‘ഞങ്ങളുടെ ഭൂമി അധിനിവേശക്കാർക്ക് നൽകില്ല’; വെടിനിർത്തലിന് യുക്രെയ്ൻ പ്രദേശങ്ങൾ റഷ്യക്ക് കൈമാറണമെന്ന ട്രംപിന്റെ നിർദേശം തള്ളി സെലെൻസ്‌കി

കീവ്: റഷ്യയുമായുള്ള സമാധാന കരാറിൽ യുക്രെയ്നിന്റെ ചില പ്രദേശങ്ങളുടെ ‘കൈമാറ്റ’വും ഉൾപ്പെടുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനക്കു പിന്നാലെ നിർദേശം തള്ളി യുക്രെയ്ൻ പ്രസിഡന്റ്.  തന്റെ നാട്ടുകാർ അവരുടെ ഭൂമി അധിനിവേശക്കാർക്ക് നൽകില്ല എന്ന് േവ്ലാദിമർ സെലെൻസ്‌കി പ്രഖ്യാപിച്ചു.

യുക്രെയ്‌നിന്റെ പ്രദേശിക ചോദ്യത്തിനുള്ള ഉത്തരം ഇതിനകം യുക്രെയ്‌നിന്റെ ഭരണഘടനയിലുണ്ടെന്നും സെലെൻസ്‌കി ‘ടെലഗ്രാമി’ലെ സന്ദേശത്തിൽ പറഞ്ഞു. ‘ആരും അതിൽ നിന്ന് വ്യതിചലിക്കില്ല. ആർക്കും കഴിയില്ല. യുക്രേനുകാർ അവരുടെ ഭൂമി അധിനിവേശക്കാരന് നൽകില്ല’ എന്നും അതിൽ തീർത്തു പറഞ്ഞു.

റഷ്യൻ പ്രസിഡന്റുമായി അടുത്ത വെള്ളിയാഴ്ച അലാസ്കയിൽ ഒരു കൂടിക്കാഴ്ച ഷെഡ്യൂൾ ചെയ്‌തിട്ടുണ്ടെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പ്രഖ്യാപിച്ചതിനു ശേഷമാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ. കൂടിക്കാഴ്ചയുടെ കൂടുതൽ വിശദാംശങ്ങൾ  ഇപ്പോഴും വ്യക്തമല്ല. അതിൽ സെലെൻസ്‌കി ഉൾപ്പെടുമോ എന്നതടക്കമുള്ള കാര്യങ്ങൾ അവ്യക്തമായി തുടരുന്നു. പുടിനുമായുള്ള കൂടിക്കാഴ്ച പ്രഖ്യാപിച്ച പോസ്റ്റിൽ ട്രംപ് യുക്രേനിയൻ പ്രസിഡന്റിനെക്കുറിച്ച് പരാമർശിച്ചിട്ടില്ല.

വെടിനിർത്തൽ കരാറിന്റെ ഭാഗമായി റഷ്യയും യുക്രെയ്‌നും തമ്മിൽ പ്രദേശങ്ങൾ കൈമാറാൻ സാധ്യതയുണ്ടെന്നാണ് കഴിഞ്ഞദിവസം വൈറ്റ് ഹൗസിൽ വെച്ച് ട്രംപ് പറഞ്ഞത്. രണ്ട് രാജ്യങ്ങളുടെയും പുരോഗതിക്കായി ചില പ്രദേശങ്ങൾ കൈമാറ്റം ചെയ്യപ്പെടും. അടുത്ത ദിസങ്ങളിലോ പിന്നീടോ. അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും വിധത്തിൽ ഞങ്ങൾ അതെക്കുറിച്ച് സംസാരിക്കും എന്നുമായിരുന്നു ട്രംപിന്റെ വാക്കുകൾ. 

യുക്രെയ്‌നിൽ വെടിനിർത്തൽ സാധ്യമാക്കുന്നതിനായി ആവശ്യങ്ങളുടെ ഒരു പട്ടിക റഷ്യക്കാർ നൽകിയിട്ടുണ്ടെന്നും അതിനായി യുക്രേനിയക്കാരിൽ നിന്നും യൂറോപ്യൻ സഖ്യകക്ഷികളിൽ നിന്നും പിന്തുണ നേടാൻ യു.എസ് ശ്രമിക്കുന്നുണ്ടെന്നും വെള്ളിയാഴ്ച വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. എന്നാൽ, യുക്രെയ്‌നെ ഉൾ​പ്പെടുത്താതെ എടുക്കുന്ന ഏതൊരു തീരുമാനവും സമാധാനത്തിനെതിരായ തീരുമാനങ്ങളാ​യിരിക്കുമെന്നാണ് സെലെൻസ്‌കി പ്രതികരിച്ചത്. അവർക്ക് ഒന്നും നേടാനാവില്ലെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Zelenskyy rejects Trump's proposal that Ukraine could swap territories with Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.