ക്രിസ്റ്റ്യാനോ നേരിട്ട് വിളിച്ചിട്ടും രക്ഷയില്ല! സൗദി ക്ലബിന്‍റെ ഓഫർ നിരസിച്ച് സൂപ്പർതാരം; പ്രീമിയർ ലീഗിലേക്ക്

പുതിയ സീസണിൽ കിരീടം ലക്ഷ്യമിട്ട് ടീമിനെ പുതുക്കിപ്പണിയാനുള്ള ദൗത്യത്തിൽ പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും നേരിട്ട് കളത്തിലിറങ്ങിയിരിക്കുകയാണ്. ലോക ഫുട്ബാളിലെ മികച്ച താരങ്ങളെ ലക്ഷ്യമിട്ടാണ് അൽ നസ്ർ ട്രാൻസ്ഫർ വിപണയിൽ ഇറങ്ങി കളിക്കുന്നത്.

ക്ലബിന് പണം ഒരു പ്രശ്നമല്ലെങ്കിലും സൗദി പ്രോ ലീഗിലേക്ക് വരാനുള്ള താരങ്ങളുടെ താൽപര്യക്കുറവാണ് നസ്റിന്‍റെ പദ്ധതികൾക്ക് വിലങ്ങുതടിയാകുന്നത്. സീസണൊടുവിൽ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ക്രിസ്റ്റ്യാനോ അടുത്തിടെ നസ്റുമായി രണ്ടു വർഷത്തേക്ക് കരാർ പുതുക്കിയത്. ഇത്തവണയെങ്കിലും ടീമിന് ഒരു കിരീടം നേടിക്കൊടുക്കണമെന്ന അതിയായ ആഗ്രഹത്തിലാണ് താരം. ഇതിനിടെയാണ് താരം നേരിട്ട് ഫോണിൽ വിളിച്ചിട്ടും കൊളംബിയൻ യുവതാരം ജോൺ ഏരിയാസ് സൗദി ക്ലബിന്‍റെ ഓഫർ നിരസിച്ചെന്ന വാർത്ത പുറത്തുവരുന്നത്.

ബ്രസീൽ ക്ലബ് ഫ്ലുമിനൻസിന്‍റെ താരമായ ഏരിയാസ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് വൂൾവ്സുമായി ഏകദേശം ധാരണയിലെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഫിഫ ക്ലബ് ലോകകപ്പിലെ താരത്തിന്‍റെ പ്രകടനമാണ് കൊളംബിയൻ സ്ട്രൈക്കറെ ലോക ഫുട്ബാളിന്‍റെ ശ്രദ്ധയിലെത്തിക്കുന്നത്. ടീമിന്‍റെ മുന്നേറ്റനിര ശക്തിപ്പെടുത്താൻ ഏരിയാസിന്‍റെ സാന്നിധ്യം സഹായിക്കുമെന്ന കണക്കൂകൂട്ടലിലായിരുന്നു നസ്ർ. ക്രിസ്റ്റ്യാനോ തന്നെ നേരിട്ട് രംഗത്തിറങ്ങിയിട്ടും ഏരിയാസിന്‍റെ മനസ്സ് മാറ്റാനായില്ല.

താരം വൂൾവ്സുമായി വരുംദിവസങ്ങളിൽ കരാർ ഒപ്പിടും. വൂൾവ്സിനൊപ്പം ചേരുമെന്നും ക്ലബിന്‍റെ പദ്ധതികളിൽ താൻ സന്തുഷ്ടനാണെന്നും ഏരിയാസ് പ്രതികരിച്ചു. ‘ഇംഗ്ലണ്ടിൽ കരുത്തരായ നിരവധി മികച്ച ക്ലബുകളുണ്ടെന്നത് നിങ്ങൾക്ക് നിഷേധിക്കാനാവില്ല. വൂൾവ്സിലും എനിക്ക് ഒരുപാട് വിശ്വാസമുണ്ട്. ബ്രസീലിൽ നിന്നുള്ള ആൻഡ്രേയെക്കുറിച്ചോ ഫ്ലമംഗോക്കുവേണ്ടി കളിച്ച ജാവോ ഗോമസിനെക്കുറിച്ചോ നിങ്ങളോട് പറയേണ്ട കാര്യമില്ല. അവരെല്ലാം മികച്ച താരങ്ങളാണ്. ബ്രസീലിയൻ ഫുട്ബാളിൽ നിന്ന് അറിയപ്പെടുന്ന നിരവധി തെക്കേ അമേരിക്കക്കാരെ നിങ്ങൾക്ക് അവിടെ കാണാനാകും’ -ഏരിയാസ് പറഞ്ഞു.

നിലവിൽ അൽ നസ്റിന്‍റെ കൊളംബിയൻ മുന്നേറ്റതാരം ജോൺ ഡുറാൻ വായ്പാടിസ്ഥാനത്തിൽ തുർക്കി ക്ലബ് ഫെനെർബാഷെക്കുവേണ്ടിയാണ് കളിക്കുന്നത്. അതുകൊണ്ടു ടീമിന് മുന്നേറ്റനിര ശക്തിപ്പെടുത്തേണ്ടതുണ്ട്. പുതിയ പരിശീലകൻ ജോർജ് ജീസസ് ചുമതലയേറ്റതിനുശേഷം അയ്മെറിക് ലപോർട്ടെ, ഒറ്റാവിയ എന്നിവർക്ക് പ്രീ സീസൺ സ്ക്വാഡിൽ ഇടം ലഭിച്ചിട്ടില്ല.

പ്രോ ലീഗില്‍ കഴിഞ്ഞ സീസണിൽ അല്‍ ഇത്തിഹാദിനും അല്‍ ഹിലാലിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് നസ്ർ ഫിനിഷ് ചെയ്തത്. എന്നാൽ, തുടർച്ചയായി രണ്ടാം തവണയും ലീഗിലെ ടോപ് സ്കോറർ ക്രിസ്റ്റ്യാനോയാണ്. മൂന്നു സീസണുകളിലായി അൽ നസറിനൊപ്പം വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിൽ 111 മത്സരങ്ങളില്‍നിന്നായി 99 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. താരത്തിന്‍റെ കരിയറിലെ ആകെ ഗോളുകൾ 936 ആയി. അടുത്തിടെ യുവേഫ നേഷൻസ് ലീഗിൽ പോർചുഗലിന് കിരീടം നേടികൊടുത്തിരുന്നു.

Tags:    
News Summary - Colombia international rejects Al-Nassr despite phone call from Cristiano Ronaldo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.