ബേൺമൗത്തിനെതിരായ മത്സരത്തിനിടെ ലിവർപൂൾ താരം സലാഹ്
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജയിച്ച് തുടങ്ങി ലിവർപൂൾ. അവസാനമിനിറ്റ് വരെ ആവേശം നീണ്ടുനിന്ന ബേൺമൗത്തിനെതിരായ മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ലിവർപൂളിന്റെ ജയം. മത്സരം തുടങ്ങി ആദ്യപകുതിയിൽ തന്നെ ലിവർപൂൾ വലകുലുക്കിയിരുന്നു. 37ാം മിനിറ്റിൽ ഹ്യൂഗോ എകിറ്റികെയാണ് ടീമിനായി ഗോൾ നേടി.
രണ്ടാം പകുതിയിൽ ലീഡ് രണ്ടാക്കി ഉയർത്തിയ ലിവർപൂൾ അനായാസജയം നേടുമെന്ന് തോന്നിച്ചു. കോഡി ഗാക്പോയാണ് ലിവർപൂളിന് രണ്ടാം ഗോൾ സമ്മാനിച്ചത്. എന്നാൽ, രണ്ട് ഗോളുകൾ തിരിച്ചടിച്ച് ബേൺമൗത്ത് ലിവർപൂളിന്റെ വിജയപ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തി. അന്റോയിൻ സെമെന്യോയുടെ ഇരട്ട ഗോളുകളാണ് ബേൺമൗത്തിന്റെ രക്ഷക്കെത്തിയത്.
കളിസമനിലയിലേക്കാണെന്ന തോന്നലുയർന്നുവെങ്കിൽ ഫെഡറിക്കോ കിയേസ ലിവർപൂളിനായി വിജയഗോൾ നേടി. 88ാം മിനിറ്റിലായിരുന്നു കിയേസയുടെ ഗോൾ. അവസാന നിമിഷം സലായുടെ ഗോൾ കൂടി വന്നതോടെ ലിവർപൂൾ പട്ടിക പൂർത്തിയാക്കി. എകിട്ടിക്കെ - ഗാക്പോ- സലാഹ് എന്നിവർ തങ്ങൾ നേടിയ ഗോളുകൾ വാഹനാപകടത്തിൽ മരിച്ച ലിവർപൂൾ താരം ജോട്ടക്ക് സമർപ്പിച്ചു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങളിൽ ആസ്റ്റൺ വില്ല ന്യൂകാസിലിനേയും ബ്രൈറ്റൺ ഫുൾഹാമിനേയും നേരിടും. സണ്ടർലാൻഡും വെസ്റ്റ്ഹാമും തമ്മിലാണ് മറ്റൊരു മത്സരം. ടോട്ടനം ബേൺലിയേയും വൂൾഫ്സ് മാഞ്ചസ്റ്റർ സിറ്റിയേയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.