ലണ്ടൻ: ഫിഫ ക്ലബ് ലോകകപ്പ് സമ്മാനത്തുകയുടെ ഒരുഭാഗം അകാലത്തിൽ പൊലിഞ്ഞ പോർചുഗീസ് ഫുട്ബാൾ താരം ഡിയോഗോ ജോട്ടയുടെയും സഹോദരൻ ആന്ദ്രെ സിൽവയുടെയും കുടുംബത്തിന് നൽകാനൊരുങ്ങി ചെൽസി താരങ്ങൾ. ജൂലൈ മൂന്നിനുണ്ടായ കാറപകടത്തിലാണ് ജോട്ടയും സഹോദരനും മരിച്ചത്.
വടക്കുപടിഞ്ഞാറൻ സ്പെയിനിലെ സമോറ നഗരത്തിൽ ഇരുവരും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. താരങ്ങൾക്ക് ലഭിക്കുന്ന ബോണസ് തുകയുടെ ഒരുഭാഗമാണ് കുടുംബത്തിന് നൽകുന്നത്. ക്ലബ് അധികൃതരും താരങ്ങളും സംയുക്തമായാണ് തീരുമാനം പ്രഖ്യാപിച്ചത്. എന്നാൽ, കൃത്യമായ തുക വെളിപ്പെടുത്തിയിട്ടില്ല. ക്ലബ് ലോകകപ്പ് ഫൈനലിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയെ പരാജയപ്പെടുത്തിയ ചെൽസിക്ക് 114.6 മില്യൺ ഡോളറാണ് സമ്മാനത്തുകയായി ഫിഫ നൽകിയത്. താരങ്ങൾക്ക് 15.5 മില്യൺ ഡോളറാണ് (130 കോടി രൂപ) ബോണസായി ലഭിക്കുക. ഇതിൽ ഒരുഭാഗം ജോട്ടക്കും കുടുംബത്തിനും നൽകാനാണ് താരങ്ങൾ തീരുമാനിച്ചിരിക്കുന്നത്.
പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളിന്റെ വിങ്ങറായിരുന്നു ജോട്ട. ആദരസൂചകമായി നാളെ ആരംഭിക്കുന്ന പ്രിമിയർ ലീഗിലെ ആദ്യറൗണ്ട് മത്സരങ്ങൾക്കു മുമ്പ് ടീമുകൾ ഒരു നിമിഷം മൗനം ആചരിക്കും. താരങ്ങൾ കറുത്ത ആം ബാൻഡ് അണിഞ്ഞാകും മത്സരങ്ങൾക്ക് ഇറങ്ങുക. ലിവർപൂളിന്റെ ആൻഫീൽഡ് സ്റ്റേഡിയത്തിനു പുറത്തായി ജോട്ടക്കും സഹോദരനും അനുശോചനമർപ്പിക്കാൻ നിരവധി ആരാധകരാണെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.