ശ്രേയസ് അയ്യരും രോഹിത് ശർമയും (ഫയൽ ചിത്രം)
മുംബൈ: ഇന്ത്യയുടെ ഏകദിന ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ വൈകാതെ അവസാനിക്കുമെന്ന് റിപ്പോർട്ട്. വരാനിരിക്കുന്ന ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ഹിറ്റ്മാന്‍റെ ക്രിക്കറ്റ് കരിയറിലെ അവസാന അധ്യായമാകുമെന്ന അഭ്യൂഹം ശക്തമാണ്. അങ്ങനെയെങ്കിൽ ടീം ഇന്ത്യക്ക് ഏകദിനത്തിൽ പുതിയ ക്യാപ്റ്റനെ തേടേണ്ടതുണ്ട്.
ഏഷ്യ കപ്പ് ടീം പ്രഖ്യാപനത്തിനിടെ ചീഫ് സെലക്ടർ അജിത് അഗാർക്കർ, നിലവിൽ ടെസ്റ്റ് ടീം ക്യാപ്റ്റനായ ശുഭ്മൻ ഗില്ലിനെ മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റനാക്കിയേക്കുമെന്ന സൂചന നൽകിയിരുന്നു. എന്നാൽ ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഏകദിനത്തിൽ നായക പദവിയിലേക്ക് ശ്രേയസ് അയ്യരെ ബി.സി.സി.ഐ പരിഗണിച്ചേക്കുമെന്നാണ് സൂചന.
ഏഷ്യ കപ്പിനുള്ള സ്ക്വാഡിലേക്ക് ശ്രേയസിനെ പരിഗണിക്കാതിരുന്നതിൽ ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ് നിരീക്ഷകർക്കിടയിലും ഇത് ഭിന്നാഭിപ്രായം ഉയർത്തിയിരുന്നു. എന്നാൽ ശ്രേയസിന്‍റെ 50 ഓവർ ഫോർമാറ്റിൽ ക്യാപ്റ്റനാക്കാൻ പരിഗണിക്കുന്നതായി ദൈനിക ജാഗരൺ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2027ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാകും ഈ മാറ്റം. സീനിയർ താരങ്ങളായ രോഹിത്തും വിരാടുമായി ബി.സി.സി.ഐ ഇക്കാര്യം ചർച്ച ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.
2024ലെ ഐ.പി.എൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീട ജേതാക്കളാക്കുന്നതിലും ഇക്കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സിനെ ഫൈനലിൽ എത്തിക്കുന്നതിലും ശ്രേയസിന്‍റെ ക്യാപ്റ്റൻസി മികവ് നിർണായകമായെന്നാണ് വിലയിരുത്തൽ. ഈ വർഷം നടന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിലും നിർണായക പ്രകടനം പുറത്തെടുക്കാൻ താരത്തിനായി.
30 കാരനായ ശ്രേയസ് ചാമ്പ്യൻസ് ട്രോഫിയിലെ അഞ്ച് മത്സരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനത്തിലൂടെ 243 റൺസാണ് അടിച്ചെടുത്തത്. 15, 56, 79, 45, 48 എന്നിങ്ങനെയാണ് അഞ്ച് ഇന്നിങ്സുകളിലെ സ്കോർ. ആകെ 70 ഏകദിന മത്സരങ്ങളിൽനിന്ന് 48.22 ശരാശരിയിൽ 2845 റൺസാണ് ശ്രേയസിന്‍റെ സമ്പാദ്യം.
നിലവിൽ ഏകദിന ടീമിന്‍റെ വൈസ് ക്യാപ്റ്റനായ ശുഭ്മൻ ഗില്ലിനെ, ജോലിഭാരം പരിഗണിച്ച് ഏകദിന ക്യാപ്റ്റൻസി നൽകേണ്ടെന്ന് തീരുമാനിച്ചതായാണ് വിവരം. ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റനായ ഗില്ലിനെ ഏകദിനത്തിനു പുറമെ ഏഷ്യ കപ്പിനുള്ള സ്ക്വാഡിലും വൈസ് ക്യാപ്റ്റനായാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മൂന്നു ഫോർമാറ്റിലും ക്യാപ്റ്റൻസി ഏറ്റെടുക്കേണ്ടി വന്നാൽ സമ്മർദമേറുമെന്നും പ്രകടനത്തെ ബാധിക്കുമെന്നും ബി.സി.സി.ഐ വിലയിരുത്തുന്നു.
അതേസമയം ഏകദിന ക്രിക്കറ്റിൽ മാത്രം തുടരുന്ന രോഹിത്തിന്‍റെയും വിരാടിന്‍റെയും ഭാവിപദ്ധതി ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ വർഷത്തെ ലോകകപ്പ് നേട്ടത്തോടെ ട്വന്‍റി20 ഫോർമാറ്റിലും ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി ടെസ്റ്റ് ഫോർമാറ്റിലും ഇരുവരും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 2027 ലോകകപ്പ് വരെ സീനിയർ താരങ്ങൾ ടീമിൽ തുടരുമോ എന്ന കാര്യം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.