മുംബൈ: ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ നായക സ്ഥാനം ഒഴിഞ്ഞ് വെറ്ററൻ താരം അജിങ്ക്യ രഹാനെ. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം മുംബൈ ക്രിക്കറ്റ് ടീമിന്‍റെ നായക സ്ഥാനം ഒഴിയുന്ന വിവരം അറിയിച്ചത്. പുതിയ ക്യാപ്റ്റനെ വളർത്തിക്കൊണ്ടുവരാനുള്ള ശരിയായ സമയം ഇതാണെന്ന് മനസ്സിലാക്കിയാണ് സ്ഥാനം ഒഴിയുന്നതെന്ന് രഹാനെ പറഞ്ഞു.
‘മുംബൈ ടീമിന്‍റെ ക്യാപ്റ്റനാകാനും ചാമ്പ്യൻഷിപ്പുകൾ നേടാനും കഴിഞ്ഞത് ഒരു വലിയ ബഹുമതിയാണ്. പുതിയ ആഭ്യന്തര സീസൺ പടിവാതിൽക്കൽ എത്തിനിൽക്കെ, പുതിയ ക്യാപ്റ്റനെ കണ്ടെത്താനുള്ള ശരിയായ സമയമാണിതെന്ന് വിശ്വസിക്കുന്നു, അതിനാലാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്’ -രഹാനെ എക്സിൽ കുറിച്ചു. എന്നാൽ, മുംബൈ ടീമിനൊപ്പം 37കാരനായ രഹാനെ തുടരും. ഒരു കളിക്കാരൻ എന്ന നിലയിൽ മുംബൈ ടീമിനായി പരമാവധി നൽകാൻ പ്രതിജ്ഞാബദ്ധനാണ്, കൂടുതൽ കിരീടങ്ങൾ നേടാനായി മുംബൈ ടീമിനൊപ്പമുള്ള എന്റെ യാത്ര തുടരും. പുതിയ സീസണിനായി കാത്തിരിക്കുന്നുവെന്നും രഹാനെ കൂട്ടിച്ചേർത്തു.
കഴിഞ്ഞ സീസണിൽ രഹാനെയുടെ നേതൃത്വത്തിലാണ് മുംബൈ സയ്യിദ് മുഷ്താഖ് അലി ടൂർണമെന്‍റിൽ കിരീടം നേടിയത്. ടൂർണമെന്‍റിലെ റൺവേട്ടക്കാരനും രഹാനെയായിരുന്നു. രഞ്ജി ട്രോഫി ക്രിക്കറ്റിൽ സെമിയിലെത്തിയെങ്കിലും വിദർഭയോട് 90 റൺസിന് പരാജയപ്പെട്ടു. മുംബൈക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവു കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് രഹാനെ. 76 മത്സരങ്ങളിൽനിന്ന് 5932 റൺസാണ് താരം നേടിയത്. 52 ആണ് ശരാശരി. 19 സെഞ്ച്വറികൾ നേടി. വസീം ജാഫറാണ് ഒന്നാമത്.
ഐ.പി.എല്ലാണ് താരം അവസാനമായി കളിച്ച മത്സര ക്രിക്കറ്റ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ നായകനായ താരം, 13 മത്സരങ്ങളിൽനിന്ന് 390 റൺസാണ് നേടിയത്. പുതിയ സീസണു മുന്നോടിയായി കെ.കെ.ആർ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രഹാനെയെ മാറ്റിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. മലയാളി താരം സഞ്ജു സാംസൺ, കെ.എൽ. രാഹുൽ എന്നിവരെയാണ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊൽക്കത്ത ലക്ഷ്യമിടുന്നത്.
ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, യശസ്വി ജയ്സ്വാൾ, സർഫറാസ് ഖാൻ എന്നിവരിൽ ആരെങ്കിലും മുംബൈയുടെ പുതിയ ക്യാപ്റ്റനായേക്കും. ഇതിൽ ശ്രേയസിനാണ് കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.