ന്യൂഡൽഹി: നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തെ സോഷ്യൽ മീഡിയ നിരോധനത്തിനെതിരെയുള്ള അപക്വമായ സമരമായി ചുരുക്കിക്കാണിക്കുന്നതിനെതിരെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ഇൻഫ്ലുവൻസറുമായ ധ്രുവ് റാഠി. അഴിമതിക്കും ദുർഭരണത്തിനും എതിരായാണ് നേപ്പാളിലെ പുതുതലമുറ പ്രക്ഷോഭമെന്നും സോഷ്യൽ മീഡിയ നിരോധനം പെട്ടെന്നുണ്ടായ കാരണം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ യാഥാർഥ്യം മറച്ചുവെച്ച് ഇന്ത്യയിലെ ഗോദി മീഡിയ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ കാരണം എന്താണെന്നും ധ്രുവ് റാഠി ചോദിച്ചു.
പ്രക്ഷോഭ വാർത്തകൾ ഇന്ത്യൻ മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതിയെ വസ്തുതാന്വേഷണ മാധ്യമപ്രവർത്തകനായ മുഹമ്മദ് സുബൈറും വിമർശിച്ചു. ‘നേപ്പാളിൽ ജെൻ സി പ്രക്ഷോഭം സോഷ്യൽ മീഡിയ നിരോധനത്തിന് എതിരായിരുന്നുവെന്ന് ഇന്ത്യൻ വാർത്താ ചാനലുകൾ അവകാശപ്പെടുന്നു. ഇത് ശരിയല്ല. ദീർഘകാലമായി നിലനിൽക്കുന്ന അഴിമതി, സ്വേച്ഛാധിപത്യം, അടിച്ചമർത്തൽ എന്നിവയ്‌ക്കെതിരെയാണ്. പ്രക്ഷോഭം പൊട്ടിപ്പുറപ്പെടാനുള്ള നിരവധി കാരണങ്ങളിൽ ഒന്ന് മാത്രമായിരുന്നു സോഷ്യൽ മീഡിയ നിരോധനം’ -അദ്ദേഹം വ്യക്തമാക്കി.
യുവജന പ്രക്ഷോഭത്തിൽ നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവെച്ച് സ്ഥലംവിട്ടതോടെ പകരം 35കാരനായ ബാലെൻ എന്ന ബാലേന്ദ്ര ഷാ പ്രധാനമന്ത്രിയാകണമെന്നാണ് പ്രക്ഷോഭകർ ആവശ്യപ്പെടുന്നത്. ‘ജെൻ സി’ പ്രക്ഷോഭത്തെ പിന്തുണച്ച ബാലെൻ നിലവിൽ കാഠ്മണ്ഡു മേയറാണ്. റാപ്പറ കൂടിയായ ഇദ്ദേഹം സംഗീതത്തിലൂടെ അഴിമതി, അസമത്വം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച വ്യക്തിയാണ്. 2022ൽ കാഠ്മണ്ഡു മേയർ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയും പ്രമുഖ പാർട്ടികളുടെ സ്ഥാനാർഥികളെ പരാജയപ്പെടുത്തി 61,000ത്തിലേറെ വോട്ടുകൾക്ക് വിജയിച്ച് താരമാവുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യം കൂടിയായ ബാലെൻ പൗര-രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് പതിവായി ആശയവിനിമയം നടത്താറുണ്ട്.
യുവജന മുന്നേറ്റത്തിലേക്കുള്ള സൂചനയായിരുന്നു സ്വതന്ത്രനായി മേയർ സ്ഥാനത്തേക്ക് ജയിച്ചുകയറിയ ബാലെന്റെ മികവ്. നിലവിൽ സമൂഹമാധ്യമങ്ങളിൽ ബാലേന്ദ്ര ഷാ ട്രെൻഡിങ്ങായി മാറിയിട്ടുണ്ട്. ഇദ്ദേഹം പ്രധാനമന്ത്രിയാകണമെന്നാണ് ആവശ്യം. റാപ് ഗായകനിൽനിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച എൻജിനീയറായ ബാലെൻ, യുവാക്കളുടെ ശബ്ദം കേൾക്കേണ്ടത് അനിവാര്യമാണെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രകടനത്തിൽ സംഘാടകർ നിശ്ചയിച്ച പ്രായപരിധി കാരണം തനിക്ക് പങ്കെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചൊവ്വാഴ്ച ശർമ ഒലി രാജിവെച്ച ശേഷം, പ്രക്ഷോഭവും അക്രമവും അവസാനിപ്പിക്കണമെന്ന് ബാലേന്ദ്ര ഷാ ആവശ്യപ്പെട്ടു. എല്ലാവരും ശാന്തരാകണമെന്നും പ്രക്ഷോഭത്തിലുണ്ടാകുന്ന നാശനഷ്ടങ്ങൾ രാജ്യത്തിന്റെ കൂട്ടായ നഷ്ടമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. തിങ്കളാഴ്ച സർക്കാർ നിരോധനം പിൻവലിച്ചതിനുശേഷം പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലേക്ക് പടർന്നിരുന്നു. ബാലെൻ ദാ രാജ്യത്തിന് നേതൃത്വം നൽകണമെന്ന് പലരും എക്സിൽ എഴുതി. നേപ്പാൾ നിങ്ങളുടെ പിന്നിലുണ്ട്. മുന്നോട്ട് പോകൂവെന്നും യുവതലമുറ സമൂഹമാധ്യമങ്ങളിൽ വ്യക്തമാക്കുന്നു.
1990ൽ കാഠ്മണ്ഡുവിൽ ജനിച്ച ബാലെൻ സിവിൽ എൻജിനീയറിങ് ബിരുദം നേടി. കർണാടകയിലെ ബെളഗാവിയിലെ വിശ്വേശ്വരയ്യ സാങ്കേതിക സർവകലാശാലയിൽ നിന്ന് സ്ട്രക്ചറൽ എൻജിനീയറിങ്ങിൽ ബിരുദാനന്തരബിരുദം നേടി. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് ബാലെൻ റാപ്പറായും ഗാനരചയിതാവായും സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.