ഹാരോ സ്കൂൾ ബംഗളൂരു
ബംഗളൂരു: വിദേശ സർവകലാശാലകൾ കർണാടകയിലേക്കെത്തുന്നു. സംസ്ഥാന ഗവൺമെൻറ് യു.കെ യിലുള്ള യൂനിവേഴ്സിറ്റികളുമായി സജീവമായ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. നിലവിൽ ചില യുനിവേഴിസിറ്റികൾ ഇവിടെ ആരംഭിച്ചിട്ടുണ്ട്. ഇത് കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കർണാടകയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രിയും യു.കെ സന്ദർശിക്കുകയാണിപ്പോൾ.
ഇപ്പോൾ നിലവിലുള്ള ചെവനിങ് സ്കോളർഷിപ്പും സ്കോളർഷിപ് ഫോർ ഓട്സ്റ്റാൻറിങ് അണ്ടർ ഗ്രാജ്വേറ്റ് ടാലൻറ് (സ്കൗട്ട് ) പ്രോഗ്രാം എന്നിവ കൂടുതൽ വികസിപ്പിക്കും. കർണാടകയിൽ നിന്ന് നിലവിൽ ചെവനിങ് സ്കോളർഷിപ്പിന് അഞ്ച് വിദ്യാർഥികളും സ്കൗട്ടിന് 30 വിദ്യാർഥികളും അർഹരാണ്.
ബ്രിട്ടീഷ് കൗൺസിലുമായി മന്ത്രിമാർ ചർച്ച നടത്തിക്കഴിഞ്ഞു. നിലവിൽ ഹാരോ സ്കൂൾ ബംഗളൂരുവിൽ പ്രവർത്തിക്കുന്നുണ്ട്. ലിവർപൂൾ യൂനിവേഴിസിറ്റി നിലവിൽ നിർമിച്ചു കൊണ്ടിരിക്കുകയാണ്. കൂടാതെ ചില യുനിവേഴ്സിറ്റികളുമായി ചർച്ച സജീവമാണ്. മറ്റൊരു യൂനിവേഴിസിറ്റി ഇവിടത്തെ ഗ്രാൻറ്സ് കമീഷനുമായി ചർച്ചയിലാണ്.
ഫാക്കൽറ്റികളെ കൈമാറൽ, റിസർച്ച് സഹകരണം, ട്വിന്നിങ് പ്രോഗ്രാം എന്നിവ സജീവ ചർച്ചകളിലാണെന്ന് വിദ്യാഭ്യാസ മന്ത്രി എം.സി സുധാകർ പറയുന്നു. സംസ്ഥാനത്തെ പൊതു-സ്വകാര്യ സർവകലാശാലകളുടെ മത്സരക്ഷതയും നിലവാരവും വർധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറയുന്നു. വിദേശ യുനിവേഴിസിറ്റികളെ അനുവദിക്കാനായി സംസ്ഥാനത്തെ വിദ്യാഭ്യാസ നയം പരിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റോയൽ കോളജ് ഓഫ് ഫിസിഷ്യൻ മെംബർഷിപ്പിനുള്ള പരീക്ഷ ബംഗളുരുവിൽ നടത്താമെന്ന നിർദ്ദേശം മന്ത്രിമാർ മുന്നോട്ടുവെച്ചു. യു.കെ യിൽ മെഡിസിൻ പഠനത്തിനുള്ള യോഗ്യതാ പരീക്ഷയാണിത്. ഇംഗ്ലണ്ടിലെ റോയൽ കോളജുകളുടെ ഫെഡറേഷനാണ് മൂന്ന് ഘട്ടങ്ങളിലായി ഈ പരീക്ഷ സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.