ന്യൂഡൽഹി: വോട്ടർമാരെ തിരിച്ചറിയാനുള്ള അധിക രേഖയായി സുപ്രീം കോടതിയുടെ നിർദേശപ്രകാരം ആധാർ കാർഡും സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ബിഹാർ തെരഞ്ഞെടുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. പട്ടികയിലുള്ള 11 രേഖകൾക്കുപുറമേ ആധാർ കാർഡ് പന്ത്രണ്ടാമത്തെ രേഖയായി കണക്കാക്കണമെന്ന് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫിസർക്ക് അയച്ച കത്തിൽ കമീഷൻ പറഞ്ഞു.
പൗരത്വത്തിന്റെ തെളിവായിട്ടല്ല, തിരിച്ചറിയൽ രേഖയായി സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. ആധാർ സ്വീകരിക്കാൻ വിസമ്മതിച്ചാൽ അതിഗൗരവത്തോടെ ഇടപെടുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ മുന്നറിയിപ്പ് നൽകി. വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണ പ്രക്രിയയിൽ തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് ഉൾപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിർദേശിച്ചിരുന്നു.
ആധാർ കാർഡ് ബിഹാറിലെ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിശോധനക്കുള്ള (എസ്.ഐ.ആർ) 12ാമത്തെ രേഖയാക്കാൻ സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. ഈ നിർദേശം അംഗീകരിക്കുന്നുവെന്ന് കമീഷനിൽനിന്നുള്ള ഉറപ്പും സുപ്രീംകോടതി രേഖപ്പെടുത്തി. ഇതോടെ ആധാർ കാർഡ് മാത്രം രേഖയായി സമർപ്പിച്ച് വോട്ടർപട്ടികയിൽ പേര് ചേർക്കാനാവും.
ബിഹാറിലെ എസ്.ഐ.ആറിന് ആധാർ കാർഡും വോട്ടർ ഐ.ഡി കാർഡും റേഷൻ കാർഡും ഉൾപ്പെടുത്താതെ കമീഷൻ തയാറാക്കിയ 11 രേഖകളുടെ പട്ടികയിൽ 12ാമത്തെ രേഖയായി ആധാർ കാർഡ് ചേർക്കണമെന്നായിരുന്നു ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.