‘കുഞ്ഞുങ്ങളെ കൊല്ലുന്നത് നിർത്തുക’; സൂപ്പർ കപ്പ് കിക്കോഫ് വേളയിൽ യുവേഫയുടെ ഗസ്സ ഐക്യദാർഢ്യ ബാനർ

ഉഡിൻ: സൂപ്പർ കപ്പ് കിക്കോഫിനായി പി.എസ്.ജിയുടെയും ടോട്ടൻഹാം ഹോട്സ്പറിന്റെയും താരങ്ങൾ അണിനിരന്നപ്പോൾ മൈതാനത്ത് യുവേഫ പ്രദർശിപ്പിച്ച കൂറ്റൻ ബാനറിന് കൈയടിച്ച് ലോകം. ‘‘കുഞ്ഞുങ്ങളെ കൊല്ലുന്നത് നിർത്തുക, സാധാരണക്കാരെ കൊല്ലുന്നത് നിർത്തുക’’ എന്നായിരുന്നു ഇതിലെ ഉള്ളടക്കം.

ഫലസ്തീനികൾക്കുമേൽ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന നരനായാട്ടിനെതിരാണ് യൂറോപ്യൻ ഫുട്ബാൾ അസോസിയേഷനെന്ന വ്യക്തമായ സന്ദേശം നൽകുകയായിരുന്നു ലക്ഷ്യം. സ്റ്റേഡിയത്തിനകത്തും പരിസരത്തും മൈതാനത്തും രാഷ്ട്രീയപരമോ മതപരമോ പ്രത്യ‍യശാസ്ത്രപരമോ ആയ ഒന്നും പ്രദർശിപ്പിക്കരുതെന്ന സ്വന്തം ചട്ടം ലംഘിച്ചായിരുന്നു യുവേഫയുടെ ഐക്യദാർഢ്യം. മാത്രമല്ല, സമ്മാനദാനച്ചടങ്ങിൽ ഗസ്സയിലെ രണ്ട് കുട്ടികളെയും പങ്കെടുപ്പിച്ചു.

ഒമ്പത് വയസ്സുകാരൻ മുഹമ്മദും 12കാരി തലായും യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിനൊപ്പം മെഡൽദാന വേളയിൽ അണിനിരന്നു. ‘‘യുദ്ധം ആരംഭിച്ചതിനുശേഷം ഗസ്സയിൽ സൗകര്യമില്ലാത്തതിനാൽ ഉചിതമായ വൈദ്യസഹായം ലഭിക്കുന്നതിനായി മിലാനിലേക്ക് മാറ്റിയ ദുർബല ആരോഗ്യമുള്ള ഫലസ്തീൻ പെൺകുട്ടി’’ എന്നാണ് യുവേഫ തലായെ വിശേഷിപ്പിച്ചത്. അധിനിവേശത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട മുഹമ്മദിന് വ്യോമാക്രമണത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റു. ചികിത്സ ലഭിക്കുന്നതിനായി മുഹമ്മദും മുത്തശ്ശിയും ഗസ്സയിൽനിന്ന് മിലാനിലേക്ക് വന്നതാണെന്നും യുവേഫ വ്യക്തമാക്കി. ഫലസ്തീൻ, അഫ്ഗാനിസ്താൻ, ഇറാഖ്, നൈജീരിയ, യുക്രെയ്ൻ എന്നിവിടങ്ങളിലെ സംഘർഷ മേഖലകളിൽനിന്നുള്ള ഒമ്പത് കുട്ടികൾ മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തു.

‘ഫലസ്തീന്‍ പെലെ’ എന്നറിയപ്പെടുന്ന ഫുട്‌ബാള്‍ താരം സുലൈമാന്‍ അല്‍ ഉബൈദിനെ ഈയിടെ ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു. സുലൈമാന് ആദരാഞ്ജലി അർപ്പിക്കുന്ന യുവേഫയുടെ പോസ്റ്റിനോട് ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലാഹ് ശക്തമായാണ് പ്രതികരിച്ചത്. ‘‘എവിടെ വെച്ച്, എങ്ങനെ മരിച്ചുവെന്ന് വ്യക്തമാക്കാമോ’’ എന്നായിരുന്നു പോസ്റ്റ് പങ്കുവെച്ച് സലാഹിന്റെ ചോദ്യം. ഇതിന് പിന്നാലെയാണ് മൈതാനത്തുവെച്ചുതന്നെ ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുവേഫ രംഗത്തെത്തിയത്.

Tags:    
News Summary - Stop Killing Children' banner displayed by Uefa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.