തിരുവനന്തപുരം: നായകൻ സാലി വിശ്വനാഥ് മുന്നിൽനിന്ന് നയിച്ചപ്പോൾ കേരള ക്രിക്കറ്റ് ലീഗ് പുതിയ സീസൺ ജയത്തോടെ തുടങ്ങി കൊച്ചി ബ്ലൂ ടൈഗേഴ്സ്.
ട്രിവാൻഡ്രം റോയൽസിനെ എട്ടു വിക്കറ്റിനാണ് കൊച്ചി തകർത്തത്. സാലിയുടെ അർധ സെഞ്ച്വറിയാണ് കൊച്ചിക്ക് അനായാസ വിജയം സമ്മാനിച്ചത്. 30 പന്തിൽ മൂന്നു സിക്സും അഞ്ചു ഫോറുമടക്കം 50 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. ടീമിലെ വൈസ് ക്യാപ്റ്റനായ സഞ്ജു സാംസണിന്‍റെ സഹോദരനാണ് സാലി. ആദ്യം ബാറ്റു ചെയ്ത ട്രിവാൻഡ്രം 20 ഓവറില്‍ 97 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ കൊച്ചി 11.5 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
മുഹമ്മദ് ഷാനു 20 പന്തിൽ 23 റൺസെടുത്ത് മികച്ച പിന്തുണ നൽകി. വിനൂപ് മനോഹരൻ (14 പന്തിൽ 14), ജോബിൻ ജോബി (ഏഴു പന്തിൽ എട്ട് റൺസ്) എന്നിവരാണ് പുറത്തായ താരങ്ങൾ. ട്രിവാൻഡ്രത്തിനായി ടി.എസ്. വിനിൽ ഒരു വിക്കറ്റെടുത്തു. നേരത്തെ, ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ കൊച്ചി 20 ഓവറിൽ 97 റൺസിന് ഓൾ ഔട്ടായി.
അഖിൻ സത്താറിന്‍റെയും മുഹമ്മദ് ആഷിഖിന്‍റെയും ബൗളിങ്ങാണ് ട്രിവാൻഡ്രത്തെ തകർത്തത്. അഖിൻ നാലു ഓവറിൽ 13 റൺസ് മാത്രം വഴങ്ങിയും ആഷിഖ് മൂന്നു ഓവറിൽ 14 റൺസ് വിട്ടുകൊടുത്തും മൂന്നു വിക്കറ്റ് വീതം നേടി. 32 പന്തിൽ 28 റൺസെടുത്ത അഭിജിത്ത് പ്രവീണാണ് ട്രിവാൻഡ്രത്തിന്‍റെ ടോപ് സ്കോറർ. ബേസിൽ തമ്പി 20 പന്തിൽ 20 റൺസെടുത്തു.
എസ്. സുബിൻ (പൂജ്യം), നായകൻ കൃഷ്ണ പ്രസാദ് (12 പന്തിൽ 11), റിയാ ബഷീർ (10 പന്തിൽ ഏഴ്), ഗോവിന്ദ് ദേവ് പായ് (ഏഴു പന്തിൽ മൂന്ന്), അബ്ദുൽ ബാസിത്ത് (16 പന്തിൽ 17), എം. നിഖിൽ (പൂജ്യം), സഞ്ജീവ് സതിരേശൻ (അഞ്ചു പന്തിൽ രണ്ട്), ഫാസിൽ ഫാനൂസ് (ആറു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
ട്രിവാൻഡ്രത്തിന്‍റെ ആദ്യ മൂന്നു വിക്കറ്റുകളും റൺ ഔട്ടായിരുന്നു. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ സുബിൻ റൺ ഔട്ടായി മടങ്ങി. പിന്നാലെ റിയാ ബഷീറും കൃഷ്ണ പ്രസാദും റൺ ഔട്ടായി മടങ്ങുമ്പോൾ ട്രിവാൻഡ്രത്തിന്‍റെ സ്കോർ ബോർഡിൽ 22 റൺസ് മാത്രം. തൊട്ടുപിന്നാലെ ഗോവിന്ദിനെയും നിഖിലിനെയും നഷ്ടപ്പെട്ടതോടെ ട്രിവാൻഡ്രം 5.4 ഓവറിൽ അഞ്ചു വിക്കറ്റിന് 22 റൺസെന്ന നിലയിലേക്ക് തകർന്നടിഞ്ഞു. അഭിജിത്തിന്‍റെയും ബേസിലിന്‍റെയും ബാറ്റിങ്ങാണ് ടീം സ്കോർ 97ലെത്തിച്ചത്. കൊച്ചിക്കായി എട്ടു താരങ്ങളാണ് പന്തെറിഞ്ഞത്. നേരത്തെ ടോസ് നേടിയ കൊച്ചി നായകൻ സാലി വിശ്വനാഥ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.