‘അത്ഭുതം സംഭവിച്ചില്ലെങ്കിൽ നെതന്യാഹു ഈ കേസിൽ ശിക്ഷിക്കപ്പെടും; അതൊഴിവാക്കാൻ ഖത്തർ എന്നല്ല എവിടെയും അയാൾ ബോംബിടും, ആരെയും ആക്രമിക്കും’

കൊച്ചി: ഒരു സൈക്കോപ്പാത്ത് ഭരണം നടത്തിയാലുണ്ടാകുന്ന ഭീകരതയുടെ വാർത്തമാനകാല ദുരിതങ്ങളാണ് ലോകം അനുഭവിക്കുന്ന​തെന്ന് പശ്ചിമേഷ്യൻ രാഷ്ട്രീയ നിരീക്ഷകനായ സജി മാർക്കോസ്. ദോഹയിൽ ഇസ്രായേൽ നടത്തിയ ​വ്യോമാക്രമണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ​അദ്ദേഹം. നെതന്യാഹുവിനെതിരെയുള്ള ക്രിമിനൽ കേസിന്റെ വിചാരണ ടെൽ അവിവ്‌ ജില്ലാ കോടതിയിൽ ഇന്നലെ ആരംഭിച്ചിരുന്നു. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ നേതന്യാഹു ഈ കേസിൽ ശിക്ഷിക്കപ്പെടും. രണ്ടു മുതൽ പത്തു കൊല്ലം വരെ തടവ് ശിക്ഷ കിട്ടാവുന്ന കേസാണ്. കേസ് നീട്ടിവയ്ക്കാൻ പറ്റുന്ന വിധം കോടതിയെ സ്വാധീനിക്കാനാണ് നെതന്യാഹു ആക്രമണം നടത്തുന്നതെന്ന് സജി മാർക്കോസ് അഭിപ്രായപ്പെട്ടു.

‘ടെൽ അവിവ്‌ ജില്ലാ കോടതിയിൽ ഇന്ന് നേതന്യാഹുവിനെതിരെയുള്ള ക്രിമിനൽ കേസിന്റെ ടെസ്റ്റിമണി ആരംഭിച്ചു. പലവട്ടം നേതന്യാഹുവിന്റെ വക്കീൽ സുരക്ഷ കാരണങ്ങൾ പറഞ്ഞു നീട്ടി വെപ്പിച്ച കേസ് ത്വരിതപ്പെടുത്തുന്നു എന്നും ആഴ്ചയിൽ നാല് ദിവസം കേസ് കേൾക്കുമെന്നും കോടതി അറിയിച്ചിരുന്നു. ഖത്തറിൽ എന്നല്ല എവിടെ വേണമെങ്കിലും അയാൾ ബോംബ് ഇടും, ആരെയും ആക്രമിക്കും - ഒരേയൊരു ആവശ്യമേയുള്ളൂ - കേസ് നീട്ടിവയ്ക്കാൻ പറ്റുന്ന വിധം കോടതിയെ സ്വാധീനിക്കണം. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ നേതന്യാഹു ഈ കേസിൽ ശിക്ഷിക്കപ്പെടും. രണ്ടു മുതൽ പത്തു കൊല്ലം വരെ തടവ് ശിക്ഷ കിട്ടാവുന്ന കേസാണ്. അത് ഒഴിവാക്കണം. അത്രയുമേ ഉളളൂ. ഒരു സൈക്കോപ്പാത്ത് ഭരണം നടത്തിയാലുണ്ടാകുന്ന ഭീകരതയുടെ വാർത്തമാനകാല ദുരിതങ്ങൾ’ -സജി മാർക്കോസ് ഫേസ്ബുക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.

ചൊവ്വാഴ്ച വൈകീട്ട് 3.50 ഓടെയാണ് വൻ ശബ്ദത്തിൽ ഖത്തർ തലസ്ഥാനമായ ദോഹയിലെ ലഗ്തൈഫിയ ഭാഗത്ത് ജനവാസ മേഖലയിൽ തുടർച്ചയായി ഇസ്രായേലിന്റെ ഭീകരാക്രമണം ഉണ്ടായത്. ഖത്തറിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ഗസ്സ വെടിനിർത്തൽ ചർച്ചക്കായി ദോഹയിലുള്ള ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം. പ്രദേശത്ത് വലിയ തോതിൽ പുക ഉയർന്നു.

ഹമാസിന്റെ സമുന്നത നേതാക്കളായ ഖലീൽ അൽഹയ്യ, ഖാലിദ് മിശ്അൽ, സാഹിർ ജാബരീൻ, നിസാർ അവദല്ല എന്നിവരും ആക്രമിക്കപ്പെട്ട കെട്ടിടത്തിലുണ്ടായിരുന്നതായാണ് സൂചന. ഇവർ സുരക്ഷിതരാണെന്ന് പേരു വെളിപ്പെടുത്താത്ത ഹമാസ് വക്താവിനെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. ഗസ്സയിലെ ഹമാസ് തലവനായ ഖലീൽ അൽഹയ്യയുടെ മകൻ ഹമീം അൽഹയ്യ, ഓഫിസ് ഡയറക്ടർ ജിഹാദ് ലബാദ്, ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥൻ എന്നിവരടക്കം ആറുപേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ഉത്തരവാദികളായ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ‘സമ്മിറ്റ് ഓഫ് ഫയർ’ എന്ന് പേരിട്ട ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യക്തമാക്കി. ‘ഇസ്രായേൽ ആസൂത്രണം ചെയ്തു, നടപ്പാക്കി’-പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു. യു.എസിന്റെ പിന്തുണയോടെയാണ് ആക്രമണമെന്നാണ് സൂചനയെങ്കിലും ഔദ്യോഗിക സ്‍ഥിരീകരണമില്ല.

തങ്ങളുടെ രാജ്യത്ത് കടന്നുകയറി ഇസ്രായേൽ ആക്രമണം നടത്തിയതിനെ ഖത്തർ ശക്തമായി അപലപിച്ചു. ‘അന്താരാഷ്ട്ര മര്യാദകൾ കാറ്റിൽ പറത്തിയുള്ള ക്രിമിനൽ ആക്രമണമാണ് ഇസ്രായേൽ നടത്തിയത്. ഖത്തറിലെ ജനങ്ങളുടെയും രാജ്യത്ത് താമസിക്കുന്നവരുടെയും സുരക്ഷക്ക് കനത്ത ആഘാതമേൽപിക്കുന്ന ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു’ -ഖത്തർ വിദേശകാര്യ വക്താവ് മജീദ് അൽ അൻസാരി വ്യക്തമാക്കി.

രാജ്യത്തിന്റെ പരമാധികാരത്തിനും ജനങ്ങളുടെ സുരക്ഷക്കും വെല്ലുവിളി ഉയർത്തുന്ന ഇസ്രായേലിന്റെ ആക്രമണങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇസ്രായേൽ ആക്രമണത്തെ യു.എൻ, സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ജോർഡൻ, ഇറാൻ, ഇറാഖ്, ഫലസ്തീൻ അതോറിറ്റി തുടങ്ങിയവർ അപലപിച്ചു.

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗസ്സയിലെ വെടിനിർത്തൽ നിർദേശങ്ങളുമായി ബന്ധപ്പെട്ട ചർച്ച ദോഹയിൽ പുരോഗമിക്കവെയാണ് ഇസ്രായേൽ ആക്രമണം. ഈ ചർച്ചയിൽ പങ്കെടുക്കാനായി ഹമാസിന്റെ പ്രമുഖ നേതാക്കളെല്ലാം ദോഹയിലുണ്ടായിരുന്നു. ഇവർ ഉണ്ടായിരുന്ന കെട്ടിടമാണ് ആക്രമണത്തിനിരയായത്. 24 മണിക്കൂറിനിടെ നാല് അറബ് രാജ്യങ്ങളിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.

Tags:    
News Summary - saji markose against Israel attacks Hamas leadership in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.