ഉഡിൻ (ഇറ്റലി): 2025ലെ അഞ്ചാം കിരീടത്തിൽ മുത്തമിട്ട് പാരിസ് സെന്റ് ജെർമെയ്ൻ. ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ചാമ്പ്യന്മാരും ഏറ്റുമുട്ടാറുള്ള യുവേഫ സൂപ്പർ കപ്പിൽ ടോട്ടൻഹാം ഹോട്സ്പറിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചാണ് ട്രോഫി ഫ്രാൻസിലേക്ക് കൊണ്ടുപോയത്. നിശ്ചിത സമയം 2-2ൽ അവസാനിച്ച കളിയുടെ ടൈബ്രേക്കറിൽ 4-3നായിരുന്നു പി.എസ്.ജിയുടെ ജയം. ആദ്യ 50 മിനിറ്റിനിടെ രണ്ട് ഗോളിന് പിറകിലായ ഇവർ മത്സരം അന്ത്യത്തോടടുക്കവെയാണ് രണ്ടെണ്ണം മടക്കി സമനില പിടിച്ചത്.
ക്രോസ് ബാറിന് കീഴിൽ ജിയാൻലൂയിജി ഡോണറുമ്മയെ മാറ്റി പരീക്ഷിച്ച അരങ്ങേറ്റക്കാരൻ ലൂകാസ് ഷെവലിയർ 39ാം മിനിറ്റിൽ ഗോൾ വഴങ്ങി. വാൻ ഡെ വെൻ ആണ് ടോട്ടൻഹാമിന് ലീഡ് നേടിക്കൊടുത്തത്. രണ്ടാം പകുതി തുടങ്ങി 48ാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേറോയും സ്കോർ ചെയ്തു. ടോട്ടൻഹാം വിജയമുറപ്പിച്ച ആത്മവിശ്വാസത്തിൽ കളിക്കവെ 85ാം മിനിറ്റിൽ ലീ കാങ് ഇനിലൂടെ ആദ്യ അടി. ഇൻജുറി ടൈമിൽ ഗോൺസാലോ റാമോസും (90+4) ഗോൾ നേടിയതോടെ 2-2.
ഷൂട്ടൗട്ടിൽ പി.എസ്.ജിയുടെ വിറ്റിഞ്ഞ ആദ്യ കിക്ക് പാഴാക്കി. വാൻ ഡി വെനിന്റെ കിക്ക് രക്ഷപ്പെടുത്തി ഷെവലിയർ പ്രായശ്ചിത്തം ചെയ്തു. ടോട്ടൻഹാമിന്റെ മാതിസ് ടെല്ലിനും പിഴച്ചു. പി.എസ്.ജിക്കായി റാമോസ്, ഉസ്മാൻ ഡെംബെലെ, ലീ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ നുനോ മെൻഡസ് വിജയഗോൾ നേടി. ടോട്ടൻഹാമിനുവേണ്ടി ഡൊമിനിക് സോളാങ്കെ, റോഡ്രിഗോ ബെന്റൻകൂർ, പെഡ്രോ പോറോ എന്നിവരും ഗോളടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.