ആർ. ഇന്ദുചൂഢൻ, തിരുവഞ്ചൂർ രാധാകൃഷ്ണന്‍
കോഴിക്കോട്: കോൺഗ്രസ് നേതാവും പത്തനംതിട്ട ഡി.സി.സി ഉപാധ്യക്ഷനുമായിരുന്ന ആർ. ഇന്ദുചൂഢന്‍റെ ചരമവാർഷികദിനത്തിലെ അനുസ്മരണ കുറിപ്പിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 1996-97 കാലത്ത് അടൂർ സബ് ഡിവിഷനിൽ എ.എസ്.പിയായിരുന്ന നിലവിലെ ഡി.ജി.പിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ അടിച്ചമർത്തൽ നയമാണ് സ്വീകരിച്ചതെന്ന് തിരുവഞ്ചൂർ എഫ്.ബി. പോസ്റ്റിൽ പറയുന്നു.
പാർട്ടി പ്രവർത്തകരെ പിടിച്ചു കൊണ്ടുപോയി കസ്റ്റഡിയിൽവെക്കുന്നത് അടക്കമുള്ള നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് അടൂർ എ.എസ്.പി ഓഫിസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷത്തിൽ കലാശിച്ചു. ലാത്തിച്ചാർജ് നടത്തിയ പൊലീസ് രാവിലെ മുതൽ ഭീകാരാന്തരീക്ഷമാണ് അടൂർ ടൗണിൽ സൃഷ്ടിച്ചത്. ഗാന്ധി പാർക്ക് മൈതാനിയിൽ താൻ സത്യാഗ്രഹം കിടന്നു. സംഭവം അറിഞ്ഞ് കോന്നി എം.എൽ.എയായിരുന്ന അടൂർ പ്രകാശും സത്യാഗ്രഹ പന്തലിലേക്ക് എത്തിയിരുന്നു.
വൈകുന്നേരമായപ്പോൾ എ.എസ്.പിയുടെ നേതൃത്വത്തിൽ മൂന്നാം റൗണ്ട് ലാത്തിചാർജ് സത്യാഗ്രഹ പന്തലിൽ കിടന്നവർക്ക് നേരേയായിരുന്നു. മൂന്നുതവണയും അടിയേറ്റ ഇന്ദുചൂഢന് അതിഗുരുതരമായ ശാരീരികക്ഷതമാണ് സംഭവിച്ചത്. ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പന്തലിൽ ഉണ്ടായിരുന്ന അടൂർ പ്രകാശിനും മർദനമേറ്റു. അടൂരിലെ പൊലീസ് മർദനത്തിൽ ശാരീരിക അവശതയിലായ ഇന്ദുചൂഢന് പിന്നീട് ഒരിക്കലും ആരോഗ്യം തിരിച്ചു കിട്ടിയില്ലെന്നും തിരുവഞ്ചൂർ വിവരിക്കുന്നു. താൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അടൂരിൽ മർദനം അഴിച്ചുവിട്ട ഓഫിസറടക്കം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരോട് ജനാധിപത്യപരമായി സമരം ചെയ്യുന്നവരോടും കസ്റ്റഡിയിലെടുക്കുന്നവരോടും മാന്യമായി മാത്രമേ പെരുമാറാവൂ എന്നാണ് താൻ നിർദേശിച്ചതെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഇന്ദുചൂഢന് മർദനമേറ്റ കാലയളവിലെ അടൂരിലെ എ.സി.പി ആരാണെന്ന് തിരുവഞ്ചൂരിന്‍റെ എഫ്.ബി പോസ്റ്റിന് പാർട്ടി പ്രവർത്തകർ കമന്‍റായി നൽകുന്നുണ്ട്.ആർ. ഇന്ദുചൂഢന്‍റെ മകൻ വിജയ് ഇന്ദുചൂഢൻ നിലവിൽ യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല പ്രസിഡന്റാണ്.
ഇന്ദുചൂഡൻ പോലീസ് ഭീകരതക്ക് ഇരയായ രക്തസാക്ഷി...
സെപ്റ്റംബർ 10 പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റായിരുന്ന പ്രിയ സുഹൃത്ത് ആർ ഇന്ദുചൂഡൻ്റെ ഓർമ്മ ദിനമാണ്.
58ാം വയസിൽ 2016 ലാണ് ഇന്ദുചൂഡൻ മരണപ്പെട്ടത്. പത്തനംതിട്ട ജില്ലയിൽ KSU, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രസ്ഥാനങ്ങളെ വളർത്തുന്നതിൽ വലിയ പങ്കുവഹിക്കുകയും നിരവധി പോരാട്ടങ്ങൾ മുന്നിൽ നിന്നു നയിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം.
ഓമല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റായിരുന്ന കോട്ടൂരത്ത് രാഘവൻ നായരുടെ മകൻ ഇന്ദുചുഡനായിരുന്നു പത്തനംതിട്ട ജില്ല രൂപീകൃതമാകുമ്പോൾ ആദ്യ കെ എസ് യു ജില്ലാ പ്രസിഡന്റ്.
1987 മുതൽ ഒരു ദശാബ്ദത്തിലേറെ ജില്ലയിൽ യൂത്ത് കോൺഗ്രസിനെ നയിച്ചു...
അദ്ദേഹത്തിൻ്റെ മകൻ വിജയ് ഇന്ദുചൂഡൻ ഇപ്പോൾ പത്തനംതിട്ട ജില്ലാ യുത്ത് കോൺഗ്രസ് പ്രസിഡന്റാണ്. അച്ഛൻ്റെ അതേ പോരാട്ട വീര്യമുള്ള മകൻ .
ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് പെമ്പിളൈ ഒരുമയി സമരക്കാരെ അക്ഷേപിച്ചതിൽ പ്രതിഷധിച്ചു മന്ത്രി എം എം മണിയെ കരിങ്കൊടി കാണിച്ചു എന്നതിൻ്റെ പേരിൽ വിജയ് ഇന്ദു ചൂഡനെയും മറ്റും പിടിച്ചു കൊണ്ട് പോയ പോലിസ് ജീപ്പിൽ വെച്ചും സ്റ്റേഷനിൽ വെച്ചും ക്രൂരമായി മർദ്ദിച്ചത്, കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ മർദ്ദിച്ചതിനു സമാനമായിട്ടാണെന്നാണ് അറിയാൻ കഴിഞ്ഞത്. തൻ്റെ പിതാവിന് പോലിസ് മർദനമേറ്റതിനെ കുറിച്ച് വിജയ് എഴുതിയ ഹൃദയ സ്പർശിയായ കുറിപ്പ് അന്നത്തെ സംഭവങ്ങൾ വീണ്ടും ഓർമ്മിക്കാനിടയാക്കി.
ഞാൻ അടൂരിൽ രണ്ടാം ടേം എം എൽ എ ആയിരിക്കുമ്പോഴാണ് ആ സംഭവങ്ങൾ. ഇന്ന് ഡിജിപി പദവിയിലുള്ള ഒരു പോലിസ് ഉദ്യോഗസ്ഥൻ , ഐ പി എസ് ലഭിച്ച് ആദ്യമായി സർവ്വിസിൽ പ്രവർത്തിക്കുന്നത് 1996-97 കാലത്ത് അടൂർ സബ്ബ് ഡിവിഷനിൽ എ എസ് പി ആയാണ്. ചെറുപ്പത്തിൻ്റെ ആവേശം കൊണ്ടാണോ തുടക്കത്തിലേ സർക്കാരിൻ്റെ ഗുഡ് ബുക്കിൽ ഇടം പിടിക്കാനായിരുന്നോ എന്നറിയില്ല, അന്നു പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ് പ്രവർത്തകരുടെ ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്കെല്ലാമെതിരെ വളരെ അസഹിഷ്ണതയോടെയുള്ള അടിച്ചമർത്തൽ നയമാണ് പോലീസ് അന്ന് അടൂരിൽ സ്വീകരിച്ചത്.
കോൺഗ്രസ് പ്രവർത്തകരെ പിടിച്ചു കൊണ്ട് പോയി കസ്റ്റഡിയിൽ വെക്കുന്ന തടക്കമുള്ള നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് എ എസ് പി ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലിസ് തടഞ്ഞതിനെ തുടർന്ന് സംഘർഷം ഉണ്ടായി. പോലീസ് രൂക്ഷമായ ലാത്തിച്ചാർജ് നടത്തി.
രാവിലെ മുതൽ തന്നെ ഭീകാരാന്തരീക്ഷമാണ് അടൂർ ടൗണിൽ പോലീസ് സൃഷ്ടിച്ചത്. ഗാന്ധി പാർക്ക് മൈതാനിയിൽ ഞാൻ സത്യാഗ്രഹം കിടന്നു. സംഭവം അറിഞ്ഞ് എത്തിയ കോന്നി എം എൽ എ യായിരുന്ന അടൂർ പ്രകാശും സത്യാഗ്രഹ പന്തലിലേക്ക് എത്തിയിരുന്നു.
വൈകുന്നേരമായപ്പോൾ മൂന്നാം റൗണ്ട് ലാത്തിചാർജ് എ എസ് പി യുടെ നേതൃത്വത്തിൽ സത്യാഗ്രഹ പന്തലിൽ കിടന്നവർക്ക് നേരേയായിരുന്നു.
മൂന്നുതവണയും അടിയേറ്റ ഇന്ദുചൂഡന് അതിഗുരുതരമായ ശാരീരിക ക്ഷതമാണ് സംഭവിച്ചത്. ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പന്തലിൽ ഉണ്ടായിരുന്ന അടൂർ പ്രകാശ് എംഎൽഎക്ക് മർദ്ദനമേറ്റു.
സത്യാഗ്രഹ സമരം ഒരു കുറ്റമല്ലാത്തതുകൊണ്ട്അറസ്റ്റിനു വഴങ്ങാൻ മടിച്ച എനിക്ക് പോലിസിൻ്റെ ബലപ്രയോഗത്തിൽ കൈക്ക് ഒടിവു സംഭവിച്ചു.
നിരവധി കോൺഗ്രസ് യു ഡിഎഫ് പ്രവർത്തകർക്ക് മർദ്ദനമേറ്റു...
അടുത്ത ദിവസം ഞാനും അടൂർ പ്രകാശും പ്ലാസ്റ്റർ ഇട്ടാണ് നിയമസഭയിലേക്ക് പോയത്...
2012 ഏപ്രിൽ 13 മുതൽ 2014 ജനുവരി 1 വരെ ഞാൻ മന്ത്രിയെന്ന നിലയിൽ ആഭ്യന്തര വകുപ്പിൻ്റെ ചുമതല വഹിച്ചിരുന്നപ്പോൾ ഈ ഓഫീസറടക്കം ഉയർന്ന പോലിസ് ഉദ്യോഗസ്ഥരോട് ഞാൻ നിർദ്ദേശിച്ചിരുന്നത് ജനാധിപത്യപരമായി സമരം ചെയ്യുന്നവരോടും കസ്റ്റഡിയിലെടുക്കുന്നവരോടും മാന്യമായി മാത്രമേ പെരുമാറാവൂ എന്നാണ്.
അടൂരിലെ പോലിസ് മർദ്ദനത്തിൽ ശാരീരികമായി അവശതയിലായ ഇന്ദുചൂഡന് പിന്നീട് ഒരിക്കലും ആരോഗ്യം തിരിച്ചു കിട്ടിയില്ല.
കോൺഗ്രസ് പ്രസ്ഥാനത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ഇന്ദുചൂഡൻ്റെ ഓർമ്മകൾക്കു മുൻപിൽ പ്രണാമം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.