രാത്രികളിൽ വർഗീയ വിദ്വേഷം കത്തിച്ച് എക്സ് സ്പേസിൽ മലയാളം ചർച്ചകൾ; ഞെട്ടിക്കുന്ന റിപ്പോർട്ട്

കൊച്ചി: സമൂഹ മാധ്യമമായ എക്സിന്റെ ഓഡിയോ ചാറ്റ് പ്ലാറ്റ്ഫോം ആയ എക്സ് സ്‌പേസസിൽ മലയാളികളുടെ വർഗീയ വിദ്വേഷ ചർച്ചകൾ വ്യാപിക്കുന്നതായി റിപ്പോർട്ട്. മുസ്‍ലിംകളെ ലക്ഷ്യമിട്ട് മതവിദ്വേഷം പ്രചരിപ്പിക്കുകയും ആക്രമണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ചർച്ചകൾ സംഘ്പരിവാറുകാരു​ടെ നേതൃത്വത്തിൽ നടക്കുന്നതായാണ് ‘ദ ന്യൂസ് മിനുട്ട്’  (ടി.എൻ.എം) വാർത്തയിൽ പറയുന്നത്. 

മുസ്‍ലിംകൾ ഹിന്ദുക്കളെ ആക്രമിക്കുമെന്നും സുരക്ഷക്ക് ആയുധം കൈയിൽ കരുതണമെന്നും വിവിധ ഗ്രൂപ്പുകളിൽ ആഹ്വാനം ചെയ്യുന്നു. അത​ല്ലെങ്കിൽ ആർ.എസ്.എസ് ശാഖയിൽ പോകണമെന്നാണ് നിർദേശം. കേരളത്തിലെ മുസ്‍ലിംകളിൽ നിന്ന് ഹിന്ദുക്കൾ നേരിടുന്ന “ഭീഷണി”കളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനും ഇവർ ആവശ്യപ്പെട്ടു.

എക്സ് സ്‌പേസസിൽ നടക്കുന്ന വർഗീയവും അക്രമാസക്തവുമായ ചർച്ചകളെ കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്ന് ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് ടി.എൻ.എം റിപ്പോർട്ട് തയാറാക്കിയത്. ബി.ജെ.പി ഭാരവാഹികൾ അടക്കമുള്ളവർ പ്രഭാഷകരായെത്തുന്ന ചാറ്റ്റൂമുകളിൽ കേൾവിക്കാർക്ക് സംസാരിക്കാനും അവസരമുണ്ട്. ലൈവ് പ്രസംഗങ്ങളും റെക്കോർഡുചെയ്‌തതും ഇതിൽ കേൾപ്പിക്കുന്നുണ്ട്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുള്ള വിദ്വേഷ പ്രസംഗമാണ് ഇവയിൽ നടക്കുന്നതെന്ന് ടി.എൻ.എം റിപ്പോർട്ടിൽ പറയുന്നു.

രാത്രി 11.30ന് ആരംഭിച്ച് പുലർച്ചെ 1.30 വരെ നീളുന്ന ചർച്ചകൾ ആഴ്ചയിൽ നാലോ അഞ്ചോ തവണയാണ് നടത്തുന്നത്. മിക്കവരും വ്യാജ അക്കൗണ്ടുകളാണ് ഉപയോഗിക്കുന്നത്. ഇതിൽ പ​ങ്കെടുക്കുന്നവരിൽ കൂടുതലും ഇന്ത്യക്ക് പുറത്ത്, പ്രധാനമായും ഗൾഫ് ഉൾപ്പെടെയുള്ള ഇസ്‍ലാമിക രാജ്യങ്ങളിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമാണെന്നാണ് നിഗമനം. മിക്ക ചർച്ചകളിലും മുസ്‍ലിം വിരുദ്ധ പരാമർശങ്ങളും അവഹേളനപരമായ പദങ്ങളുമാണ് ഉപയോഗിക്കുന്നത്. സജീവ വിദേവഷ പ്രാസംഗികർക്ക് ആയിരക്കണക്കിന് ​ഫോളോവേഴ്സ് ഉണ്ട്. അവരിൽ ഭൂരിഭാഗവും സംഘ് പരിവാറുമായി ബന്ധമുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. പ്പെട്ടിരിക്കുന്നു.

താൻ ഒരു വർഗീയവാദിയാണെന്ന് തുറന്നു പറഞ്ഞാണ് ബി.ജെ.പി നേതാവ് രാജേഷ് കൃഷ്ണ ചർച്ചയിൽ സംസാരിക്കുന്നത്. ഗസ്സയിൽ കുട്ടികൾ കൊല്ലപ്പെടുന്നത് കാണുമ്പോൾ താൻ ചിരിക്കുമെന്ന് ഇയാൾ പറഞ്ഞു. “ഇപ്പോൾ മരിച്ച കുട്ടികൾ ഭാവിയിലെ തീവ്രവാദികളായിരിക്കും. അതിനാൽ, അവരെ കൊല്ലുന്നതിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അവർ കുട്ടികളാണ്. പക്ഷേ, മാനുഷികമായി ചിന്തിക്കേണ്ട ആവശ്യമില്ല’ -രാജേഷ് കൃഷ്ണ പറഞ്ഞു.

ഇതേക്കുറിച്ച് രാജേഷുമായി ടിഎൻഎം ബന്ധപ്പെട്ടപ്പോൾ, എക്‌സ് സ്‌പെയ്‌സസിൽ തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് പറയുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് അനുഭാവികൾ ഞങ്ങളെ ചാണകം, വർഗീയവാദികൾ എന്നിങ്ങനെ വിളിക്കുന്നു. എന്നെ ഒരു വർഗീയവാദിയായി മുദ്രകുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഞാൻ അങ്ങനെയാണ്. മറ്റൊരാളുടെ കാഴ്ചപ്പാട് മാറ്റാൻ എനിക്ക് സമയമില്ല” -രാജഷ് കൃഷ്ണ പറഞ്ഞു. മതപരമായ വിദ്വേഷം പ്രചരിപ്പിക്കുന്നതിനൊപ്പം സ്ത്രീകൾക്കെതിരായ ലൈംഗിക പരാമർശങ്ങളും കമ്മ്യൂണിസ്റ്റ് വിരുദ്ധതയുമാണ് ഈ ചർച്ചകളിൽ നടക്കുന്നത്. 

Tags:    
News Summary - Kerala X Spaces fuel anti-Muslim and hate propaganda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.