അലഹബാദ്: വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്തെന്ന് ചൂണ്ടിക്കാട്ടി യുവതി നൽകിയ പരാതിയിൽ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു (ആർ.സി.ബി) താരം യാഷ് ദയാലിന്‍റെ അറസ്റ്റ് അലഹബാദ് ഹൈകോടതി തടഞ്ഞു.
യുവതിയുടെ പരാതിയിൽ ഉത്തർപ്രദേശിലെ ഇന്ദിരാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ദയാലുമായി തനിക്ക് അഞ്ചു വര്‍ഷത്തെ ബന്ധമുണ്ടെന്നും തന്നെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്‌തെന്നുമാണ് യുവതി ആരോപിക്കുന്നത്. അറസ്റ്റ് തടയണമെന്നും തനിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് യാഷ് ഹൈകോടതിയെ സമീപിച്ചത്. ഒരാളെ അഞ്ചു വർഷം പറ്റിക്കാനാകില്ലെന്ന് ചൊവ്വാഴ്ച ഹരജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസുമാരായ സിദ്ദാർഥ വർമയും അനിൽ കുമാറും നിരീക്ഷിച്ചു.
‘ഒന്നോ, രണ്ടോ, മൂന്നോ ദിവസം ഒരാളെ പറ്റിക്കാനാകും...പക്ഷേ അഞ്ചു വർഷം...അഞ്ചു വർഷമായി നിങ്ങൾ അടുപ്പത്തിലായിരുന്നു...ഒരാളെ അഞ്ചു വർഷം പറ്റിക്കാനാകില്ല’ - ഹരജി പരിഗണിക്കുന്നതിനിടെ വാക്കാൽ കോടതി പറഞ്ഞു.
നേരത്തെ, യുവതിക്കെതിരെ യാഷും പരാതി നൽകിയിരുന്നു. യുവതി ചികിത്സയുടെ പേര് പറഞ്ഞും മറ്റും ലക്ഷങ്ങൾ വായ്പ വാങ്ങിയിട്ടുണ്ടെന്നും ഇതുവരെ തിരിച്ചുതന്നിട്ടില്ലെന്നും പ്രയാഗരാജിലെ ഖുൽദാബാദ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ യാഷ് പറയുന്നു. തന്‍റെ ഐഫോണും ലാപ്ടോപ്പും തട്ടിയെടുത്തെന്നും പരാതിയിലുണ്ട്.
വിവാഹ വാഗ്ദാനം നൽകി പലതവണ ശാരീരികമായി ഉപയോഗപ്പെടുത്തിയെന്നാണ് യുവതി ആരോപണം. യാഷിന്‍റെ കുടുംബത്തിന് എന്നെ പരിചയപ്പെടുത്തി. ഞാൻ അവരുടെ മരുമകളാകുമെന്ന് ഉറപ്പുനൽകി. തികഞ്ഞ സത്യസന്ധതയോടും സമർപ്പണത്തോടും കൂടിയാണ് ബന്ധം നിലനിർത്തിയത്. എന്നാൽ, മറ്റ് സ്ത്രീകളുമായുള്ള അവന്റെ ബന്ധം മാനസികമായി തളർത്തി. ഇത് തനിക്ക് വിഷാദരോഗത്തിന് കാരണമായെന്നും യുവതി പറയുന്നു.
ഷോപ്പിങ്ങിനും മറ്റുമായി നിരന്തരം തന്നോട് പണം വാങ്ങിയിട്ടുണ്ടെന്നും ഇതിനുള്ള തെളിവുകൾ തന്‍റെ കൈയിലുണ്ടെന്നുമാണ് യാഷ് നൽകിയ പരാതിയിലുള്ളത്. ‘ചികിത്സയുടെ പേരു പറഞ്ഞാണ് ലക്ഷക്കണക്കിനു രൂപ വാങ്ങിയത്. പണം തിരികെ നൽകാമെന്നു പറഞ്ഞിരുന്നു. ഇതുവരെ തിരിച്ചുനൽകിയിട്ടില്ല. ഷോപ്പിങ്ങിനും മറ്റും പോകുമ്പോൾ അതിനും പണം ചോദിക്കുമായിരുന്നു. ഇതിനൊക്കെ തെളിവുകൾ കൈവശമുണ്ട്’ -പൊലീസിൽ നൽകിയ പരാതിയിൽ ദയാൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.