ന്യൂയോർക്ക്: പരിക്കിൽനിന്ന് മുക്തനായി കളത്തിലിറങ്ങിയ സൂപ്പർതാരം ലയണൽ മെസ്സിയുടെ മാജിക് പ്രകടനത്തിൽ ഇന്‍റർ മയാമിക്ക് തകർപ്പൻ ജയം. മേജർ ലീഗ് സോക്കറിൽ ലോസ് ആഞ്ജലസ് ഗാലക്സിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മയാമി തകർത്തത്.
മെസ്സി ഗോളടിക്കുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. പേശിക്കേറ്റ പരിക്കിനെ തുടർന്ന് കഴിഞ്ഞ മത്സരങ്ങളിൽ മെസ്സി കളിച്ചിരുന്നില്ല. ആഗസ്റ്റ് രണ്ടിന് നടന്ന ലീഗ്സ് കപ്പ് മത്സരത്തിനിടെയാണ് താരത്തിന് പരിക്കേൽക്കുന്നത്. രണ്ടാം പകുതിയിൽ 46ാം മിനിറ്റിൽ പകരക്കാരന്‍റെ റോളിലാണ് മെസ്സി കളത്തിലെത്തിയത്. ഈസമയം മയാമി ഒരു ഗോളിന് മുന്നിലായിരുന്നു. 43ാം മിനിറ്റിൽ ജോഡി ആൽബയാണ് വലകുലുക്കിയത്. സെർജിയോ ബുസ്ക്വറ്റ്സാണ് ഗോളിന് വഴിയൊരുക്കിയത്. 59ാം മിനിറ്റിൽ ജോസഫ് പെയിന്‍റ്സിലൂടെ ഗാലസ്കി മത്സരത്തിൽ ഒപ്പമെത്തി. നിശ്ചിത സമയം അവസാനിക്കാൻ ആറു മിനിറ്റ് ബാക്കി നിൽക്കെയാണ് മെസ്സി വലകുലുക്കുന്നത്.
പതിവ് ശൈലിയിൽ എതിർ താരങ്ങളെ ഡ്രിബ്ൾ ചെയ്ത് ബോക്സിനു മുന്നിലേക്ക് കുതിച്ചെത്തിയ മെസ്സിയുടെ ഇടങ്കാൽ ഷോട്ട് ഗോളിയെയും കീഴ്പ്പെടുത്തി വലയിൽ. മയാമി ഒരു ഗോളിന് മുന്നിൽ. ഡീ പോളാണ് അസിസ്റ്റ് നൽകിയത്. സീസണിൽ അർജന്‍റൈൻ താരത്തിന്‍റെ 19ാം ഗോളാണിത്. 89ാം മിനിറ്റിൽ യുറുഗ്വായ് താരം ലൂയിസ് സുവാരസ് മയാമിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. മെസ്സി നൽകിയ ഒരു ബാക്ക് ഹീൽ പാസ്സിൽനിന്നാണ് സുവാരസ് ലക്ഷ്യംകണ്ടത്. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ 3-1ന് മയാമി മത്സരം കൈപിടിയിലൊതുക്കി.
എം.എല്‍.എസ് ഈസ്റ്റേൺ കോണ്‍ഫറന്‍സില്‍ നിലവില്‍ അഞ്ചാമതാണ് മയാമി. 24 മത്സരങ്ങളില്‍നിന്ന് 13 ജയവും ആറ് സമനിലയും അഞ്ച് തോല്‍വിയുമടക്കം 45 പോയന്റാണ് ടീമിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.