ന്യൂഡൽഹി: 2012ലെ ഇരട്ടക്കൊലക്കേസിലെ പ്രതിയെ 13 വർഷത്തിനു ശേഷം പൊലീസ് പിടികൂടി. ലലൻവാ എന്നറിയപ്പെടുന്ന ലലൻ കുമാറാണ് ട്രക്ക് ഡ്രൈവറേയും സഹായിയേയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് ചെയ്തത്. ബിഹാറിലെ മധേപുര സ്വദേശിയാണിയാൾ. 2012 ഡിസംബറിൽ ഡൽഹിയിലെ കോടതി ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നുവെന്നും വിവരം നൽകുന്നയാൾക്ക് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെന്നും ഡി.സി.പി ഹേമന്ദ് തിവാരി അറിയിച്ചു.
2012 ജൂലൈ 31നാണ് ലോറി ഉടമയായ രാം ഗുപ്ത പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. തന്‍റെ ലോറി ആരോ തട്ടിയെടുത്തെന്നും ഡ്രൈവർ ഷമീമിനെയും സഹായി ഷേരയേയും കാണാനില്ലെന്നും പരാതിയിൽ പറയുന്നു. അന്വേഷണത്തിനിടെ ഷമീമിന്‍റെ മൃതദേഹം ഹരിയാനയിലെ പാൽവാലിൽനിന്നും ഷേരയുടെ മൃതദേഹം ഉത്തർപ്രദേശിലെ മഥുരയിൽനിന്നും കണ്ടെത്തി. കാണാതായ ട്രക്ക് പ്രയാഗ്രാജിലും കണ്ടെത്തി.
സംഭവത്തിനു പിന്നാലെ സുനിൽ ശത്രുഘ്നൻ എന്നിങ്ങനെ രണ്ടുപേർ അറസ്റ്റിലായി. ലലൻ കുമാറിനൊപ്പം ചേർന്ന് ട്രക്ക് മോഷ്ടിക്കാൻ പദ്ധതിയിട്ടതായി ഇവർ വെളിപ്പെടുത്തി. എന്നാൽ ഡ്രൈവറും സഹായിയും എതിർത്തതോടെ ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു. മുഖ്യ സൂത്രധാരനായ ലലൻ കുമാർ ഒളിവിൽ പോയി. 13 വർഷത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്യാനായത്. മധേപുരയിൽ വച്ച് പിടിയിലായ ലലൻ കുമാറിനെ അവിടത്തെ കോടതിയിൽ ഹാജരാക്കിയ ശേഷം ഡൽഹിയിലേക്ക് കൊണ്ടുവരികയായിരുന്നു.
പ്രതിയെ തേടി ഡൽഹി, യു.പി, പഞ്ചാബ്, പശ്ചിമ ബംഗാൾ, കേരളം, തമിഴ്നാട് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി 20,000 കിലോമീറ്ററിലേറെ ഉദ്യോഗസ്ഥർ സഞ്ചരിച്ചെന്ന് ഡി.സി.പി പറഞ്ഞു. 500ലേറെ കാൾ ഡീറ്റയിൽ റെക്കോഡുകൾ പരിശോധിച്ചു. ആയിരത്തോളം പേരെ ചോദ്യം ചെയ്തു. ലലൻ കുമാറുമായി അടുപ്പമുള്ളവരെയും കുടുംബത്തെയും നിരന്തരം പൊലീസ് നിരീക്ഷണത്തിനു വിധേയമാക്കി. സ്വദേശത്ത് ഇയാൾ മടങ്ങിയെത്തിയെന്ന സൂചന ലഭിച്ചതോടെ നടത്തിയ പരിശോധനയിൽ സെപ്റ്റംബർ നാലിനാണ് ഇയാൾ പിടിയിലായത്.
ചോദ്യം ചെയ്യലിനിടെ താൻ പല പേരുകളിൽ പഞ്ചാബിലും കേരളത്തിലും തമിഴ്നാട്ടിലുമുൾപ്പെടെ താമസിച്ചിരുന്നുവെന്ന് ഇയാൾ വെളിപ്പെടുത്തി. പിടിക്കപ്പെടാതിരിക്കാൻ ഇയാൾ നിരന്തരം മൊബൈൽ ഫോണുകളും സമൂഹമാധ്യമ അക്കൗണ്ടുകളും മാറ്റുകയും രൂപമാറ്റം വരുത്തുകയും ചെയ്തു. നാടുവിട്ട് നിൽക്കുന്നതിനിടെ വിവിധ ജോലികൾ ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.