ജറൂസലം: ഗസ്സ നഗരം ഏറ്റെടുക്കാനുള്ള ഇസ്രായേൽ തീരുമാനത്തിൽ ആശങ്കയോടെ ഫലസ്തീനികളും ഹമാസ് തടവിലുള്ള ഇസ്രായേലി ബന്ദികളും. ഇതിനകം തന്നെ കൊടുംപട്ടിണിയിലായ ഗസ്സയിലെ ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്നതായിരിക്കും നീക്കമെന്ന് വിമർശനമുയർന്നിട്ടുണ്ട്. ലോകരാജ്യങ്ങളും ഇസ്രായേൽ നടപടിക്കെതിരെ രംഗത്തെത്തി. സംഘർഷം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമ്മർദവും ശക്തമാകുന്നുണ്ട്.
ഗസ്സ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള സൈനിക നടപടി ക്രമേണ ആയിരിക്കുമെന്നും ഇതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്നും പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഗസ്സ മുനമ്പിന്റെ നിയന്ത്രണം മുഴുവൻ ഏറ്റെടുക്കാനുള്ള നീക്കത്തിന്റെ മുന്നോടിയാണ് ഇപ്പോഴത്തെ തീരുമാനമെന്നും വിലയിരുത്തപ്പെടുന്നു. അതേസമയം, ഇസ്രായേൽ നീക്കത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ശനിയാഴ്ച ചേരാനിരുന്ന യു.എൻ രക്ഷാ സമിതി അടിയന്തര യോഗം ഞായറാഴ്ചയിലേക്ക് മാറ്റി.
യോഗം മാറ്റുന്നതിനുള്ള കാരണം രക്ഷാസമിതിയുടെ ഈ മാസത്തെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന പാനമ വ്യക്തമാക്കിയിട്ടില്ല. അതിനിടെ, യുദ്ധം അവസാനിപ്പിക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള പുതിയ പദ്ധതി മധ്യസ്ഥർ തയാറാക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈജിപ്തിെന്റയും ഖത്തറിെന്റയും നേതൃത്വത്തിലാണ് മധ്യസ്ഥ ശ്രമം. ജീവനോടെയും അല്ലാതെയുമുള്ള ബന്ദികളെ മുഴുവൻ ഒറ്റത്തവണയായി മോചിപ്പിക്കുകയും പകരമായി ഇസ്രായേൽ സേന യുദ്ധം അവസാനിപ്പിക്കുകയും ഗസ്സ മുനമ്പിൽനിന്ന് പിൻവാങ്ങുകയും ചെയ്യുന്നതിനുള്ള പദ്ധതിയാണ് തയാറാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.