പേസ് ബൗളർമാരുടെ ഫിറ്റ്നസ് ലെവലും എയറോബിക് ശേഷിയും ഉർത്താനായി ബ്രോങ്കോ ടെസ്റ്റ് അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ടീമിന്‍റെ പരിശീലകർ. റഗ്ബി പരിശീലനത്തിനു സമാനമായി 20 മീറ്റർ, 40 മീറ്റർ, 60 മീറ്റർ എന്നിങ്ങനെ ഷട്ടിൽ റണ്ണാണ് ബ്രോങ്കോ ടെസ്റ്റിലുള്ളത്. സ്ട്രെങ്ത് ആൻഡ് കണ്ടിഷനിങ് കോച്ച് അഡ്രിയാൻ ലെ റോക്സിന്‍റെ നിർദേശ പ്രകാരമാണ് ജിമ്മിലെ വർക്കൗട്ടിനേക്കാൾ ഗ്രൗണ്ടിലെ വർക്കൗട്ടിലേക്ക് പേസർമാരെ മാറ്റുന്നത്. മുഖ്യപരിശീലകൻ ഗൗതം ഗംഭീറും ഈ നിർദേശം അംഗീകരിക്കുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റടങ്ങിയ പരമ്പരയിലാണ് പേസർമാരുടെ ഫിറ്റ്നസ് ചർച്ചയായത്. എല്ലാ മത്സരങ്ങളിലും കളിച്ച മുഹമ്മദ് സിറാജ് മാത്രമാണ് പരമ്പരയിലുടനീളം മികച്ച ഫിറ്റ്നസ് നിലനിർത്തിയത്. രണ്ട് പേസർമാർ നന്നേ ക്ഷീണിതരായെന്നും റിപ്പോർട്ടുണ്ടായിരുന്നു. ബംഗളൂരുവിലെ ബി.സി.സി.ഐ പരിശീലന കേന്ദ്രത്തിൽ ചില മുതിർന്ന താരങ്ങൾ നേരത്തെതന്നെ ബ്രോങ്കോ ടെസ്റ്റിൽ ഏർപ്പെട്ടിരുന്നു. യോ-യോ ടെസ്റ്റും രണ്ട് കിലോമീറ്റർ ടൈം ട്രയലും നിലവിൽ ഫിറ്റ്നസ് പരിശോധിക്കാനായി നടത്തുന്നുണ്ട്.
ബ്രോങ്കോ ടെസ്റ്റിൽ 20 മീറ്റർ ഷട്ടിൽ റണ്ണാണ് ആദ്യത്തേത്. 40 മീറ്ററും 60 മീറ്ററും ഷട്ടിൽ റണ്ണാണ് ഇതിനു ശേഷമുള്ളത്. ഇത്തരത്തിൽ അഞ്ച് സെറ്റ് പൂർത്തിയാക്കണം. ആകെ 1200 മീറ്റർ ഓട്ടം ഇടവേളയില്ലാതെ ആറ് മിനിറ്റിനകം പൂർത്തിയാക്കണം. രണ്ട് കിലോമീറ്റർ ടൈം ട്രയൽ ഫാസ്റ്റ് ബൗളർമാർ എട്ട് മിനിറ്റ് 15 സെക്കൻഡിലും ബാറ്റർമാർ, സ്പിൻ ബൗളർമാർ, വിക്കറ്റ് കീപ്പർമാർ എന്നിവർ എട്ട് മിനിറ്റ് 30 സെക്കൻഡിലും പൂർത്തിയാക്കണം. 20 മീറ്റർ അകലത്തിലുള്ള മാർക്കറുകൾക്കിടയിലാണ് യോ-യോ ടെസ്റ്റ്. ഓരോ 40 മീറ്ററിലും 10 സെക്കൻഡ് ബ്രേക്കെടുക്കാം. ഇന്ത്യൻ ടീമിന്‍റെ മിനിമം യോ-യോ ലെവൽ 17.1ലാണ് സെറ്റ് ചെയ്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ജൂണിലാണ് ലെ റോക്സ് ഇന്ത്യൻ ടീമിന്‍റെ സ്ട്രെങ്ത് ആൻഡ് കണ്ടിഷനിങ് കോച്ചായി ചുമതലയേറ്റത്. നേരത്തെ 2002-2003 സീസണിലും ഇന്ത്യൻ ടീമിനൊപ്പം അദ്ദേഹം ചേർന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്ക ടീമിനും ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും പരിശീലനം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.