ഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീമിനെ പരിശീലിപ്പിക്കാൻ സ്പാനിഷ് ലോകചാമ്പ്യൻ ടീം അംഗവും ബാഴ്സലോണ ഇതിഹാസവുമായ ചാവി ഹെർണാണ്ടസിനും മോഹം. പുതിയ കോച്ചിനെ തേടിയുള്ള അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ അഭ്യർത്ഥനക്കു പിന്നാലെ സ്വന്തം ഇ മെയിൽ വിലാസത്തിൽ നിന്നും ചാവിയും അപേക്ഷ നൽകിയതായി എ.ഐ.എഫ്.എഫ് സ്ഥിരീകരിച്ചു. ആകെ ലഭിച്ച 170 അപേക്ഷകളിൽ ഒന്നായി ചാവിയുമുണ്ടായിരുന്നതായി ടെക്നികൽ കമ്മിറ്റി അംഗം വെളിപ്പെടുത്തി. എന്നാൽ, മൂന്നുപേരുടെ ചുരുക്കപ്പട്ടികയിൽ ഇതിഹാസ താരത്തെ പരിഗണിച്ചില്ല. ഫുട്ബാൾ ലോകത്തെ ശ്രദ്ധേയ താരങ്ങളെ കോച്ചായി നിയമിക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാൽ തുടക്കത്തിൽ തന്നെ ഒഴിവാക്കുകയായിരുന്നു. സ്പാനിഷുകാരനായ മനോലോ മാർക്വസ് രാജിവെച്ച ഒഴിവിലാണ് ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ പുതിയ പരിശീലകനെ തേടുന്നത്.
ലഭിച്ച അപേക്ഷകളിൽ നിന്നും മൂന്ന് പേരുകളാണ് ടെക്നികൽ കമ്മിറ്റി എ.ഐ.എഫ്.എഫ് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് കൈമാറിയത്. ജാംഷഡ്പൂർ എഫ്.സി കോച്ച് ഖാലിദ് ജമീൽ, മുൻ ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റൈന്റൻ, മുൻ െസ്ലാവാക്യൻ പരിശീലകൻ സ്റ്റെഫാൻ ടർകോവിച് എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്. ഇവരിൽ നിന്നായിരിക്കും പരിശീലകനെ തെരഞ്ഞെടുക്കുന്നത്.
ചാവി ഉൾപ്പെടെ പ്രമുഖർ അപേക്ഷ സമർപ്പിച്ചുവെങ്കിലും സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന കോച്ചുമാർ വേണ്ടെന്ന തീരുമാനമായിരുന്നു ഫെഡറേഷന്. ലിവർപൂൾ ഇതിഹാസങ്ങളായ റോബി ഫൗളർ, ഹാരി കിവെൽ, മുൻ ബ്ലാക്ബേൺ റോവേഴ്സ് കോച്ച് സ്റ്റീവ് കീൻ ഉൾപ്പെടെ പട്ടികയിലുണ്ടായിരുന്നു. ചാവിയും അപേക്ഷ സമർപ്പിച്ചതായി ടെക്നികൽ കമ്മിറ്റി ഡയറക്ടർ സുബ്രതാപോൾ ദേശീയ ദിനപത്രത്തോട് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ സ്വന്തം മെയിൽ ഐഡിയിൽ നിന്നു തന്നെയാണ് അപേക്ഷ നൽകിയതെന്നും സുബ്രതാ പ്രതികരിച്ചു.
ദേശീയ ടീമിൽ നിന്നും ബാഴ്സലോണയിൽ നിന്നും പടിയിറങ്ങിയതിനു പിന്നാലെ ഖത്തർ സ്റ്റാർസ് ലീഗ് ക്ലബായ അൽ സദ്ദിൽ കളിച്ച ചാവി, കോച്ചിങ് കരിയറും ആരംഭിച്ചത് ഖത്തറിൽ നിന്നാണ്. തുടർന്ന്, 2021ൽ ബാഴ്സലോണയുടെ പരിശീലകനായി സ്ഥാനമേറ്റു. 1991ൽ തന്റെ 11ാം വയസ്സിൽ ബാഴ്സയിലെത്തിയ ചാവി, യൂത്ത് ടീമിലും, 1998മുതൽ സീനിയർ ടീമിലും കാറ്റലോണിയൻ ക്ലബിന്റെ ഭാഗമായി. ബാഴ്സയുടെ എല്ലാമായി തുടർന്ന കരിയറിൽ 505 മത്സരങ്ങളിലാണ് താരം ബൂട്ടുകെട്ടിയത്. 2010ൽ സ്പെയിൻ ലോകകിരീടമണിയുമ്പോൾ ടീമിനെ മധ്യനിരയുടെ നെടുംതൂണായും ചാവിയുണ്ടായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്രഥമ സീസൺ മുതൽ ടൂർണമെന്റ് ശ്രദ്ധിക്കുന്നതായി വിവിധ അഭിമുഖങ്ങളിൽ ചാവി വെളിപ്പെടുത്തിയിരുന്നു. നിരവധി സ്പാനിഷ് താരങ്ങളും കോച്ചുമാരും ഇന്ത്യയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.