ഒമാൻ ദേശീയ ഫുട്‌ബാൾ ടീമിന്റെ കോച്ചായി കാർലോസ് ക്വിറോസ് ചുമതലയേൽക്കുന്നു

ഫുട്‌ബാൾ ടീമിനെ നയിക്കാൻ കഴിയുന്നത് അഭിമാനം, വെല്ലുവിളികളെ മറികടക്കും -ഒമാൻ കോച്ച്

മസ്കത്ത്: ഒമാന്റെ ദേശീയ ഫുട്‌ബാൾ ടീമിനെ നയിക്കാൻ കഴിയുന്നതിൽ അഭിമാനമു​ണ്ടെന്ന് പുതുതായി നിയമിതനായ മുഖ്യ പരിശീലകൻ കാർലോസ് ക്വിറോസ് പറഞ്ഞു. സീബ് സ്റ്റേഡിയത്തിലെ ഒമാൻ ഫുട്ബാൾ അസോസയേന്റെ (ഒ.എഫ്‌.എ) ആസ്ഥാനത്ത് ഈ ആഴ്ച നടന്ന ഔദ്യോഗിക ഒപ്പിടൽ ചടങ്ങിനും ശേഷം (ഒ.എഫ്‌.എ) സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവിധ ചാനലുകളിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

തന്റെ അഭിലാഷങ്ങൾ, തന്ത്രപരമായ സമീപനം, ഒമാൻ ആരാധകർക്കും ഉള്ള സന്ദേശം എന്നിവയെക്കുറിച്ച് അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്. ഇത്തരമൊരു ചുമതല വലിയ ബഹുമതിയായി കാണുന്നു. ഇത് ഒരു വലിയ വെല്ലുവിളിയാണെന്നും അത് എളുപ്പമുള്ള കാര്യമല്ലെന്നും ഞാൻ മനസ്സിലാക്കുന്നു. എന്നിരുന്നാലും, നമ്മുടെ ജോലിയിലൂടെയും വ്യക്തമായ പ്രതിബദ്ധതയിലൂടെയും ഇത് മറിക്കടക്കാനാവുമെന്നും അദേഹം പറഞ്ഞു.


ലോകകപ്പ് യോഗ്യത റൗണ്ടിലേക്കുള്ള തന്റെ പദ്ധതികളെ കുറിച്ചും കോച്ച് വിശദീകരിച്ചു. ടീമിനെ അവലോകനം ചെയ്തു, കളിക്കാരെ വിലയിരുത്തി, എതിരാളികളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ശേഖരിച്ച് ഞങ്ങളുടെ ടീമിനായി മികച്ച തയ്യാറെടുപ്പ് പദ്ധതി തയാറാക്കുന്നതിലൂടെ നിലവിലെ സാഹചര്യം സമഗ്രമായി പഠിക്കുക എന്നതാണ് എന്റെ പദ്ധതി. അതിനുപുറമെ, സ്മാർട്ട് പ്ലാനിങ്, വ്യക്തമായ ലക്ഷ്യങ്ങൾ, ടീം അച്ചടക്കം തുടങ്ങിയവയും സാങ്കേതിക തന്ത്രത്തിന്റെ കാതലാണെന്ന് ​കോച്ച് പറഞ്ഞു. ടീമിന്റെ യാത്രയിൽ സജീവ ശക്തിയായി മാറാൻ ആരാധകരോട് ആവശ്യപ്പെട്ട കോച്ച് ടീമിന്റെ 12ാമത് കളിക്കാരൻ നിങ്ങളണെന്നും പറഞ്ഞു.

ഒമാൻ ദേശീയ ഫുട്ബാൾ ടീമിന്റെ പുതിയ കോച്ചായി പോർച്ചുഗീസുകാരനായ കാർലോസ് ക്വിറോസിനെ ദിവസങ്ങൾക്ക് മുമ്പാണ് നിയമിച്ചു. ആഗോളതലത്തിലെ പതിറ്റാണ്ട​ുകളുടെ പ്രവർത്തന പരിചയവുമായാണ് ക്വിറോസ് ഒമാൻ ടീമിന് തന്ത്രം മെനയാൻ എത്തുന്നത്. പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, ഇറാൻ, കൊളംബിയ എന്നിവയുൾപ്പെടെയുള്ള ദേശീയ ടീമുകളുടെ മുഖ്യ പരിശീലകനായി സേവനമനുഷ്ഠിച്ചു. ഇറാനു വേണ്ടി ഏറ്റവും കൂടുതൽ കാലം പ്രവർത്തിക്കുകയും അവരെ തുടർച്ചയായി രണ്ട് ഫിഫ ലോകകപ്പുകളിലേക്ക് എത്തിക്കുകയും ചെയ്തു. 2014,2018 കാലങ്ങളിലാണ് ഇറാൻ ഇദേഹത്തിന്റെ കീഴിൽ ലോകകപ്പ് യോഗ്യത​ നേടിയത്.

ക്ലബ് തലത്തിൽ റയൽ മാഡ്രിഡിന്റെ മുഖ്യ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ മാഞ്ചസ്റ്റർ യുനൈറ്റഡിൽ അസിസ്റ്റന്റ് പരിശീലകനായി സാക്ഷാൽ സർ അലക്സ് ഫെർഗൂസണുമായി അടുത്ത് പ്രവർത്തിക്കുകയും ചെയ്തു. ക്ലബ്ബിന്റെ ഏറ്റവും വിജയകരമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ഫെർഗൂസണുമായുള്ള അദേഹത്തിന്റെ പങ്കാളിത്തം. ദേശീയ ടീമിന്റെ പ്രകടത്തെ ഉയർത്താനുള്ള ധീരമായ നീക്കമായാണ് ക്വിറോസിനെ കോച്ചായി വെക്കാനുള്ള ഒമാൻ ഫുട്ബോൾ അസോസിയേഷന്റെ തീരുമാനത്തെ ഫുട്ബാൾ പ്രേമികൾ കാണുന്നത്. ലോകകപ്പ് യോഗ്യതയടക്കമുള്ള വമ്പൻ മത്സരങ്ങളാണ് ഇനി റെഡ് വാരിയേഴ്സിന് മുന്നിലുള്ളത്.

Tags:    
News Summary - It is an honor to be able to lead the team, we will overcome challenges - Oman coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.