ഇന്ത്യൻ വനിതാ ടീം

കാര്യവട്ടത്ത് ലോകകപ്പ് മത്സരങ്ങളില്ല; ബംഗളൂരുവിലെ മത്സരങ്ങൾ നവി മുംബൈയിലേക്ക് മാറ്റി

മുംബൈ: വനിത ഏകദിന ലോകകപ്പിൽ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന മത്സരങ്ങളുടെ വേദി നവി മുംബൈയിലേക്കും ഗുവാഹത്തിയിലേക്കും മാറ്റി. സ്റ്റേഡിയത്തിൽ വലിയ മത്സരങ്ങൾ നടത്താനാകില്ലെന്ന റിട്ടയേഡ് ജസ്റ്റിസ് മൈക്കൽ ഡികുൻഹ കമീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ബംഗളൂരു സിറ്റി പൊലീസ് അനുമതി നിഷേധിച്ചതോടെയാണ് നീക്കം. ജൂൺ നാലിന് റോയൽ ചാലഞ്ചേഴ്സിന്‍റെ ഐ.പി.എൽ കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിനു പിന്നാലെയാണ് അന്വേഷണ കമീഷനെ നിയമിട്ടത്.

സെപ്റ്റംബർ 30ന് നടക്കുന്ന ഉദ്ഘാടന മത്സരമടക്കം അഞ്ച് മത്സരങ്ങളാണ് ബംഗളൂരുവിൽ നിശ്ചയിച്ചിരുന്നത്. ഇന്ത്യയും ശ്രീലങ്കയുമാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. ഇതിനു പുറമെ രണ്ട് ലീഗ് മത്സരങ്ങൾ, സെമി ഫൈനൽ മത്സരങ്ങൾ എന്നിവയും ബംഗളൂരുവിൽ നിശ്ചയിച്ചിരുന്നു. ഈ മത്സരങ്ങൾ തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്തുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ പുതിയ മത്സരക്രമം പ്രകാരം തിരുവനന്തപുരത്ത് മത്സരങ്ങളില്ല.

പുതിയ ഫിക്സ്ചർ പ്രകാരം ഉദ്ഘാടന മത്സരം ഗുവാഹത്തിയിലാണ് നടക്കുക. പാകിസ്താനെതിരെ ഒക്ടോബർ അഞ്ചിനാണ് ടീം ഇന്ത്യ അണിനിരക്കുന്നത്. ഈ മത്സരം കൊളംബോയിലാണ് നടക്കുക. ക്ടോബർ ഒമ്പതിന് ദക്ഷിണാഫ്രിക്കക്കെതിരെയും 12ന് ആസ്ട്രേലിയക്കെതിരെയും ടീം ഇന്ത്യ ഇറങ്ങും. രണ്ട് മത്സരങ്ങൾക്കും വിശാഖപട്ടണം വേദിയാകും. 23ന് ന്യൂസിലൻഡിനും 26ന് വെസ്റ്റിൻഡീസിനെതിരെയും നടക്കുന്ന മത്സരങ്ങൾക്ക് നവി മുംബൈ വേദിയാകും. പാകിസ്താൻ യോഗ്യത നേടിയാൽ ഒന്നാം സെമി കൊളംബോയിലും അല്ലെങ്കിൽ ഗുവാഹത്തിയിലും രണ്ടാം സെമി നവി മുംബൈയിലും നടക്കും. നവംബർ രണ്ടിന് നടക്കുന്ന ഫൈനലിൽ പാകിസ്താനെത്തിയാൽ കൊളംബോ വേദിയാകും. ഇല്ലെങ്കിൽ ഈ മത്സരവും നവി മുംബൈയിലാകും.

നേരത്തെ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍റെ മഹാരാജ ട്രോഫി ടി20 ടൂർണമെന്‍റ് ബംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് മാറ്റിയിരുന്നു. ഇതിനുമുമ്പ് 1978, 1997, 2003 വർഷങ്ങളിലും ഇന്ത്യ വനിത ലോകകപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഇതിൽ 97ൽ മാത്രമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ മത്സരം നടന്നിട്ടുള്ളത്.

ഏകദിന ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളിൽ ഇന്ത്യ എ സ്ക്വാഡിനെ മലയാളി താരം മിന്നുമണി നയിക്കും. ഷഫാലി വർമ ഉൾപ്പെടെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടാതിരുന്ന താരങ്ങളെയും സന്നാഹ മത്സരങ്ങൾക്കുള്ള 15 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ആസ്ട്രേലിയ ‘എ’ക്കെതിരെ നടന്ന പരമ്പരയിൽ 2-1ന്‍റെ വിജയം നേടാൻ ഇന്ത്യൻ സംഘത്തിനായിരുന്നു. രാധാ യാദവായിരുന്നു അത്തവണ ക്യാപ്റ്റൻ.

വൈസ് ക്യാപ്റ്റനായിരുന്ന മിന്നുമണിക്ക് ഇത്തവണ ക്യാപ്റ്റൻസി ചുമതലയാണ് ബി.സി.സി.ഐ നൽകിയിരിക്കുന്നത്. മലയാളി താരം വി.ജെ. ജോഷിത, ഷബിനം ഷക്കീൽ എന്നിവരെ ഇത്തവണ ടീമിലേക്ക് പരിഗണിച്ചില്ല. നേരത്തെ ലോകകപ്പ് സ്ക്വാഡിലെ 15 അംഗങ്ങൾക്കു പുറമെ മിന്നുമണി, തേജൽ ഹസബ്നിസ്, പ്രിയ മിശ്ര, പ്രേമ റാവത്ത്, ഉമ ഛേത്രി, സയാലി സത്ഘരെ എന്നിവരെ റിസർവ് താരങ്ങളായി ഉൾപ്പെടുത്തിയിരുന്നു.

അതേസമയം, ഹർമൻപ്രീത് കൗർ നയിക്കുന്ന ലോകകപ്പ് സ്ക്വാഡിന്‍റെ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയാണ്. യാസ്തിക ഭാട്യ, റിച്ച ഘോഷ് എന്നിവർ വിക്കറ്റ് കീപ്പർമാരാകും. പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, രേണുക സിങ് താക്കൂർ, അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്, അമൻജോത് കൗർ, രാധാ യാദവ്, ശ്രീ ചരണി, സ്നേഹ് റാണ എന്നിവരും ടീമിൽ ഇടം നേടി. നീതു ഡേവിഡിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ചൊവ്വാഴ്ചണ് ടീം പ്രഖ്യാപിച്ചത്.

Tags:    
News Summary - Women’s ODI World Cup 2025: Bengaluru’s matches moved to Guwahati and Navi Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.