം ഫലമാണ് നൽകുക. ഇന്ത്യയെ റഷ്യയില്‍നിന്നും ചൈനയില്‍നിന്നും അകറ്റാനുള്ള അമേരിക്കയുടെ പതിറ്റാണ്ടുകളായുള്ള ശ്രമത്തെ ദുർബലപ്പെടുത്തും. ഈ നീക്കം യു.എസിന് വലിയ തിരിച്ചടിയാകും. ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയത് യു.എസിന്‍റെ ഒരു പ്രധാന ലക്ഷ്യത്തെ തന്നെ ദുർബലപ്പെടുത്തി’ -ബോൾട്ടൻ അഭിപ്രായപ്പെട്ടു.

ട്രംപിന് ചൈനയോട് മൃദുസമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യക്ക് തീരുവ ചുമത്തുകയും ചൈനക്ക് തീരുവ ചുമത്താതിരിക്കുകയും ചെയ്തതാണ് ഇന്ത്യ മോശമായി പ്രതികരിക്കാൻ കാരണം. ചൈനയുമായി കരാര്‍ ഒപ്പിടാനുള്ള തിരക്കുമൂലം ട്രംപ് യു.എസിന്റെ താല്‍പര്യങ്ങളെ ബലികഴിക്കുകയാണെന്നും ആരോപിച്ചു. നേരത്തെ, തീരുവ പ്രശ്നം പരിഹരിക്കുന്നതുവരെ ഇന്ത്യയുമായി വ്യാപാര ചർച്ചകൾക്കുള്ള സാധ്യത ട്രംപ് തള്ളിയിരുന്നു.

ഇന്ത്യക്ക് 50 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 25 ശതമാനം തീരുവ വ്യാഴാഴ്ച നിലവിൽവന്നു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായി ഏർപ്പെടുത്തിയ 25 ശതമാനം തീരുവ ഈമാസം 27നാണ് നിലവിൽ വരുക. ഇന്ത്യ-യു.എസ് വ്യാപാര കരാറിനുള്ള അഞ്ചുവട്ട ചർച്ചകൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. തുടർ ചർച്ചകൾക്കായി അമേരിക്കൻ സംഘം ഈ മാസം 25ന് ഇന്ത്യയിൽ എത്താനിരിക്കേയാണ് ട്രംപിന്‍റെ നടപടി.

അതേസമയം, യു.എസ് ചുമത്തിയ 50 ശതമാനം തീരുവ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ചയിൽ കാൽ ശതമാനത്തിലേറെ കുറവ് വരുത്തുമെന്ന് പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ മൂഡീസ് പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷം ജി.ഡി.പി വളർച്ച 0.3 ശതമാനം കുറഞ്ഞ് ആറ് ശതമാനത്തിലെത്തുമെന്നാണ് പ്രവചനം. എന്നാൽ, ശക്തമായ ആഭ്യന്തര വിപണിയും സേവന മേഖലയുടെ ശക്തിയും സമ്മർദം ലഘൂകരിക്കുമെന്നും മൂഡീസ് അഭിപ്രായപ്പെട്ടു. പകരച്ചുങ്കം യു.എസിലേക്കുള്ള ഇന്ത്യയുടെ 55 ശതമാനം കയറ്റുമതിയെ നേരിട്ട് ബാധിച്ചേക്കും.

Tags:    
News Summary - "Trump Destroying Himself": Top US Economist On Tariff War With India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.