ഇറ്റാനഗർ: ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ അവരുടെ രുപത്തിന്റെയും നിറത്തിന്റെയും പേരിൽ പലപ്പോഴും അധിക്ഷേപം നേരിടാറുണ്ട്. അവരെ വിദേശികളെന്നാണ് തെറ്റിദ്ധരിക്കാറുള്ളത്. ഇത്തരം വിവേചനം നിലനിൽക്കുന്ന ഘട്ടത്തിലാണ് അരുണാചൽ യുവതിയെ യു.പിയിൽ നിന്നുള്ള ഒരുകൂട്ടം യുവാക്കൾ വംശീയമായി അധിക്ഷേപിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. അവരുടെ അധിക്ഷേപങ്ങൾക്ക് യുവതി ചുട്ട മറുപടിയും നൽകുന്നുണ്ട്.
വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തിയതായിരുന്ന യുവതി. ഇവരെ ഉത്തർപ്രദേശിൽ നിന്നുള്ള ഒരു കൂട്ടം യുവാക്കൾ പിന്തുടർന്ന് അധിക്ഷേപ പരാമർശം നടത്തുകയായിരുന്നു. യുവതി നടന്നുപോകുമ്പോൾ യുവാക്കൾ മോശമായ ആംഗ്യങ്ങൾ കാണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. 'ടൊമാർട് ടോക്സ്' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പ്രചരിച്ചത്.
അവൾ ഹിന്ദി അറിയാം എന്ന് യുവാക്കൾ കൂട്ടത്തിലൊരാൾ പറയുന്നതും വിഡിയോയിൽ കേൾക്കാം. ഇതുകേട്ടതോടെയാണ് യുവതി ഞാനുമൊരു ഇന്ത്യക്കാരിയാണ്. അരുണാചലിന്റെ പേര് നിങ്ങൾ ഇതുവരെ കേട്ടിട്ടില്ലേ എന്ന് ചോദിക്കുന്നത്. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നുള്ളവരാണ് യുവാക്കൾ എന്നാണ് കരുതുന്നത്.
ഇനിയും ഇത്തരം കളിയാക്കലുകൾക്ക് നിന്നു കൊടുക്കില്ലെന്നും ഇവർക്കൊക്കെ ഇത്തരത്തിലുള്ള മറുപടിയാണ് നൽകേണ്ടതെന്നും യുവതി വീഡിയോയിൽ പറയുന്നുണ്ട്. യുവതിയുടെ ധൈര്യത്തെ പ്രശംസിച്ച് വിഡിയോക്ക് താഴെ നിരവധിപ്പേരാണ് പ്രതികരിച്ചത്.
യു.പിയിലെ തെമ്മാടികൾക്ക് നല്ല മറുപടി നൽകിയെന്നും നിങ്ങൾ ചെയ്തത് ശരിയായ കാര്യമാണെന്നും നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നുമുള്ള കമന്റുകളാണ് വിഡിയോക്ക് താഴെ നിറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.