ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിൽ ഉഭയകക്ഷി കായിക ബന്ധം വേണ്ടെന്ന തീരുമാനം തുടരുമെന്ന് കേന്ദ്ര കായിക മന്ത്രാലയം. ഇന്ത്യ പാകിസ്താനിൽപ്പോയി കളിക്കില്ല. അവരെ ഇങ്ങോട്ട് വരാനും അനുവദിക്കില്ല. എന്നാൽ, പുറത്തു നടക്കുന്ന ബഹുരാഷ്ട്ര ടൂർണമെന്റുകളിൽ ഇരു ടീമും ഏറ്റുമുട്ടും.
നിഷ്പക്ഷ വേദികളിൽപ്പോലും ഇന്ത്യയും പാകിസ്താനും തമ്മിലെ ദ്വിരാഷ്ട്ര പരമ്പരയുണ്ടാവില്ല. ഏഷ്യ കപ്പ് പോലുള്ള ടൂർണമെന്റുകളിൽ പാകിസ്താനെതിരെ മത്സരിക്കുന്നതിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തടയില്ലെന്ന് കായിക മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ''പാകിസ്താൻ ഉൾപ്പെടുന്ന കായിക മത്സരങ്ങളോടുള്ള ഇന്ത്യയുടെ സമീപനം ആ രാജ്യവുമായി ഇടപെടുന്നതിലെ അതിന്റെ മൊത്തത്തിലുള്ള നയത്തെ പ്രതിഫലിപ്പിക്കുന്നതാണ്. ഇന്ത്യ-പാക് ദ്വിരാഷ്ട്ര പരമ്പരയുടെ കാര്യമെടുത്താൽ നിലവിൽ ഇരുരാജ്യങ്ങളും അങ്ങോട്ടുമിങ്ങോട്ടും ടീമുകളെ അയക്കുന്നില്ല. നിഷ്പക്ഷ വേദിയിൽ പോലും പാകിസ്താനുമായി ദ്വിരാഷ്ട്ര മത്സരമില്ല. ഈ നയം ഇന്ത്യയെ കൂടുതൽ ആക്രമണാത്മകമാക്കുന്നു. അതിർത്തിയിലും കായികരംഗത്തും നമ്മൾ പാകിസ്താനെ തോൽപിക്കണം''-മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബഹുരാഷ്ട്ര മത്സരങ്ങൾക്കായി ഇന്ത്യൻ ടീമുകളെ പാകിസ്താനിലേക്ക് പോകാൻ അനുവദിക്കുമോ എന്ന ചോദ്യത്തിന്, "എന്തെങ്കിലും തീരുമാനിക്കുന്നതിന് മുമ്പ് സാഹചര്യങ്ങൾ പരിശോധിക്കും. നമ്മുടെ താരങ്ങളെ നിസ്സംഗതയിൽ വിടാൻ കഴിയില്ല" എന്നായിരുന്നു മറുപടി. അടുത്ത മാസം ദുബൈയിൽ ഇന്ത്യ-പാക് ഏഷ്യ കപ്പ് ക്രിക്കറ്റ് മത്സരം നടക്കാനിരിക്കെയാണ് കായിക മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ ഏഷ്യ കപ്പിന്റെ ഔദ്യോഗിക ആതിഥേയർ പാകിസ്താനായിരുന്നെങ്കിലും ഇന്ത്യ ടീമിനെ അയക്കാൻ തയാറാവാത്തതിനാൽ ശ്രീലങ്കയിലും മത്സരങ്ങൾ നടത്തിയിരുന്നു. ഇക്കുറി ഇന്ത്യയാണ് ഏഷ്യ കപ്പിന് വേദിയാവേണ്ടിയിരുന്നത്. ടീമിനെ വിടില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയതോടെ യു.എ.ഇയിലേക്ക് മാറ്റുകയായിരുന്നു. ബിഹാറിൽ നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് ഹോക്കിയിൽനിന്നും പാക് ടീം പിന്മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.