ന്യൂഡൽഹി: ജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈകോടതി ഉത്തരവിനെതിരെ ആക്ടിവിസ്റ്റും വിദ്യാർഥി നേതാവുമായ ഉമർ ഖാലിദ് സുപ്രീം കോടതിയിൽ. 2020ലെ ഡൽഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസുമായി ബന്ധപ്പെടുത്തി യു.എ.പി.എ ചുമത്തിയാണ് ഉമർ ഖാലിദ്, ഷർജീൽ ഇമാം ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ രണ്ടിന് ഹൈകോടതി ഇവരുടെ ജാമ്യാപേക്ഷ നിഷേധിച്ചു. ജസ്റ്റിസുമാരായ നവീൻ ചൗള, ശലീന്ദർ കൗർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റേതായിരുന്നു തീരുമാനം. ഉമറിനും ഷർജീലിനും പുറമെ മുഹമ്മദ് സലീം ഖാൻ, ഷിഫ ഉർ റഹമാൻ, അത്തർ ഖാൻ, മീരാൻ ഹൈദർ, ശദബ് അഹമദ് അബ്ദുൽ ഖാലിദ് സൈഫി, ഗുൽഫിഷ ഫാത്തിമ എന്നിവരുടെ ജാമ്യ ഹരജികളാണ് തള്ളിയത്.
കഴിഞ്ഞ ആഴ്ച ഷർജീൽ ഇമാമും ഗൾഫിഷ ഫാത്തിമയും ഹൈകോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഭരണഘടന പൗരന്മാർക്ക് പ്രതിഷേധിക്കാനും പ്രകടനങ്ങളോ പ്രക്ഷോഭങ്ങളോ നടത്താനുമുള്ള അവകാശം നൽകുന്നുണ്ടെന്ന് ജാമ്യം നിഷേധിച്ച ഉത്തരവിൽ ഹൈക്കോടതി പറഞ്ഞു.
എന്നാൽ അത്തരം നടപടികൾ നിയമത്തിന്റെ പരിധിക്കുള്ളിലായിരിക്കണമെന്നും കോടതി പറഞ്ഞു. പ്രതിഷേധിക്കാനുള്ള അനിയന്ത്രിതമായ അവകാശം അനുവദിച്ചാൽ, അത് ഭരണഘടന ചട്ടക്കൂടിനെ തകർക്കുകയും രാജ്യത്തെ ക്രമസമാധാന നിലയെ ബാധിക്കുകയും ചെയ്യുമെന്നും കോടതി നിരീക്ഷിച്ചു.
2020 ജനുവരി 28നാണ് സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിൽ ദേശവിരുദ്ധ പ്രസംഗം നടത്തിയെന്ന കേസിൽ ഷർജീൽ ഇമാം അറസ്റ്റിലാകുന്നത്. അതേ വർഷം ഫെബ്രുവരിയിൽ കലാപത്തിന് ആഹ്വാനം ചെയ്ത് പ്രസംഗിച്ചു എന്നാരോപിച്ച് ഉമർ ഖാലിദിനെതിരെ പൊലീസ് കേസെടുത്തു. 2020ൽ ജാമിയ മിലിയ പ്രസംഗ കേസിൽ ഷർജീൽ ഇമാമിന് ജാമ്യം ലഭിച്ചെങ്കിലും യു.എ.പി.എ കേസിൽ ജയിലിൽ തുടർന്നു.
2020 സെപ്റ്റംബർ 14: അറസ്റ്റ് ചെയ്യപ്പെടുന്നു
2021 ഏപ്രിൽ: ചുമത്തപ്പെട്ട ഒരു കേസിൽ ജാമ്യം. എങ്കിലും മറ്റൊരു കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരാൻ നിർദേശം.
2022 മാർച്ച് 24: ഡൽഹി സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു
2022 ഏപ്രിൽ 22: സെഷൻസ് കോടതി വിധിക്കെതിരെ ഹൈകോടതിയിൽ
2022 ഒക്ടോബർ 18: ഹൈകോടതി ജാമ്യാപേക്ഷ തള്ളി
2022 നവംബർ 18: സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഇടക്കാല ജാമ്യത്തിന് അനുമതി നേടി.
2022 ഡിസംബർ 3: ഒരു കേസിൽ വിചാരണ കോടതി കുറ്റമുക്തനാക്കി; മറ്റൊരു കേസിൽ വീണ്ടും അറസ്റ്റ്
2022 ഡിസംബർ 12: ഒരാഴ്ചത്തെ ജാമ്യം. മാധ്യമങ്ങളുമായി സംസാരിക്കുന്നതിൽ വിലക്ക്
2022 ഡിസംബർ 23: 830 ദിവസത്തിനുശേഷം പുറത്ത്.
2023 ജൂലൈ 12: വാദങ്ങൾ സമർപ്പിക്കാൻ കോടതിയിൽ ഡൽഹി പൊലീസ് കൂടുതൽ സമയംതേടി.
2023 ആഗസ്റ്റ് 18: കേസ് വാദം കേൾക്കുന്നത് നീട്ടി. (തുടർന്ന് 2024 ജനുവരിവരെ പലകുറി കേസ് നീട്ടി)
2024 ഫെബ്രുവരി 14: സുപ്രീംകോടതിയിൽനിന്ന് ജാമ്യ ഹരജി പിൻവലിച്ചു.
2024 മേയ് 28: ഡൽഹി ഹൈകോടതി ജാമ്യം നിഷേധിച്ചു.
2024 ഡിസംബർ 18: ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി അഞ്ച് ദിവസത്തേക്ക് ജാമ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.