കിങ്‌സ്റ്റണ്‍ (ജമൈക്ക): ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നാണംകെട്ട് വെസ്റ്റിൻഡീസ്. രണ്ടാം ഇന്നിങ്‌സില്‍ 204 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആതിഥേയരെ 27 റൺസിന് ഓസീസ് എറിഞ്ഞിട്ടു. 176 റണ്‍സ് ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് തൂത്തുവാരി.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറിനാണ് വിൻഡീസ് സ്വന്തം കാണികൾക്കു മുന്നിൽ ഓൾ ഔട്ടായത്. 69 വർഷത്തിനിടെ ടെസ്റ്റിൽ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ സ്കോറും. 1955ല്‍ ഓക്‌ലന്‍ഡില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡ് 26 റണ്‍സിന് പുറത്തായതാണ് ഏറ്റവും ചെറിയ സ്‌കോര്‍. കിങ്സ്റ്റണിലെ സബീന പാർക്കിൽ വിൻഡീസിനായി ബാറ്റിങ്ങിന് ഇറങ്ങിയ ഏഴുപേർ സംപൂജ്യരായി മടങ്ങി. ഒരാൾക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 7.3 ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും ഹാട്രിക്ക് നേടിയ സ്‌കോട്ട് ബോളണ്ടുമാണ് വിന്‍ഡീസിനെ തരിപ്പണമാക്കിയത്.
രണ്ടു ഓവറിൽ രണ്ട് റൺസ് മാത്രം വിട്ടുകൊടുത്താണ് ബോളണ്ട് മൂന്നു വിക്കറ്റെടുത്തത്. സ്കോർ - ആസ്ട്രേലിയ 225, 121. വെസ്റ്റിൻഡീസ് 143, 27. ഒരു ഡേ-നൈറ്റ് ടെസ്റ്റിലെ ഏറ്റവും ചെറിയ സ്കോറാണ് വിൻഡീസ് കുറിച്ചത്. മൂന്നുദിവസം കൊണ്ടാണ് മൂന്നാം ടെസ്റ്റ് പൂർത്തിയായത്. 2004ൽ ഇംഗ്ലണ്ടിനെതിരെ 47 റൺസിന് പുറത്തായതാണ് വിൻഡീസിന്‍റെ ഇതിനു മുമ്പുള്ള ഏറ്റവും ചെറിയ സ്കോർ. നൂറാം ടെസ്റ്റ് കളിക്കുന്ന സ്റ്റാർക്ക് 15 പന്തുകളിലാണ് അഞ്ചു വിക്കറ്റുകൾ നേടിയത്. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം അഞ്ചു വിക്കറ്റ് തികക്കുന്ന താരമെന്ന റെക്കോഡ് താരം സ്വന്തമാക്കി. 400 ടെസ്റ്റ് വിക്കറ്റ് ക്ലബിലെത്തുന്ന നാലാമത്തെ ഓസീസ് താരം കൂടിയായി സ്റ്റാർക്ക്.
ഷെയിൻ വോൺ, ഗ്ലെൻ മഗ്രാത്ത്, നഥാൻ ലിയോൺ എന്നിവരാണ് മറ്റു മൂന്നുപേർ. ടെസ്റ്റില്‍ ഹാട്രിക്ക് നേടുന്ന പത്താമത്തെ ഓസീസ് താരമാണ് ബോളണ്ട്. ബാർബഡോസിൽ നടന്ന ഒന്നാം ടെസ്റ്റ് 159 റൺസിനും ഗ്രെനാഡയിൽ നടന്ന രണ്ടാം ടെസ്റ്റ് 133 റൺസിന് ഓസീസ് ജയിച്ചിരുന്നു. ഇന്നിങ്‌സിന്‍റെ ആദ്യ പന്തില്‍ തന്നെ ജോണ്‍ കാംബെലിനെ പുറത്താക്കിയ സ്റ്റാര്‍ക്ക്, അഞ്ചാം പന്തിൽ കെവ്ലോൺ ആൻഡേഴ്സണെയും ആറാം പന്തിൽ ബ്രാൻഡം കിങ്ങിനെയും മടക്കി വിൻഡീസിനെ ഞെട്ടിച്ചു. സ്കോർബോർഡ് തെളിയുന്നതിനു മുമ്പേ വിൻഡീസിന് മൂന്നു വിക്കറ്റുകൾ നഷ്ടം.
ആദ്യ അഞ്ചു ബാറ്റർമാരിൽ നാലുപേരും പൂജ്യത്തിനാണ് പുറത്തായത്. 24 പന്തിൽ 11 റൺസെടുത്ത ജസ്റ്റിൻ ഗ്രീവസ് മാത്രമാണ് രണ്ടക്കം കടന്നത്. ഓസീസിനായി പന്തെറിഞ്ഞത് മൂന്നുപേർ മാത്രം. അഞ്ച് ഓവർ എറിഞ്ഞ 10 റൺസ് വഴങ്ങിയ ജോഷ് ഹെയ്സൽവുഡ് ഒരു വിക്കറ്റെടുത്തു. വിൻഡീസിനെതിരെ അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്‍റി20 പരമ്പരയും ഓസീസ് കളിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.