കൊൽക്കത്ത: അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇന്ത്യ സന്ദർശനത്തിന് അംഗീകാരം. ഡിസംബർ 12ന് മെസ്സി ഇന്ത്യയിലെത്തും. പ്രൊമോട്ടർ സാതാദ്രു ദത്തയാണ് ഇക്കാര്യം അറിയിച്ചത്. കൊൽക്കത്തയെ കൂടാതെ അഹമ്മദാബാദ്, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലും മെസ്സി സന്ദർശനം നടത്തും. ഡിസംബർ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മെസ്സി കൂടിക്കാഴ്ച നടത്തും.
ഡിസംബർ 12ന് രാത്രി 10 മണിയോടെയാണ് കൊൽക്കത്തയിൽ താരം ഇറങ്ങുക. ഇവിടെ രണ്ടു നാൾ തങ്ങിയ ശേഷമാകും മറ്റിടങ്ങളിലെ പരിപാടികൾ. കൊൽക്കത്തയിൽ രാവിലെ ഒമ്പതിന് ആദ്യം ‘മീറ്റ് ആന്റ് ഗ്രീറ്റ്’ പരിപാടി. അതുകഴിഞ്ഞ് വി.ഐ.പി റോഡിൽ തന്റെ തന്നെ 70 അടി പ്രതിമ അനാച്ഛാദനം. ലോകത്തെവിടെയുമായി ഉയർത്തുന്ന താരത്തിന്റെ ഏറ്റവും ഉയർന്ന പ്രതിമയാകും ഇതെന്ന് സംഘാടകർ പറയുന്നു. അതുകഴിഞ്ഞ് ഉച്ചയോടെ ‘ഗോട്ട് കൺസേർട്ട്’, ‘ഗോട്ട് കപ്പ്’ എന്നിവക്കായി ഈഡൻ ഗാർഡൻസിൽ. ഉച്ച 12നും 1.30നുമായിട്ടാകും പരിപാടികൾ. ഇവിടെ സെവൻസ് ഫുട്ബാളിൽ താരം പന്തുതട്ടും. സൗരവ് ഗാംഗുലി, ലിയാണ്ടർ പെയസ്, ജോൺ അബ്രഹാം, ബൈച്ചുങ് ഭൂട്ടിയ എന്നിവരടങ്ങിയ താരനിര സഹതാരങ്ങളായിറങ്ങും. എല്ലാ പരിപാടികളിലും 3,500 രൂപയിൽ കുറയാത്ത നിരക്കുള്ള ടിക്കറ്റ് വെച്ചാകും പ്രവേശനം. 68,000 ആണ് ഈഡൻ ഗാർഡൻസിൽ പരമാവധി ഗാലറി സീറ്റുകൾ. ഇവിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആദരിക്കൽ ചടങ്ങിൽ എത്തും.
ഡിസംബർ 13ന് അഹ്മദാബാദിലെത്തുന്ന മെസ്സി അവിടെ അദാനി ഫൗണ്ടേഷൻ ആസ്ഥാനമായ ശാന്തിഗ്രാമിൽ ഒരുക്കുന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുക്കും. ഡിസംബർ 14ന് മുംബൈയിൽ പരിപാടികൾ. വാംഖഡെ മൈതാനത്ത് ‘ഗോട്ട് കൺസേർട്ട്’, ‘ഗോട്ട് കപ്പ്’ നടക്കും. 5.30നാണ് പരിപാടി.
ഡിസംബർ 15ന് ഡൽഹിയിലെത്തുന്ന താരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കാണും. അവിടെ ഉച്ച 2.15ന് ഫിറോസ് ഷാ കോട്‍ലയിലാകും ‘ഗോട്ട് കൺസേർട്ട്’, ‘ഗോട്ട് കപ്പ്’. മെസ്സിയെത്തുമ്പോൾ കൂടെ വൻതാരനിരയുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.