വാഹനത്തിനുള്ളിലിട്ട് അടിച്ചത് 50തോളം തവണ; യു.പിയിലെ സ്വകാര്യ സർവകലാശാലയിൽ നിയമ വിദ്യാർഥിക്ക് ക്രൂര മർദനം

ലക്നോ: ലക്നോവിലെ അമിറ്റി യൂനിവേഴ്സിറ്റിയിലെ പാർക്കിങ് സ്ഥലത്ത് വാഹനത്തിനുള്ളിൽ വെച്ച് നിയമ വിദ്യാർഥിയെ സഹപാഠികൾ മർദിക്കുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ആഗസ്റ്റ് 26നാണ് സംഭവം. സംഭവം മകനിൽ വലിയ ആഘാതവും വേദനയും ഉണ്ടാക്കിയെന്നും അതിനുശേഷം കോളജിൽ പോയില്ലെന്നും ഇരയുടെ പിതാവ് പറഞ്ഞു.

ബി.എ എൽ.എൽ.ബി രണ്ടാം വർഷ വിദ്യാർഥിയായിരുന്ന ശിഖർ മുകേഷ് കേസർവാനിയാണ് ക്രൂര മർദനത്തിനിരയായത്. ആഗസ്റ്റ് 11ന് ശിഖറിന് ലിഗമെന്റ് ശസ്ത്രക്രിയ നടത്തിയിരുന്നു. ആക്രമണം നടക്കുമ്പോൾ അദ്ദേഹം ഒരു വടിയുടെ സഹായത്തോടെ നടക്കുകയായിരുന്നുവെന്ന് പിതാവ് മുകേഷ് കേസർവാനി പറഞ്ഞു.

മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് ശിഖർ തന്റെ സുഹൃത്ത് സൗമ്യ സിങ് യാദവിനൊപ്പം ആ ദിവസം ഒരു കാറിൽ കാമ്പസിൽ എത്തിയതായിരുന്നു. അവർ പാർക്കിങ് സ്ഥലത്തെത്തിയപ്പോൾ, ഒരു കൂട്ടം വിദ്യാർഥികൾ ശിഖറിനെ സമീപിച്ച് സംസാരിക്കണമെന്ന് പറഞ്ഞു. അവർ കാറിനുള്ളിൽ കയറി 45 മിനിറ്റോളം അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു.

ലോക്കൽ പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത എഫ്‌.എ.ആറിൽ അഞ്ച് വിദ്യാർഥികളുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ട്. ആയുഷ് യാദവ്, ജാൻവി മിശ്ര, മിലായ് ബാനർജി, വിവേക് ​​സിങ്, ആര്യമാൻ ശുക്ല എന്നിവരാണവർ. ആയുഷും ജാൻവിയും തന്റെ മകനെ 60തോളം തവണ അടിച്ചതായി ശിഖറിന്റെ പിതാവ് ആരോപിച്ചു. മറ്റുള്ളവർ ആക്രമണം റെക്കോർഡുചെയ്‌ത് വിഡിയോയായി കാമ്പസിൽ പ്രചരിപ്പിച്ചു. അക്രമികൾ ശിഖറിന്റെ ഫോൺ തകർത്തുവെന്നും ഇനിയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.



ഓൺ‌ലൈനിൽ പ്രചരിച്ച 101 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ ഒരു വിദ്യാർഥിനി ശിഖറിനോട് കൈകൾ താഴ്ത്താൻ പറയുന്നതിനിടയിൽ ആവർത്തിച്ച് അടിക്കുന്നത് കാണാം. ശിഖർ സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴെല്ലാം ആയുഷ് എന്ന വിദ്യാർഥി കൈകൾ തള്ളിമാറ്റി അടിക്കുന്നതും കാണാം. അയാൾ ഇരയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റ് സുഹൃത്തുക്കൾ  ഇടപെടുന്നതുവരെ ആയുഷ് ശിഖറിനെ അടിക്കുന്നത് തുടർന്നു.

ആക്രമണം മകനെ വളരെയധികം അസ്വസ്ഥനാക്കിയതിനാൽ അവൻ കോളജിൽ പോകുന്നത് നിർത്തിയതായി ശിഖറിന്റെ പിതാവ് പറഞ്ഞു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമിറ്റി യൂനിവേഴ്സിറ്റി ഇതുവരെ ഈ വിഷയത്തിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും തെളിവുകളുടെയും വിഡിയോയുടെയും അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - 'Slapped 50-60 Times, Threatened To Kill': Amity University Student’s Assault Video Goes Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.