ഹാരപ്പൻ രേഖകൾ
ന്യൂഡൽഹി: നൂറ്റാണ്ടുകളായി ലോകത്തുള്ള പുരാവസ്തു ഗവേഷകർ വായിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഹാരപ്പൻ ലിപികൾ ഒടുവിൽ വായക്കപ്പെടുമോ? അതോ അതൊരു ഹിന്ദുത്വ ഭാഷ്യമായി ചരിത്രത്തിൽ അടിച്ചേൽപിക്കാനുള്ള ശ്രമം നടക്കുമോ? കണ്ടെത്തിയാൽ ഗവേഷണത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരിക്കും ഇത്, ലോകം തന്നെ ശ്രദ്ധിക്കുന്നത്. അതിന് നിയോഗിക്കപ്പെടുന്നത് വ്യത്യസ്ത മേഖലയിൽ നിന്നുള്ള ഗവേഷകരുടെ സംഘം.
ന്യുഡൽഹിയിൽ നാളെ മുതൽ മൂന്ന് ദിവസം നടക്കുന്ന പ്രബന്ധാവതരണത്തിൽ ഒരു ചരിത്ര ഗവേഷകൻ, ഒരു കാൻസർ സ്പെഷലിസ്റ്റ്, ഒരു റിട്ട. ഗവ. ഉദ്യോഗസ്ഥൻ എന്നിവർ ചേർന്ന സംഘം കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ ക്ഷണം അനുസരിച്ചാണ് ഹാരപ്പൻ രേഖകൾ വായിക്കുന്നതായി അവകാശവാദമുന്നയിക്കുന്നത്.
ഇവിടെ നടക്കുന്ന അന്തർദേശീയ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കുന്നുണ്ട്. മന്ത്രാലയത്തിനുകീഴിലെ സ്വയംഭരണ സ്ഥാപനമായ ഇന്ദിര ഗാന്ധി നാഷണൽ സെൻറർ ഫോർ ആർട്സ് ആണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.
എന്നാൽ ഹാരപ്പൻ ഭാഷയെ സംബന്ധിച്ച് ഇവരിൽ മൂന്ന് അഭിപ്രായങ്ങളാണുള്ളത്. ചിലർ സംസ്കൃതമെന്ന് പറയുമ്പോൾ ചിലർ ദ്രാവിഡ ഭാഷയാണെന്ന് വാദിക്കുന്നു. മറ്റുചിലർ സന്താളി, ഗോണ്ടി എന്നീ ആദിവാസി ഭാഷകളാണെന്നാണ് വാദിക്കുന്നത്.
ഇതുവരെ പലരും വായിച്ചെടുത്തതിനെക്കാൾ കൂടുതൽ താൻ വായിച്ചതായി ഹാരപ്പൻ സ്ക്രിപ്റ്റിൽ വർഷങ്ങളായി ഗവേഷണം നടത്തിയിട്ടുള്ള സോഫ്റ്റ്വെയർ എഞ്ചിനിയർ ബഹത മുഖോപാധ്യായ അഭിപ്രായപ്പെടുന്നു. ഇതൊരു ഭാഷയോ അക്ഷരമോ അല്ല മറിച്ച ടാക്സ്, കച്ചവടം എന്നിവയുടെ രേഖകളാണെന്ന് ഇവർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ അതിലുള്ളത് പുരാണങ്ങളും റിഗ്‌വേദ മന്ത്രങ്ങളുമാണെന്ന് പുരാവസ്തു ഗവേഷകനായ കരുണ ശങ്കർ ശുക്ല പറയുന്നു. എന്നാൽ ഇതുവരെയുള്ള ചരിത്ര ഗവേഷണത്തിൽ ഹാരപ്പൻ കാലഘട്ടത്തിനു ശേഷമാണ് പുരാണങ്ങൾ എഴുതപ്പെട്ടതെന്നാണ് തെളിഞ്ഞിട്ടുള്ളത്.
എന്നാൽ നാഗ്പൂരിൽ നിന്നുള്ള റിട്ട. എഞ്ചിനിയർ പ്രകാശ് എൻ സലാമെ പറയുന്നത് ആദിവാസി ഭാഷയാണെന്നും തന്റെ മെൻറർ ഡോ. എം.സി കങ്കാലി 90 ശതമാനം നേരത്തേ വായിച്ചതാണെന്നും അതാണ് താൻ അവതരിപ്പിക്കുന്നതെന്നും അവകാശപ്പെടുന്നു. സന്താലി ഭാഷയാണെന്ന കണ്ടെത്തലും അവതരിപ്പിക്കപ്പെടും.
ഹാരപ്പൻ ഭാഷയും ഗഷണവും അടുത്ത കാലത്ത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഈ ഭാഷ വായിച്ചെടുക്കുന്നവർക്ക് തമിഴ്നാട് ഗവൺമെൻറ് 10 ലക്ഷം ഡോളറാണ് സമ്മാനമായി പ്രഖ്യാപിച്ചിട്ടുള്ളത്. സമ്മേളനത്തിൽ ഇതു സംബന്ധിച്ച 20 പേപ്പറുകൾ അവതരിപ്പിക്കപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.