മുംബൈ: നേപ്പാളിൽ അഴിമതിക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലും സമാനമായ കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ശിവസേന (യു.ബി.ടി) എം.പി സഞ്ജയ് റാവത്ത്. അഴിമതി, സ്വേച്ഛാധിപത്യം, സ്വജനപക്ഷപാതം എന്നിവക്കെതിരെ നേപ്പാളിൽ നടക്കുന്ന പ്രക്ഷോഭം ഇന്ത്യയിലും സംഭവിക്കാമെന്ന് സഞ്ജയ് റാവത്ത് ആരോപിച്ചു. മഹാത്മാഗാന്ധിയുടെ അഹിംസാത്മക പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നതിനാലാണ് ആളുകൾ അക്രമം നടത്താത്തതെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അതിജീവിക്കുന്നത് ഗാന്ധിജിയുടെ പ്രത്യയശാസ്ത്രം ഇന്ത്യയിൽ നിലനിൽക്കുന്നത് കൊണ്ടാണെന്ന് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു. 'പ്രധാനമന്ത്രി മോദി 80 കോടി ആളുകൾക്ക് സൗജന്യ റേഷൻ നൽകുന്നു, അതിന്റെ അർഥമെന്താണ്, ദരിദ്രർ ഇപ്പോഴുമുണ്ട്, നേപ്പാളിന്റെയും അവസ്ഥ ഇതുതന്നെയായിരുന്നു. ഇന്ത്യയുടെ പണം വിദേശത്തേക്ക് പോകുന്നു. ഒരാളുടെ മകൻ ദുബായിൽ, മറ്റൊരാളുടെ മകൻ സിംഗപ്പൂരിൽ, മറ്റൊരാളുടേത് ക്രിക്കറ്റ് ചെയർമാനാകുന്നു' -സഞ്ജയ് റാവത്ത് പറഞ്ഞു.
വിദേശനയത്തിലെ പരാജയത്തിന് കേന്ദ്ര സർക്കാറിനെ അദ്ദേഹം കുറ്റപ്പെടുത്തി. ഒരുകാലത്ത് നേപ്പാൾ ഇന്ത്യയെ സഹോദര രാഷ്ട്രമായി കണക്കാക്കിയിരുന്നു. എന്നാൽ നേപ്പാൾ പ്രതിസന്ധി നേരിട്ടപ്പോൾ ഇന്ത്യ ഒപ്പം നിന്നില്ല. ഇത് വിദേശനയത്തിന്റെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടുത്തെ യുവാക്കൾ നിശബ്ദരായി കാണപ്പെടുന്നു. തൊഴിലില്ലായ്മയും മറ്റ് ധാരാളം പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ ഒമ്പതിന് നേപ്പാളിൽ നടന്ന പ്രതിഷേധ മാർച്ചിന്റെ വിഡിയോ സഞ്ജയ് റാവത്ത് പോസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യം ഏത് രാജ്യത്തും ഉണ്ടാകാമെന്നും അദ്ദേഹം കുറിച്ചു.
നേപ്പാളിന്‍റെ വിവിധ ഭാഗങ്ങളിൽ ജെൻ സി നയിക്കുന്ന പ്രതിഷേധം മൂലം വർധിച്ചുവരുന്ന അസ്വസ്ഥതകൾക്ക് മറുപടിയായി നേപ്പാൾ സൈന്യം നേരത്തെ നിരോധനാജ്ഞ ഏർപ്പെടുത്തുകയും രാജ്യവ്യാപകമായി കർഫ്യൂ തുടരുകയും ചെയ്തിരുന്നു. അതേസമയം, നേപ്പാളിനെ ആളിക്കത്തിച്ച് തുടരുന്ന ജെൻ സി പ്രക്ഷോഭത്തിനു പിന്നാലെ പ്രധാനമന്ത്രി കെ.പി ശർമ ഒലി രാജിവെച്ചിരുന്നു. തിങ്കളാഴ്ച ആരംഭിച്ച പ്രക്ഷോഭം ശമിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായതോടെയാണ് അദ്ദേഹം പദവിയൊഴിഞ്ഞത്.
ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് നൂറോളം പ്രക്ഷേഭാകാരികൾ ഇരച്ചു കയറുകയും, വസതിക്ക് തീവെക്കുകയും ചെയ്തിരുന്നു. 19 പേരുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിക്ക് പുറത്ത് ഒത്തുകൂടി പ്രതിഷേധക്കാർ പ്രക്ഷോഭം സജീവമാക്കിത്. മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും വസതികളും ഓഫിസുകളും അഗ്നിക്കിരയാക്കി.
പ്രധാനമന്ത്രിക്ക് പുറമെ, കൃഷി മന്ത്രി രാംനാഥ് അധികാരി, ജലവിതരണ മന്ത്രി പ്രദീപ് യാദവ്, സർക്കാറിന്റെ ഭാഗമായ നേപ്പാൾ കോൺഗ്രസ് ശേഖർ കൊയ്രാള വിഭാഗം മന്ത്രിമാർ എന്നിവരും രാജിവെച്ചു. പ്രക്ഷോഭം സംഘർഷമായി മാറിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുപ്പ് ആഭ്യന്തര മന്ത്രി രമേശ് ലേഖകും രാജിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.