ലോർഡ്സിൽ ജദേജയുടെ ഹീറോയിസം! ഇനി ഇന്ത്യൻ ഇതിഹാസത്തിനൊപ്പം, എലീറ്റ് ക്ലബിലെത്തി ഓൾ റൗണ്ടർ

ലണ്ടൻ: ലോർഡ്സിൽ വാലറ്റത്തെ കൂട്ടുപിടിച്ച് രവീന്ദ്ര ജദേജ നടത്തിയ ചെറുത്തുനിൽപ്പ് ടെസ്റ്റ് ക്രിക്കറ്റിന്‍റെ എല്ലാ ആവേശവും മനോഹാരിതയും നിറഞ്ഞുനിൽക്കുന്നതായിരുന്നു. 193 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ പ്രതീക്ഷകൾ 22 റൺസകലെ അസ്തമിക്കുമ്പോൾ നോൺ സ്ട്രൈക്കിങ് എൻഡിൽ നിരാശനായി നിൽക്കുന്നത് ക്രിക്കറ്റ് ആരാധകരുടെ നെഞ്ചുലക്കുന്ന കാഴ്ചയായിരുന്നു. പേസർമാരായ ജസ്ത്രപീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്കൊപ്പം ഇംഗ്ലീഷ് ബൗളർമാരെ ചെറുത്തുനിന്ന താരം 61 റൺസുമായി പുറത്താകാതെ നിന്നു.

മൂന്നാം ടെസ്റ്റിൽ 22 റൺസിനാണ് ഇന്ത്യ തോറ്റത്. ജയത്തോടെ ഇംഗ്ലണ്ട് അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ മുന്നിലെത്തി. എന്നാൽ, മത്സരത്തിൽ ജദേജ അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ അപൂർവ ക്ലബിൽ ഇടംപിടിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 7000 റൺസും 600 വിക്കറ്റുകളും നേടുന്ന നാലാമത്തെ മാത്രം താരമാണ് ഈ ഓൾ റൗണ്ടർ. 2009ലാണ് ജദേജ ഇന്ത്യക്കായി പരിമിത ഓവർ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. മൂന്നു വർഷത്തിനുശേഷം ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യക്കായി കളിക്കാനിറങ്ങി. ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലുമായി ഇന്ത്യക്കായി ഇതുവരെ 7018 റൺസും 611 വിക്കറ്റും ജദേജ നേടിയിട്ടുണ്ട്.

ടെസ്റ്റിൽ 3697 റൺസും 326 വിക്കറ്റുകളും. 50 ഓവർ ക്രിക്കറ്റിൽ 2806 റൺസും 231 വിക്കറ്റുകളും താരത്തിന്‍റെ പേരിലുണ്ട്. അണ്ടർ -19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീം അംഗമായിരുന്ന ജദേജ, ട്വന്‍റി20 ക്രിക്കറ്റിൽ 515 റൺസും 54 വിക്കറ്റുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ട്വന്‍റി20 ഫോർമാറ്റിൽനിന്ന് താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. മുൻ ഇന്ത്യൻ നായകൻ കപിൽ ദേവാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 7000 റൺസും 600 വിക്കറ്റുകളു നേടിയ ആദ്യ ഇന്ത്യക്കാരൻ. ദക്ഷിണാഫ്രിക്കയുടെ മുൻ താരം ഷോൺ പൊള്ളോക്ക്, ബംഗ്ലാദേശ് മുൻ നായകൻ ഷാകിബുൽ ഹസൻ എന്നിവരാണ് മറ്റു രണ്ടു താരങ്ങൾ.

മൂന്നാം ടെസ്റ്റിൽ 193 റൺസ് ലക്ഷ്യത്തിലേക്ക് അഞ്ചാംദിനം ബാറ്റിങ് തുടർന്ന ഇന്ത്യയെ 170ന് ഇംഗ്ലണ്ട് എറിഞ്ഞിട്ടു. 112ൽ എട്ടാം വിക്കറ്റ് വീണ ടീമിനെ വാലറ്റക്കാരായ ജസ്പ്രീത് ബുംറക്കും മുഹമ്മദ് സിറാജിനുമൊപ്പം പ്രതിരോധിച്ച് ജദേജയാണ് ജയത്തിനരികിലെത്തിച്ചത്. ഇംഗ്ലണ്ടിനായി പേസർമാരായ ജോഫ്ര ആർച്ചറും ബെൻ സ്റ്റോക്സും മൂന്നുവീതം വിക്കറ്റെടുത്തു. സ്റ്റോക്സാണ് കളിയിലെ താരം.

Tags:    
News Summary - Ravindra Jadeja Joins Kapil Dev, Achieves Huge Milestone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.