സുപ്രീം കോടതി

ചില ബില്ലുകൾ തടഞ്ഞുവെക്കേണ്ടി വരും -കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: സംസ്ഥാന നിയമസഭ പാസാക്കുന്ന ചില ബില്ലുകൾ തടഞ്ഞുവെക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ.ബില്ലുകൾ അനിശ്ചിതമായി കെട്ടിക്കിടക്കുന്നതിനെ കേന്ദ്രം ന്യായീകരിക്കുന്നില്ല. കഴിഞ്ഞ 55 വർഷത്തിനുള്ളിൽ 17,000 ബില്ലുകൾക്ക് അനുമതി നൽകിയപ്പോൾ വെറും 20 ബില്ലുകൾ തടഞ്ഞുവെച്ചതിന് സംസ്ഥാനങ്ങൾ തെറ്റായ മുറവിളി കൂട്ടുകയാണെന്നും രാഷ്ട്രപതി റഫറൻസിൽ സുപ്രീംകോടതി വാദം കേൾക്കുന്നതിനിടെ തുഷാർ മേത്ത വാദിച്ചു.

എന്നാൽ, തടഞ്ഞുവെച്ച ബില്ലുകളുടെ എണ്ണത്തെക്കുറിച്ചല്ല, ബിൽ അനിശ്ചിതകാലത്തേക്ക് തടഞ്ഞുവെക്കാൻ കഴിയുമോ എന്നതിനെക്കുറിച്ചാണ് ചോദ്യമെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

ബില്ലുകൾ ഗവർണർമാർ മൂന്നോ നാലോ വർഷമായി തടഞ്ഞുവെച്ചുകൊണ്ടിരിക്കുമ്പോൾ അക്കാര്യത്തിൽ സംസ്ഥാനങ്ങൾ തെറ്റായ ആരോപണം ഉന്നയിക്കുന്നെന്ന് എങ്ങനെ പറയാനാവുമെന്നും ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. ബില്ലുകൾ തിരിച്ചയക്കുകയും അതു തിരുത്തിയോ അല്ലാതെയോ നിയമസഭ വീണ്ടും പാസാക്കി അയക്കുകയും ചെയ്താൽ ഗവർണർക്ക് അതിന് അംഗീകാരം നൽകേണ്ട ബാധ്യതയില്ലെന്നും ഗവർണറുടെ പങ്ക് ഭരണഘടനയുടെ സംരക്ഷകൻ, കേന്ദ്രത്തിന്റെ പ്രതിനിധി എന്നീ നിലകളിലായിരിക്കണമെന്നും തുഷാർ മേത്ത വാദിച്ചു. രാഷ്ട്രീയ സംഭാഷണം, രാഷ്ട്രീയ ചർച്ച, രാഷ്ട്രീയ പരിഹാരങ്ങൾ എന്നിവ ഉള്ളതിനാൽ സമയപരിധി നിശ്ചയിച്ച് ഫോർമുല ഉണ്ടാക്കാൻ കഴിയില്ല.

ബില്ലുകൾ ഭരണഘടനാവിരുദ്ധമാകുന്ന സാഹചര്യങ്ങളിൽ അംഗീകാരം തടഞ്ഞുവെക്കേണ്ടതുണ്ടെന്നും കേന്ദ്രം വാദിച്ചു.

Tags:    
News Summary - Some bills may have to be put on hold - Centre tells Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.